വരുമാന സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ ആളില്ല..! സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നിരവധി പേര്‍
മഞ്ചേരി: വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളെ വലയ്ക്കുന്നു. പെന്‍ഷന്‍ വാങ്ങുന്നവര്‍ തദ്ദേശ സ്ഥാപനത്തില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തിയതി ഇന്ന് അവസാനിക്കും. നിരവധിയാളുകള്‍ക്കാണ് ഇപ്പോഴും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ മാര്‍ച്ച് മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കില്ല. പലയിടങ്ങളിലും വില്ലേജ് ഓഫീസര്‍മാരില്ല.
സമീപ വില്ലേജുകളിലെ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കുകയാണ് ചെയ്യുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് യഥാസമയം സേവനം ലഭ്യമാക്കുന്നതിന് തടസമാവുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് പുതുതായി ചുമതലയേറ്റ വില്ലേജ് ഓഫീസര്‍മാര്‍ക്ക് റവന്യൂ വകുപ്പിന്റെ സോഫ്റ്റ് വെയര്‍ ലോഗിന്‍ ചെയ്യാനും സാധിക്കുന്നില്ല. പല വില്ലേജ് ഓഫീസുകളിലെയും ജീവനക്കാരെ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സര്‍വേ നടപടികള്‍ ഉള്‍പ്പടെയുള്ള ജോലിയിലേക്ക് മാറ്റിയതും സേവനങ്ങള്‍ തടയപ്പെടാന്‍ ഇടയാക്കി. 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളാണ് ഇന്ന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്.
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, വൈകല്യ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പെന്‍ഷന് അര്‍ഹതയുള്ള ഇത്തരക്കാര്‍ വില്ലേജ് ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാതിരുന്നാല്‍ അനര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെടും. പെന്‍ഷന്‍ അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഇന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. ഇത്തരക്കാര്‍ക്ക് അടുത്ത മാസം മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ല. പിന്നീട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം പെന്‍ഷന്‍ പുന:സ്ഥാപിച്ചു നല്‍കും.
എന്നാല്‍ തടയപ്പെട്ട കാലത്തെ പെന്‍ഷന്‍ കൂടിശ്ശിക ഗുണഭോക്താവിന് ലഭിക്കില്ല. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കടുപ്പിച്ചതോടെ ദുരിതത്തിലായവര്‍ക്ക് വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങള്‍ കൂടി യഥാസമയം ലഭ്യമാകാതിരുന്നാല്‍ പ്രയാസം ഇരട്ടിയാകും. പെന്‍ഷന് അര്‍ഹതയുണ്ടാകാന്‍ ആവശ്യമായ വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. അതില്‍ കൂടുതല്‍ വരുമാനമുള്ളവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കും. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."