എഴുപതിന്റെ നിറവിൽ സ്റ്റാലിൻ; തമിഴ്‌നാട്ടിലെങ്ങും ആഘോഷം, പ്രതിപക്ഷനിര ആശംസകളുമായി അണിനിരക്കും
ചെന്നൈ: മാർച്ച് ഒന്നിന് 70-ാം പിറന്നാൾ ആഘോഷിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പിറന്നാൾ കെങ്കേമമാക്കാനൊരുങ്ങി അനുയായികൾ. അമിതമായ ആഘോഷങ്ങൾ വേണ്ടെന്ന് സ്റ്റാലിന്റെ നിർദ്ദേശമുണ്ടെങ്കിലും അനുയായികൾ വൻ ആഘോഷപരിപാടിയാണ് ഒരുക്കുന്നത്. നാളെ വൈകിട്ട് നന്ദനം വൈഎംസിഎ മൈതാനത്തൊരുക്കുന്ന സമ്മേളന വേദിയിലാണ് ആഘോഷമൊരുങ്ങുന്നത്. ഈ ആഘോഷം രാജ്യത്തെ പ്രതിപക്ഷ നിരയുടെ വേദികൂടിയാകും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, നാഷനൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ഉൾപ്പെടെയുള്ളവർ നന്ദനം വൈഎംസിഎ മൈതാനത്തൊരുക്കുന്ന സമ്മേളന വേദിയിൽ നടക്കുന്ന സ്റ്റാലിന്റെ സപ്തതി ആഘോഷത്തിൽ പങ്കെടുക്കും.
പിറന്നാളിനോടനുബന്ധിച്ച് ഡി.എം.കെയുടെ നേതൃത്വത്തിൽ നവജാത ശിശുക്കൾക്ക് സ്വർണമോതിര വിതരണം, കർഷകർക്കു വിത്തുവിതരണം, ഭക്ഷണ വിതരണം, നേത്രപരിശോധന, രക്തദാന ക്യാംപുകൾ, വിദ്യാർഥികൾക്ക് നോട്ട്ബുക്ക് വിതരണം, തുടങ്ങി സംസ്ഥാന വ്യാപകമായി വൻ ക്ഷേമപരിപാടികളും നടത്തും.
പിറന്നാളിന്റെ പേരിൽ അമിതമായ ആഘോഷങ്ങള്‍ നടത്തരുതെന്നും കൂടുതല്‍ പണം ചെലവാക്കാന്‍ പാടില്ലെന്നും പാർട്ടിക്കു കളങ്കമുണ്ടാക്കരുതെന്നും ആവശ്യപ്പെട്ട് പ്രവർത്തകർക്കു സ്റ്റാലിൻ തുറന്ന കത്തെഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."