ഇടതുതരംഗത്തിലും നേട്ടം കൊയ്യാനാകാതെ എല്‍.ജെ.ഡി
സ്വന്തം ലേഖകന്‍
കോഴിക്കോട്: ആഞ്ഞടിച്ച ഇടതു തരംഗത്തിലും ലോക് താന്ത്രിക് ജനതാദളിന് (എല്‍.ജെ.ഡി) കാര്യമായ നേട്ടമുണ്ടാക്കാനായില്ല. മൂന്നു സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഒരു മണ്ഡലത്തില്‍ മാത്രമാണ് ജയിക്കാനായത്.
സംസ്ഥാന പ്രസിഡന്റും എം.പി വീരേന്ദ്രകുമാറിന്റെ മകനുമായ എം.വി ശ്രേയാംസ് കുമാറിന്റെ കല്‍പ്പറ്റയിലെ പരാജയമാണ് ശ്രദ്ധേയമായത്. നിലവില്‍ രാജ്യസഭാംഗമാണ് ശ്രേയാംസ് കുമാര്‍. മുന്‍മന്ത്രി കെ.പി മോഹനന്‍ കൂത്തുപറമ്പില്‍ ജയിച്ചതു മാത്രമാണ് ഏക ആശ്വാസം. നാലു സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്ന പാര്‍ട്ടിക്ക് മൂന്നു സീറ്റുകളാണ് മത്സരിക്കാന്‍ ഇടതുമുന്നണി നല്‍കിയിരുന്നത്. മൂന്നും മലബാറില്‍. കൂത്തുപറമ്പില്‍ കെ.പി മോഹനന്‍, കല്‍പ്പറ്റയില്‍ എം.വി ശ്രേയാംസ്‌കുമാര്‍, വടകരയില്‍ മനയത്ത് ചന്ദ്രന്‍ എന്നിവരാണ് മത്സരിച്ചത്.
ശ്രേയാംസ് കുമാര്‍ സ്വന്തം തട്ടകമായ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിലെ അഡ്വ. ടി. സിദ്ദിഖിനോടാണ് പരാജയപ്പെട്ടത്. ഇടതുമുന്നണിയൂടെ കൈവശമായിരുന്ന ഈ സീറ്റ് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. വടകരയില്‍ ആര്‍.എം.പിയിലെ കെ.കെ രമയാണ് മനയത്ത് ചന്ദ്രനെ തോല്‍പ്പിച്ചത്. ഇടതുമുന്നണി വര്‍ഷങ്ങളായി സ്വന്തമാക്കിവച്ചിരുന്ന മണ്ഡലമാണിത്. കൂത്തുപറമ്പില്‍ കെ.പി മോഹനന്‍ യു.ഡി.എഫിലെ പൊട്ടന്‍കണ്ടി അബ്ദുല്ലയെയാണ് പരാജയപ്പെടുത്തിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്നു എല്‍.ജെ.ഡി. അന്ന് ഏഴു സീറ്റുകളില്‍ പാര്‍ട്ടി മത്സരിച്ചിരുന്നെങ്കിലും ഏഴിലും തോല്‍ക്കുകയായിരുന്നു. 2018ലാണ് യു.ഡി.എഫ് വിട്ട് വീണ്ടും ഇടതുമുന്നണിയുടെ ഭാഗമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."