HOME
DETAILS

ഭരണകൂടം വിചാരണ ചെയ്യപ്പെടുമ്പോൾ

  
backup
March 01 2023 | 04:03 AM

89563-213

സി.കെ അബ്ദുൽ അസീസ്


അബ്ദുൽ നാസർ മഅ്ദനി ഗുരുതര രോഗാവസ്ഥയിലാണ് എന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ടു കുറച്ചുകാലമായി. ഇപ്പോഴത് അപകടനിലയിൽ എത്തിച്ചേർന്നിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ രോഗനിലയെ സംബന്ധിച്ച ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ എം.ആർ.ഐ സ്‌കാനിങ്ങിൽ അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തിലേക്കുള്ള പ്രധാന രക്തക്കുഴലുകളിലൊന്നിന് കാര്യമായ തകരാറു സംഭവിച്ചിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. മസ്തിഷ്‌കത്തിനുള്ളിലെ ശുദ്ധരക്തനാഡികൾക്കും തകരാറു സംഭവിച്ചിട്ടുണ്ട്. അത്യന്തം അപകട ആരോഗ്യനിലയാണിതെന്നാണ് വിദഗ്ധ ഡോക്ടർമാർ നിരീക്ഷിക്കുന്നത്.


മഅ്ദനിയുടെ മെഡിക്കൽ റിപ്പോർട്ടിലേക്ക് നോക്കുമ്പോൾ, മതിയായ ചികിത്സ ലഭിക്കാത്തതിനാൽ തടവിൽ കിടന്ന് മരിക്കേണ്ടിവന്ന കത്തോലിക്കാ പുരോഹിതൻ ഫാദർ സ്റ്റാൻ സാമിയുടെ(ഫാദർ സ്റ്റാൻ സ്ലാവോസ് ലൂർദ് സാമി) മുഖമാണ് മനസിൽ തെളിയുന്നത്. ഛത്തിസ്ഗഡ് മേഖലയിൽ ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദിച്ചുവന്ന സാമൂഹിക പ്രവർത്തകനായിരുന്നു സ്റ്റാൻസാമി. 2020 ഒക്ടോബർ മാസത്തിലാണ് എൻ.ഐ.എ അദ്ദേഹത്തെ ഭീകരവാദവിരുദ്ധ നിയമമുപയോഗിച്ച് അറസ്റ്റ് ചെയ്ത് മഹാരാഷ്ട്രയിൽ ജയിലിലടച്ചത്. 2018ൽ പൂനെയിൽ എൽഗാർ പരിഷത്ത് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ഭീമാ-കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികാഘോഷത്തിനിടയിലുണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലുള്ള ബുദ്ധിജീവികൾക്കും ആക്ടിവിസ്റ്റുകൾക്കുമൊപ്പം സ്റ്റാൻ സാമിയെയും പ്രതിപ്പട്ടികയിൽ പെടുത്തിയത്. എൺപത്തിനാലു വയസുണ്ടായിരുന്ന സ്റ്റാൻ സാമി പാർക്കിൻസൺസ് രോഗമുൾപ്പെടെ നിരവധി രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തിയായിരുന്നു. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ ഗ്രൗണ്ടിൽ ജാമ്യത്തിനപേക്ഷിച്ചുവെങ്കിലും കോടതിയത് നിരസിക്കുകയാണുണ്ടായത്. 2021 ജൂലൈ മാസത്തിൽ രോഗം മൂർച്ഛിച്ചപ്പോൾ അദ്ദേഹത്തെ ജയിലിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിയെത്തിയ വൈദ്യസഹായത്തിന് ജീവൻ രക്ഷിക്കാനായില്ല. 2021 ജൂലൈ ആറിന് ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നുകൊണ്ട് തന്നെയായിരുന്നു ഫാദർ സ്റ്റാൻ സാമി അന്ത്യശ്വാസം വലിച്ചത്.


