കാപ്പന്റെ സ്മാഷില്‍ ജോസിന്റെ തണ്ടൊടിഞ്ഞു
കോട്ടയം: പാലായുടെ കോര്‍ട്ടില്‍ ജോസ് കെ. മാണിയുടെ ബ്ലോക്ക് ഭേദിച്ച് മാണി സി.കാപ്പന്റെ വിജയ സ്മാഷ്. ഒരു കാലത്ത് ജിമ്മി ജോര്‍ജിനൊപ്പം വോളികോര്‍ട്ടുകളില്‍ ഇടിമുഴക്കം തീര്‍ത്തിരുന്ന താരമായിരുന്നു കാപ്പന്‍.
അതേ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ തന്നെ രാഷ്ട്രീയ കോര്‍ട്ടില്‍ ജോസിനെ വേട്ടയാടി മാണി സി. കാപ്പന്‍ കപ്പടിച്ചു. അരനൂറ്റാണ്ടിലേറെ കെ.എം മാണിക്ക് മാത്രം സ്വന്തമായിരുന്ന പാലാ വീണ്ടും കാപ്പന്. മുന്നണി ഭരണം പിടിച്ചും കേരള കോണ്‍ഗ്രസ് (എം) അഞ്ച് സീറ്റും നേടിയും കരുത്ത് തെളിയിച്ചപ്പോള്‍ ജോസിന് ഗാലറിയിലായി സ്ഥാനം. 15,378 വോട്ടിന്റെ മിന്നുന്ന ഭൂരിപക്ഷത്തിലാണ് മാണി സി. കാപ്പന്‍ പാലായുടെ ചങ്കായത്. ജോസിന്റെ വരവില്‍ മുന്നണിക്ക് പുറത്തേക്ക് പോകേണ്ടി വന്ന കാപ്പന്റെ എല്‍.ഡി.എഫിനോടും പിണറായി വിജയനോടുമുള്ള മധുരപ്രതികാരം കൂടിയായി ഈ വിജയം. നാടകീയമായിരുന്നു പാലായിലെ വോട്ടെണ്ണല്‍. പോസ്റ്റല്‍ ബാലറ്റിലും ആദ്യ റൗണ്ടിലും മാത്രം ജോസിന് നേരിയ മുന്‍തൂക്കം. പിന്നീട് കണ്ടത് കാപ്പന്റെ കുതിപ്പ്. കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളെ തകര്‍ത്ത് കാപ്പന്റെ തകര്‍പ്പന്‍ പ്രകടനം.
മാണി സി.കാപ്പനെ കൂടെ നിര്‍ത്തിയ യു.ഡി.എഫിന്റെ തന്ത്രം വിജയിക്കുന്നതിന്റെ കാഴ്ച. സ്വന്തം ബൂത്തില്‍ എട്ട് വോട്ടിന് ജോസ് പിന്നിലായ ദയനീയ കാഴ്ച. പാലാ നഗരസഭയിലും 12 പഞ്ചായത്തുകളിലുമായി 176 ബൂത്തുകള്‍. ലീഡ് പതിനായിരത്തിന് മുകളിലെത്തിയതോടെ ''ചങ്കാണ് പാലാ'' എന്നെഴുതിയ കേക്ക് മുറിച്ച് വിജയാഘോഷത്തിന് കാപ്പന്‍ തുടക്കമിട്ടു. ഉപതെരഞ്ഞെടുപ്പില്‍ പാലാ പിടിച്ച കാപ്പന്‍ 19 മാസം മാത്രമാണ് എം.എല്‍.എയായി പ്രവര്‍ത്തിച്ചത്. 2019 ല്‍ 2,943 ന്റെ മാത്രം ഭൂരിപക്ഷം.
പാലാ തുടര്‍ച്ച നല്‍കുന്നത് പതിനയ്യായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തിന്. കേരള കോണ്‍ഗ്രസ് (എം) ന്റെ വത്തിക്കാനെന്ന് വിശേഷിപ്പിക്കുന്ന പാലായില്‍ മാണി സി. കാപ്പന്‍ പോപ്പായപ്പോള്‍ ജോസ് കെ. മാണിയുടെ രാഷ്ട്രീയ ചുവട് തെറ്റി. നായകന്റെ പാലായിലെ വീഴ്ച മാണി ഗ്രൂപ്പിനും താങ്ങാനാവാത്ത പ്രഹരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."