കോൺഗ്രസിന് മറക്കാനാവുമോ അബുൽ കലാം ആസാദിനെ?
മെഹ്താബ് ആലം
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ റായ്പൂരിൽ നടന്ന എൺപത്തിയഞ്ചാമത് പ്ലീനറി സമ്മേളനത്തിന്റെ അവസാനദിവസമായ ഞായറാഴ്ച പ്രാദേശിക-ദേശീയ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനായി മുഴുപേജ് പരസ്യം പാർട്ടി നൽകിയിരുന്നു. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക പത്രങ്ങളിലടക്കം പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്തു. പരസ്യത്തിൽ വിവിധ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം കോൺഗ്രസല്ലാത്ത ഒരു നേതാവിന്റെ ചിത്രമുണ്ട്. പാർട്ടിയുടെ നൂറ്റിമുപ്പത്തിയേഴു വർഷത്തെ ആശയയാത്ര തുടരുന്നുവെന്ന അടിക്കുറിപ്പോടു കൂടിയാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, സരോജിനി നായിഡു, ലാൽബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, പി.വി നരസിംഹ റാവു എന്നിവരുടെ ഫോട്ടോക്കൊപ്പം കോൺഗ്രസുമായി ഒരിക്കലും സഹകരിച്ചിട്ടില്ലാത്ത ബി. ആർ അംബേദ്കറുടെ ഫോട്ടോയാണ് നൽകിയിട്ടുള്ളത്. വാസ്തവത്തിൽ, കോൺഗ്രസ് എന്ന സംഘടനയുടെയും അതിന്റെ രാഷ്ട്രീയത്തിൻ്റെയും നിശിത വിമർശകനായിരുന്നു അംബേദ്കർ. പരസ്യത്തിലെ നേതാക്കളുടെ ഫോട്ടോകൾക്രമീകരിച്ചിരിക്കുന്നത് ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണ് എന്നത് സുവ്യക്തം. വിവിധ സ്ഥല, ജാതി, മത, വർഗ, ലിംഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന നേതാക്കളെയാണ് പരസ്യത്തിലെ കൊളാഷിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തങ്ങളുടെ നേതാക്കൾ വിവിധ പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്നു എന്നു സ്ഥാപിക്കുക വഴി പാർട്ടിയുടെ ആശയസമഗ്രതയെ പ്രകടിപ്പിക്കുകയായിരിക്കണം ഈ കൊളാഷിനു പിന്നിലെ താൽപര്യം.
എന്നാൽ, അതിപ്രധാന കോൺഗ്രസ് നേതാവിന്റെ ഫോട്ടോ ഈ കൊളാഷിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. മൗലാനാ അബുൽ കലാം ആസാദിന്റെ ചിത്രമാണത്. സമൂഹമാധ്യമത്തിലെ രൂക്ഷ വിമർശനങ്ങൾക്കും ഒച്ചപ്പാടുകൾക്കുമൊടുവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും വക്താവുമായ ജയറാം രമേശ് ക്ഷമാപണ ട്വീറ്റുമായി രംഗത്തെത്തി. 'ന്യായീകരിക്കാനാവാത്തതും അശ്രദ്ധമൂലവും സംഭവിച്ച പിഴവാണുണ്ടായിരിക്കുന്നത്. തെറ്റ് പരിഹരിക്കുന്നതോടൊപ്പം ഉചിത നടപടി സ്വീകരിക്കുന്നതാണ്. ഇത് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള നിർവ്യാജ ഖേദപ്രകടനമായി പരിഗണിക്കണം. അദ്ദേഹം ഞങ്ങൾക്കും ഇന്ത്യക്കും എന്നും പ്രചോദനമേകുന്ന വ്യക്തിത്വമാണ്' എന്നിങ്ങനെയാണ് ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. സത്യത്തിൽ, ക്ഷമാപണം ആത്മാർഥം തന്നെയെന്നതിൽ സംശയമില്ല. എന്നാൽ, മൗലാനാ ആസാദിന്റെ ഫോട്ടോ ഒഴിവാക്കിയതിനെ അശ്രദ്ധമൂലം സംഭവിച്ച പിഴവെന്നു വിളിക്കുന്നത് തികഞ്ഞ കാപട്യമാണ്. ആസാദിന്റെ ഫോട്ടോ ഒഴിവാക്കിക്കൊണ്ട് കോൺഗ്രസിന്റെ ആശയസമഗ്രതയെക്കുറിച്ച് പറയുന്നത് പൊള്ളയായ വാദമാണെന്ന് വ്യക്തമാണെങ്കിലും മറ്റേതു നേതാവിനെപ്പോലെ ആസാദിനെയും കണക്കാക്കുന്നത് നീതിയുക്തമല്ല. അദ്ദേഹം കോൺഗ്രസിലെ അനവധി നേതാക്കളിൽ ഒരാൾ മാത്രമല്ല.