2010 ലാണ് ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ കർണാടക പൊലിസ് മഅ്ദനിയെ അറസ്റ്റ് ചെയ്തു ജയിലിലടക്കുന്നത്. 2014ൽ സുപ്രിംകോടതി അദ്ദേഹത്തിനു ജാമ്യംനൽകി. ബംഗളൂരു സിറ്റി വിട്ട് പോകുവാൻ പാടില്ലെന്നതടക്കമുള്ള കടുത്ത വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. മഅ്ദനിയുടെ ദുരിതാവസ്ഥ സ്റ്റാൻസാമിയിൽനിന്ന് വ്യത്യസ്തമാവുന്നത് രണ്ടു കാര്യങ്ങളിൽ മാത്രമാണ്. മഅ്ദനി ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതാണ് അതിലൊന്ന്. സ്റ്റാൻസാമി ഒമ്പതുമാസം കൊണ്ടനുഭവിച്ചുതീർന്ന ജയിൽപീഡനങ്ങൾ മഅ്ദനി രണ്ടു ദശാബ്ദങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് രണ്ടാമത്തേത്. ഇത്രയൊക്കെ അനുഭവിച്ചിട്ടും ഇപ്പോഴും ജീവനോടെ തന്നെയിരിക്കുന്നുവെന്നത് ക്രിമിനൽ കുറ്റമാണെന്ന തരത്തിലുള്ള സമീപനമാണ് ഭരണകൂടം മഅ്ദനിയോട് അനുവർത്തിച്ചുപോരുന്നത്. അനന്തമായി നീണ്ടുപോകുന്ന കേസ് വിചാരണയും കടുത്ത ജാമ്യവ്യവസ്ഥകളിൽ ഇളവ് വരുത്താൻ വിസമ്മതിക്കുന്ന പ്രോസിക്യൂഷൻ നിലപാടും ചേർത്തുവെച്ചാൽ, വിചാരണ പൂർത്തിയാക്കാതെ ശിക്ഷ നടപ്പാക്കുന്ന വിപൽക്കരമായ കീഴ്‌വഴക്കം നുഴഞ്ഞുകയറ്റം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് നിഷ്പ്രയാസം മനസ്സിലാക്കാനാവും. കേസ് വിചാരണകളിൽ നിയമവ്യവസ്ഥയുടെ തകരാറുകൊണ്ടുണ്ടാവുന്ന കാലതാമസത്തിന് വിചാരണത്തടവുകാരും കുറ്റാരോപിതരും ഉത്തരവാദികളല്ലാത്തതിനാൽ അവർക്ക് ഭരണഘടനാപരമായി അനുവദനീയമായ പൗരാവകാശങ്ങളെ വിചാരണ കാലത്തുടനീളം ദുർബലമാക്കുന്ന നടപടി ആശാസ്യകരമല്ലെന്ന വിധിന്യായങ്ങൾ സുപ്രിംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അതെല്ലാം കീഴ്‌ക്കോടതികളിൽ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നതിന്റെ കണക്കെടുപ്പ് നടത്തിയതുകൊണ്ട് വലിയ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. കുറ്റാരോപിതരുടെയും വിചാരണത്തടവുകാരുടെയും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും മറ്റു കേസുകളിലായാലും ലംഘിക്കപ്പെടാനുള്ളതാണ് എന്നത് സ്ഥിരപ്രതിഷ്ഠമായ മറ്റൊരു കീഴ്‌വഴക്കമാണ്. എന്തുകൊണ്ടാണ് നിയമം ഭരണഘടനയുടെ വഴിക്കുപോകാതെ പലപ്പോഴും സ്വന്തം വഴി തെരഞ്ഞെടുക്കുന്നത് എന്നത് ഭരണഘടനാപ്രശ്‌നമല്ല; രാഷ്ട്രീയ പ്രശ്‌നമാണ്.


