സഊദിയിൽ വിദേശികൾക്ക് സ്വന്തമായി റീ എൻട്രി അടിക്കാവുന്ന സംവിധാനം അബ്ഷിറിൽ നിലവിൽ വന്നു
റിയാദ്: സഊദിയിൽ വിദേശികൾക്ക് സ്വന്തമായി റീ എൻട്രി സ്വന്തമാക്കാവുന്ന സംവിധാനം അബ്ഷിറിൽ നിലവിൽ വന്നു. പരിഷ്കരിച്ച തൊഴിൽ സംവിധാനത്തിന്റെ ഭാഗമായുള്ള തൊഴിലാളിയുടെ എക്‌സിറ്റ് റീ എൻട്രി സ്വന്തമായി കരസ്ഥമാക്കുന്ന സംവിധാനമാണ് അബ്ഷിറിൽ നിലവിൽ വന്നത്. ഇതോടെ, വിദേശ തൊഴിലാളികൾക്ക് ഇനി സ്വന്തമായി റീ എൻട്രി കരസ്ഥമാക്കി സഊദിക്ക് പുറത്തേക്ക് പോകാം. അബ്ഷിറിലെ സ്വന്തം അകൗണ്ടിൽ നിന്ന് ഇ-സർവ്വീസിൽ പാസ്പോർട്ട്- വിസ സർവ്വീസിലാണ് ഇത് സ്വന്തമാക്കാൻ സ്വാധിക്കുക. ഏതാനും നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ.
തൊഴിലുടമയ്ക്കും തൊഴിലാളിക്കും അബ്ഷിർ, ഇസ്തിഖ്ദാമ് അകൗണ്ടുകൾ നിർബന്ധമാണ്. തൊഴിലാളിയുടെ പേരിൽ ട്രാഫിക് ഫൈനുകൾ ഉണ്ടാകരുത്. കാലാവധിയുള്ള എക്സിറ്റ് റീ എൻട്രി വിസ നിലവിൽ ഉണ്ടായിരിക്കരുത്. റീ എൻട്രി വിസ ഇഷ്യു ചെയ്യുന്ന വേളയിൽ തൊഴിലാളി രാജ്യത്ത് ഉണ്ടായിരിക്കണം. വിസ ഫീസ് അടക്കണം, നിബന്ധനകൾ അംഗീകരിക്കണം എന്നിവയാണ് എക്‌സിറ്റ് റീ എൻട്രി സ്വന്തമായി കരസ്ഥമാക്കാനുള്ള മറ്റു നിബന്ധനകൾ. എന്നാൽ ഫൈനൽ എക്‌സിറ്റ് കരസ്ഥമാക്കാൻ മുകളിൽ സൂചിപ്പിച്ച നിബന്ധനകൾക്ക് പുറമെ സ്വന്തം പേരിൽ വാഹനം ഉണ്ടാകരുതെന്ന നിബന്ധന കൂടി പാലിക്കണം.
അബ്ഷിറിൽ റിക്വസ്റ്റ് നൽകിയാൽ ഇത് അംഗീകരിക്കുന്നതിനോ നിരസിക്കുന്നതിനോ തൊഴിലുടമയ്ക്ക് 10 ദിവസത്തെ കാലയളവ് ഉണ്ടായിരിക്കും.
തൊഴിലുടമ വിസ അംഗീകരിക്കുകയാണെങ്കിൽ, എക്സിറ്റ് റീ-എൻട്രി വിസ അഞ്ച് ദിവസത്തിനുള്ളിൽ ജീവനക്കാരന് സ്വന്തമാക്കാം. എന്നാൽ, തൊഴിലുടമ വിസ നിരസിക്കുകയാണെങ്കിൽ, പ്രാഥമിക അഭ്യർത്ഥന മുതൽ 10 ദിവസത്തിനുള്ളിൽ തൊഴിൽ മന്ത്രാലയം എതിർപ്പ് അവലോകനം ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യും. 10 ദിവസത്തിനുള്ളിൽ തൊഴിലുടമ പ്രതികരിക്കുന്നില്ലെങ്കിൽ, അഭ്യർത്ഥന സ്വീകരിച്ചതായി കണക്കാക്കും. ഇതോടെ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ തൊഴിലാളിക്ക് റീ എൻട്രി സ്വന്തമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."