കോൺഗ്രസിന്റെ ഏതെങ്കിലും ബാനറിൽനിന്നോ പോസ്റ്ററിൽനിന്നോ പരസ്യത്തിൽനിന്നോ നെഹ്റു-ഗാന്ധി കുടുംബത്തിലെ നേതാവിന്റെ ഫോട്ടോ അശ്രദ്ധമൂലം മാറിപ്പോകുമോ? നെഹ്റു-ഗാന്ധി കുടുംബത്തിലെ നേതാക്കൾ കോൺഗ്രസിനു നൽകിയ സംഭാവനകൾ അനവധിയാണെന്നും അതിതുമായി താരതമ്യപ്പെടുത്തരുതെന്നും വേണമെങ്കിൽ വാദിക്കാം. എന്നാൽ ആസാദിൻ്റെയും കോൺഗ്രസിൻ്റെയും ചരിത്രം അറിയാത്തവർക്കുമാത്രമേ അത്തരം വാദം ഉന്നയിക്കാൻ സാധിക്കൂ. കാരണം, മൗലാനാ ആസാദിന്റെ സംഭാവനകളില്ലായിരുന്നെങ്കിൽ ഇന്ന് പാർട്ടിക്ക് 137 വർഷത്തെ ആശയസമഗ്ര യാത്ര പൂർത്തിയാക്കാനാവുമായിരുന്നില്ല. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സംഭാവനയേക്കാൾ അദ്ദേഹത്തിന്റെ സംഭാവന കുറവല്ലെന്നു മാത്രമല്ല അതിലും കൂടുതലെന്നു പറഞ്ഞാൽ പോലും അത്ഭുതപ്പെടാനില്ല. രണ്ടു പ്രധാനഘട്ടങ്ങളിൽ കോൺഗ്രസിന്റെ അധ്യക്ഷനായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് മൗലാനാ അബുൽകലാം ആസാദ്. ആദ്യം അധ്യക്ഷനായത് 1923ലും പിന്നീട് 1940ലും. ഈ രണ്ടു കാലയളവും പാർട്ടിയുടെയും ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെയും തന്ത്രപ്രധാന ഘട്ടങ്ങളായിരുന്നു. ഇക്കാലയളവിൽ കോൺഗ്രസ് അധ്യക്ഷനായിരുന്ന ആസാദ് നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചിരുന്നതായി പ്രൊഫസർ എസ്. ഇർഫാൻ ഹബീബ് ഈയിടെ പ്രസിദ്ധീകരിച്ച ‘മൗലാനാ ആസാദ്; എ ലൈഫ്’ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
'കൗൺസിൽ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിലെത്തിനിൽക്കുന്ന കാലം. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം രണ്ടുവിഭാഗമായി വിഘടിച്ചുനിന്നു. ഈ വിഷയത്തിൽ കോൺഗ്രസ് 1923 ഡിസംബർ 23നു ചേർന്ന പ്രത്യേക സെഷന് നേതൃത്വം നൽകാനുള്ള ചുമതല ആസാദിനായിരുന്നു. അന്ന് മുപ്പത്തിയഞ്ചു വയസുമാത്രമുണ്ടായിരുന്ന ആസാദിനോട് ഇത്തരം ചർച്ചയിൽ നേതൃത്വം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് പാർട്ടിയിൽ ലഭിച്ചിരുന്ന ഔന്നത്യം എത്ര മികച്ചതായിരിക്കണം. കൂടാതെ, ഈ കർത്തവ്യം ഏറ്റെടുത്ത് നടത്തിയ ആസാദ് ഇരുവിഭാഗങ്ങൾക്കിടയിലും ചർച്ചനടത്തി പ്രശ്നം രമ്യതയിലെത്തിക്കുകയും അപകടകരമായ പിളർപ്പിൽനിന്ന് കോൺഗ്രസ് പാർട്ടിയെ രക്ഷിക്കുകയും ചെയ്തു'. പ്രൊഫ. ഹബീബ് എഴുതുന്നു. 'മൗലാനാ ആസാദ് രണ്ടാം തവണ പാർട്ടി അധ്യക്ഷനായിരിക്കുന്ന 1940-46 കാലയളവിൽ ബ്രിട്ടിഷുകാരെയും മുസ്‌ലിംരാഷ്ട്രം വേണമെന്ന് വാദിക്കുന്നവരെയും കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു. സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കാലം കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തു പ്രവർത്തിച്ച ആസാദ് കലുഷിത രാഷ്ട്രീയഘട്ടങ്ങളിലും അചഞ്ചലനായി പ്രവർത്തിക്കുകയും 1942 ഒാഗസ്റ്റ് 7-9 വരെ നടന്ന ബോംബെ സമ്മേളനത്തിൽ ആൾ ഇന്ത്യാ കോൺഗ്രസ് ചരിത്രപ്രധാനമായ ക്വിറ്റ് ഇന്ത്യാ പ്രമേയം അംഗീകരിക്കുന്നതിലേക്കും എത്തിച്ചു'. പ്രൊഫസർ ഹബീബ് തുടരുന്നു. 'തന്റെ മറ്റെല്ലാ സമരമാർഗങ്ങളെയും പോലെ ക്വിറ്റ് ഇന്ത്യാ സമരവും അഹിംസയിലധിഷ്ഠിതമായിരിക്കണമെന്ന് മഹാത്മാഗാന്ധി പ്രഖ്യാപിച്ചു. ഇതോടെ തങ്ങൾക്കെതിരായുള്ള എതിരഭിപ്രായങ്ങളെ നേരിടുന്നതിനായി കോൺഗ്രസ് നേതാക്കളെ ബ്രിട്ടീഷുകാർ തുറുങ്കിലടച്ചു. മൗലാനാ ആസാദിനെ അഹ്മദ് നഗർ ഫോർട്ട് ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. പിന്നീട് മൂന്നുവർഷത്തിനുശേഷം 1945 ജൂണിലാണ് അദ്ദേഹം മോചിതനാകുന്നത്. തടവിലായിരിക്കവേ ആസാദിന്റെ പത്നി മരണപ്പെട്ടു'.