അപകടകരമായ ആരോഗ്യനിലയെ അഭിമുഖീകരിക്കുന്ന മഅ്ദനിയെയും മതിയായ ചികിത്സയുടെ അഭാവത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നു മരിക്കേണ്ടിവന്ന സ്റ്റാൻ സാമിയെയും നിയമവ്യവസ്ഥയെ ബാധിച്ച തകരാറുകളുടെ മാത്രം പരിണിതഫലമായി അഥവാ അതിന്റെ പാർശ്വഫലങ്ങളായി കണ്ടുകൊണ്ട് മനുഷ്യാവകാശത്തിന്റെ പ്രശ്‌നപരിധിയിലേക്ക് ചുരുക്കുന്നത് ഇന്ത്യയിലെ മതേതര ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന അപചയത്തെയും അതിന്റെ അടിസ്ഥാന കാരണങ്ങളെയും കണ്ടില്ലെന്ന് നടിക്കുന്നതിന് തുല്യമായിരിക്കും. ഭരണകൂടത്തിനെതിരേ ഉയർന്നുവരുന്ന സംഘടിത വിമർശനങ്ങളെയെല്ലാം രാജ്യദ്രോഹമായി കണക്കാക്കുന്ന വർത്തമാനകാല സാഹചര്യത്തിന്റെ പ്രത്യക്ഷ മാതൃകയാണ് 2018 ലെ ഭീമാ-കൊറെഗാവ് കേസെങ്കിൽ, രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് ഇതേ കുറ്റമാരോപിച്ചുകൊണ്ടാണ് ഇന്ത്യൻ ഭരണകൂടം മഅ്ദനിയെയും ജയിലിലടച്ചത്. മതേതര വിമർശനം തീവ്രവാദമാണോ അതോ മതേതര വിമർശനത്തിന് ഔപചാരികവും അനൗപചാരികവുമായ രൂപഭേദങ്ങളുണ്ടോ എന്നൊക്കെയുള്ള രാഷ്ട്രീയപ്രാധാന്യമർഹിക്കുന്ന ചോദ്യങ്ങൾക്ക് കളമൊരുക്കിക്കൊണ്ടാണ് 1992-93 കാലത്ത് മഅ്ദനി കേരള രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുന്നത്. ബാബരി ധ്വംസനം മാത്രമായിരുന്നില്ല മഅ്ദനി ഉന്നയിച്ച രാഷ്ട്രീയവിഷയം. ബാബ സാഹബ് അംബേദ്കറെ ഭരണഘടനാ ശിൽപിയായി ആഘോഷിക്കുകയും അവർണ വിമോചന സൈദ്ധാന്തികനെന്ന നിലക്ക് തിരസ്‌കരിക്കുകയും ചെയ്ത കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയ പ്രബുദ്ധത കൈയടക്കിപ്പിടിച്ചിടത്ത് അവർണന് അധികാരമെന്ന മുദ്രാവാക്യത്തിന് ഒരു കൊടി നാട്ടാനുള്ള സ്ഥലം കരസ്ഥമാക്കാൻ അദ്ദേഹം അശ്രാന്ത പരിശ്രമം നടത്തുകയുണ്ടായി. പക്ഷേ ഭരണകൂടത്തിന്റെ കണക്കെടുപ്പിൽ മഅ്ദനിയുടെ അവർണ രാഷ്ട്രീയം മുസ്‌ലിം തീവ്രവാദമായിട്ടാണ് വിലയിരുത്തപ്പെട്ടത്.


