ഇടതു തരംഗത്തിലും അടിപതറി പ്രമുഖര്‍
തിരുവനനന്തപുരം: സംസ്ഥാനത്ത് ശക്തമായ ഇടതു തരംഗത്തിനിടെയും കാലിടറിയ പ്രമുഖര്‍ നിരവധി.
കേരളത്തില്‍ എല്‍.ഡി.എഫ് മുന്നേറ്റം കൊടുങ്കാറ്റായി വീശിയെങ്കിലും ആഴക്കടല്‍ മത്സ്യബന്ധന വിവാദം ശക്തമായിരുന്ന കുണ്ടറയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയം സി.പി.എമ്മിനും സര്‍ക്കാരിനും തിരിച്ചടിയായി. എം.പിയും എല്‍.ജെ.ഡി നേതാവുമായ എം.വി ശ്രേയാംസ്‌കുമാര്‍ (എല്‍.ജെ.ഡി), രാജ്യസഭാംഗങ്ങളായ അല്‍ഫോന്‍സ് കണ്ണന്താനം (കാഞ്ഞിരപ്പള്ളി), സുരേഷ് ഗോപി (തൃശൂര്‍) ലോക്‌സഭാംഗം കെ. മുരളീധരന്‍, മുന്‍ എം.പിയും കേരള കോണ്‍ഗ്രസ് നേതാവുമായ ജോസ് കെ. മാണി (പാലാ), മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരും തോല്‍വിയറിഞ്ഞ പ്രമുഖരാണ്.
സിറ്റിങ് എം.എല്‍.എമാരില്‍ 14 പേരാണ് വിവിധ മണ്ഡലങ്ങളില്‍ പരാജയപ്പെട്ടത്. യു.ഡി.എഫില്‍നിന്ന് കെ.എം ഷാജി, പാറക്കല്‍ അബ്ദുല്ല, കെ.എന്‍.എ ഖാദര്‍, അനില്‍ അക്കര, വി.ടി ബല്‍റാം, വി.പി സജീന്ദ്രന്‍, ഷാനിമോള്‍ ഉസ്മാന്‍, കെ.എസ് ശബരീനാഥന്‍, വി.എസ് ശിവകുമാര്‍ എന്നിവര്‍ തോല്‍വിയറിഞ്ഞപ്പോള്‍ എല്‍.ഡി.എഫില്‍നിന്ന് എം. സ്വരാജ്, കാരാട്ട് റസാഖ്, എല്‍ദോ എബ്രഹാം, ആര്‍. രാമചന്ദ്രന്‍ എന്നിവരും പരാജയപ്പെട്ടു. ഒരു മുന്നണികളിലും പെടാതെ ഒറ്റയാനായി നിന്നു ജയം പിടിക്കാനിറങ്ങിയ പി.സി ജോര്‍ജിനും പൂഞ്ഞാറില്‍ കൈപൊള്ളി.
ഇവരെക്കൂടാതെ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിച്ച ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍, മാനന്തവാടിയില്‍ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് എന്നിവരും പരാജയപ്പെട്ടു. മുന്‍ മന്ത്രിമാരായ ജോസ് തെറ്റയില്‍ അങ്കമാലിയിലും ബാബു ദിവാകരന്‍ ഇരവിപുരത്തും ചവറയില്‍ ഷിബു ബേബി ജോണും നീലലോഹിതദാസ നാടാര്‍ കോവളത്തും പരാജയം രുചിച്ചു.കൂടാതെ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് താനൂരിലും മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാട്ടും കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ തൃശൂരിലും പൊരുതിത്തോറ്റപ്പോള്‍ മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും ഒരു ചലനവുമുണ്ടാക്കാനാകാതെ തോല്‍വിയറിഞ്ഞു.
മുന്‍ എം.എല്‍.എ ജോസഫ് വാഴക്കന്‍ കാഞ്ഞിരപ്പള്ളിയിലും മുന്‍ എം.പിമാരായ കെ.എസ് മനോജ് ആലപ്പുഴയിലും പീതാംബരകുറുപ്പ് ചാത്തന്നൂരിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവച്ച ശേഷം നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേമത്തും പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."