കോൺഗ്രസ് പാർട്ടിയുടെയും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൻ്റെയും ചരിത്രത്തിൽ ഇത്രയധികം പ്രാധാന്യമുള്ള വ്യക്തിയുടെ ചിത്രം എങ്ങനെയാണ് പാർട്ടി അവരുടെ തന്ത്രപ്രധാന പരസ്യത്തിൽ മറന്നുപോവുക? അതും കഴിഞ്ഞ പ്ലീനറി സമ്മേളനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഫോട്ടോ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് രണ്ടു കാര്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്, ഒന്നുകിൽ ഇത് ചെയ്ത പാർട്ടിപ്രവർത്തകർക്ക് മൗലാനാ ആസാദിന്റെ സംഭാവനകളെക്കുറിച്ച് അറിയില്ല, അല്ലെങ്കിൽ ഇക്കൂട്ടർ തങ്ങളെടുക്കുന്ന ജോലിയിൽ ശ്രദ്ധിക്കുന്നില്ല. ആസാദിന്റെ ചിന്തകളെയും പാരമ്പര്യത്തേയും അപ്രസക്തവും അപ്രത്യക്ഷവുമാക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ ഇത്തരം അബദ്ധങ്ങൾ കോൺഗ്രസിൽ നിന്നുണ്ടാവാൻ പാടുള്ളതല്ല.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി മൗലാനാ ആസാദിനെയും ഇന്ത്യയുടെ മുസ്‌ലിം പാരമ്പര്യത്തേയും പാർശ്വവത്കരിക്കാനുള്ള തീവ്രശ്രമങ്ങളുണ്ടായിട്ടുണ്ട്. ആസാദിനെ പോലുള്ളവർ തങ്ങളുടെ അവസാന നിമിഷംവരെ പരിശ്രമിച്ചിരുന്നത് ഇന്ത്യയുടെ വൈവിധ്യത്തേയും സമഗ്രതയേയും സംരക്ഷിക്കാനായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്ഥൈര്യപൂർവം എഴുന്നേറ്റുനിന്ന് അദ്ദേഹത്തെപ്പോലുള്ളവരുടെ ആശയത്തെയും പാരമ്പര്യത്തെയും കോൺഗ്രസ് പാർട്ടി സംരക്ഷിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി എന്തും ചെയ്യുന്ന ഹിന്ദുത്വരുടെ മാർഗത്തിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് കരുതേണ്ടിവരും. ഹിന്ദുത്വശക്തികൾ മുസ്‌ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും പ്രത്യക്ഷമായി വേട്ടയാടുമ്പോൾ കോൺഗ്രസ് അവരെ പാർശ്വവത്കരിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കാതിരിക്കുകയുമാണ് എന്നുള്ളതു മാത്രമാണ് ഇവിടുത്തെ വ്യത്യാസം. സംഭവിച്ച പിഴവ് പരിഹരിക്കുകയും വേണ്ട നടപടിയെടുക്കാമെന്നും ജയറാം രമേശ് ഉറപ്പുനൽകിയിട്ടുണ്ട്. നടപടി സ്വീകരിച്ചു എന്ന റിപ്പോർട്ട് വരുന്നതിനു മുമ്പായി കോൺഗ്രസ് ചെയ്യേണ്ടത് തങ്ങളുടെ പാർട്ടി ഓഫിസിൽ പ്രവർത്തിക്കുന്നവർക്കും അണികൾക്കും മൗലാനാ ആസാദിനെ പോലുള്ളവരുടെ ആശയങ്ങളെയും പാരമ്പര്യത്തേയും കുറിച്ച് സാമാന്യ ധാരണയെങ്കിലും നൽകുക എന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."