ജീവവായു നിലച്ചു, മധ്യപ്രദേശിലെ ജില്ലാ ആശുപത്രിയില്‍ നാലുമരണം; ഒരാള്‍ മാത്രമാണ് ഓക്‌സിജനില്ലാതെ മരിച്ചതെന്ന് അധികൃതര്‍
ഭോപാല്‍: മധ്യപ്രദേശിലെ ജില്ല ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് നാലു കൊവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. ഭര്‍വാനിയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. അതേസമയം ഒരാള്‍ മാത്രമാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ആശുപത്രിയില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു. ശനിയാഴ്ച രാത്രി ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാതെ ഒരു രോഗി മാത്രമാണ് മരിച്ചതെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നു. മറ്റു മൂന്നുപേരും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
ഓക്‌സിജന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ശ്വസമെടുക്കാന്‍ കഷ്ടപ്പെടുന്ന രോഗികളെ ബന്ധുക്കള്‍ സഹായിക്കുന്ന വിഡിയോകള്‍ ദേശീയമാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. അരമണിക്കൂറിലധികം രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതര്‍ കള്ളംപറയുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
'എന്റെ കുഞ്ഞിന് രാവിലെ ഓക്‌സിജന്‍ ലെവല്‍ 94 ആയിരുന്നു. പെട്ടന്ന് ഓക്‌സിജന്‍ നിലച്ചു, ഇതോടെ പരിഭ്രാന്തിയിലായി. എന്റെ കുട്ടി കഷ്ടപ്പെടുകയായിരുന്നു. ഒരു ഡോക്ടര്‍പോലും ഞങ്ങളെ തിരിഞ്ഞുനോക്കാനുണ്ടായില്ല' -മരിച്ചയാളുടെ ബന്ധു പറഞ്ഞു.
ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് രോഗികള്‍ മരിച്ച സംഭവത്തില്‍ പരാതി ലഭിച്ചതായി ഭര്‍വാനി അഡീഷനല്‍ കലക്ടര്‍ ലോകേഷ് കുമാര്‍ ജാങ്കിഡ് പ്രതികരിച്ചു.
മധ്യപ്രദേശില്‍ 12,379 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 102 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 5728 ആയി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."