മതേതര വിമർശനം തീവ്രവാദമായി വ്യാഖ്യാനിക്കപ്പെടുന്നതിൻ്റെ ഭരണകൂട രീതിയാണിത്. മതേതരവ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് ഭരണകൂടത്തിന്റെ പോരായ്മകൾക്കെതിരേ വിരൽ ചൂണ്ടുകയും ഭരണകൂടത്തെ പൊതുസംവാദത്തിലൂടെയും തുറന്നുകാട്ടുകയും രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ക്രിയാത്മകമായി വിമർശിക്കുകയും ചെയ്യുന്നതാണ് മതേതരവിമർശനത്തിന്റെ ഉള്ളടക്കം. അതേസമയം, ഇന്ത്യൻ ജനാധിപത്യത്തിന്റെ പൊതുമണ്ഡലത്തിൽനിന്നും അധികാരമണ്ഡലത്തിൽനിന്നും അകറ്റിനിർത്തപ്പെടുന്ന സാധാരണക്കാരുടെ, വിശിഷ്യാ അടിച്ചമർത്തപ്പെടുന്ന മതന്യൂനപക്ഷങ്ങളുടെയും ദലിത് ആദിവാസിവിഭാഗങ്ങളുടെയും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങൾ പ്രശ്നങ്ങളായി പൊതുമണ്ഡലത്തിൽ ഉയർന്നുവരുമ്പോൾ അതിനെ ഉന്മൂലനം ചെയ്യാൻ ഭരണകൂടം ഉപയുക്തമാക്കുന്ന സൈദ്ധാന്തിക ആയുധങ്ങളിലൊന്നാണ് ഈ തീവ്രവാദമുദ്രകൾ. അധികാരശക്തി ഉപയോഗിച്ചുള്ള അടിച്ചമർത്തലിനേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളവയാണ് ഇത്തരം സൈദ്ധാന്തികാക്രമണങ്ങൾ. മതേതരവിമർശനങ്ങളെ തീവ്രവാദമായി ചിത്രീകരിക്കുന്നതിലൂടെ, മതേതര ജനാധിപത്യമൂല്യങ്ങളെയും രാജ്യത്തിന്റെ കെട്ടുറപ്പിനെയുമെല്ലാം അട്ടിമറിക്കാനുള്ള വിധ്വംസക പ്രവർത്തനങ്ങളുടെ ഭാഗമാണ് ഭരണകൂടവിമർശം എന്ന വ്യാജബോധം പൊതുജനങ്ങൾക്കിടയിൽ അടിച്ചേൽപ്പിക്കുകയെന്ന ദൗത്യമാണ് നിർവഹിക്കപ്പെടുന്നത്. ഈ പ്രക്രിയയിലൂടെ ഭരണകൂടം നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കിടയിൽ ഒരുപരിധിവരെ സ്വീകാര്യത നേടിയെടുക്കുന്നതിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട്.


മതേതര വിമർശനങ്ങളെ തീവ്രവാദമായി മുദ്രകുത്തുന്നതിന്റെ വർത്തമാനകാല ദൃഷ്ടാന്തങ്ങൾ പൗരത്വബില്ലിനെതിരേയുള്ള സമരത്തിലും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ സർക്കാരിനെതിരേ നടന്നുവരുന്ന സമരപോരാട്ടങ്ങളിലും പ്രത്യക്ഷമായവയാണ്. മതേതരവിമർശനത്തിനെതിരേയുള്ള ഭരണകൂടം നടത്തുന്ന അതിക്രമങ്ങളിൽ ഫാസിസ്റ്റ് കാലത്ത് ഭരണകൂടവും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റെ മൂർഛാവസ്ഥയാണ് പ്രതിഫലിപ്പിക്കപ്പെടുന്നത്. ഈ സംഘർഷത്തിൽ മനുഷ്യൻ വിജയിക്കുകയും ഭരണകൂടം തോൽക്കുകയും ചെയ്യും. മനുഷ്യർക്കെതിരേ ഭരണകൂടം നടത്തുന്ന കടന്നാക്രമണ യുദ്ധത്തിന്റെ ക്രൂരതയാണ് സ്റ്റാൻസാമിയുടെ മരണവും മഅ്ദനിയുടെ ആരോഗ്യനിലയും നമ്മെ ഓർമപ്പെടുത്തുന്നത്. മഅ്ദനിയെ സംബന്ധിച്ചേടത്തോളം ജീവിച്ചിരിക്കുക എന്നതുതന്നെ ഇപ്പോൾ രാഷ്ട്രീയപോരാട്ടമാണ്. മഅ്ദനിക്കു മാത്രമല്ല, ഫാസിസ്റ്റ് കാലത്ത് ബോധപരമായി ജീവിച്ചിരിക്കുകയെന്നത് രാഷ്ട്രീയപ്രവർത്തനമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago