യാത്രാനിരക്ക് കൂട്ടാൻ മന്ത്രിസഭാ അനുമതി മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം
സംസ്ഥാനത്തെ സ്റ്റേറ്റ് ക്യാരിയേജുകൾ, ഓട്ടോറിക്ഷ, ക്വാഡ്രിസൈക്കിൾ, ടാക്‌സി എന്നിവയുടെ നിരക്കുകൾ വർധിപ്പിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി.
പുതുക്കിയ നിരക്കുകൾ മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. സിറ്റി, ടൗൺ, സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ ഉൾപ്പെടെയുള്ള ഓർഡിനറി, മൊഫ്യൂസിൽ സർവിസുകളുടെ മിനിമം നിരക്ക് എട്ടുരൂപയിൽനിന്നും 10 രൂപയായി വർധിപ്പിച്ചു.
തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ അധികം നൽകണം. നേരത്തേ 90 പൈസയായിരുന്നു.
എക്‌സ്പ്രസ്, സൂപ്പർ എക്‌സ്പ്രസ്, സൂപ്പർ എയർ എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ്, സെമീ സ്ലീപ്പർ സർവിസുകൾ, ലക്ഷ്വറി, ഹൈടെക് ആൻഡ് എയർകണ്ടീഷൻ സർവിസുകൾ, സിങ്കിൾ ആക്‌സിൽ സർവിസുകൾ, മൾട്ടി ആക്‌സിൽ സർവിസുകൾ, ലോ ഫ്‌ളോർ എയർകണ്ടീഷൻ സർവിസുകൾ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.
ലോ ഫ്‌ളോർ നോൺ എയർകണ്ടീഷൻ സർവിസുകളുടെ നിലവിലെ നിരക്കായ 13 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. എ.സി സ്ലീപ്പർ സർവിസുകൾക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു.
ഒരു മാസത്തേക്കോ ഒന്നിലധികം മാസങ്ങളിലേക്കോ സ്ഥിരം യാത്രക്കാർക്ക് പൊതുനിരക്കിന്റെ 30 ശതമാനം വരെ ഇളവു നൽകിക്കൊണ്ട് സീസൺ ടിക്കറ്റുകൾ അനുവദിക്കാനുള്ള അധികാരം കെ.എസ്.ആർ.ടി.സിക്ക് നൽകി. അതേസമയം, വിദ്യാർഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച വിഷയം പഠിക്കുന്നതിനായി ഒരു കമ്മിഷനെ നിയോഗിക്കാനും തീരുമാനിച്ചു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽ.ഡി.എഫ് യോഗം നിരക്ക് വർധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റർ അടക്കമുള്ള ആഘോഷങ്ങൾ കഴിയാൻ കാത്തിരിക്കുകയായിരുന്നു സർക്കാർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."