ഇടത്ത് നിന്ന് വലത്തോട്ട് മാറി; കെ.എസ് പ്രമോദ് യു.ഡി.എഫിന് നല്‍കിയത് മിന്നുംജയം
സുല്‍ത്താന്‍ ബത്തേരി: നഗരസഭയിലെ പതിനേഴാം ഡിവിഷനായ പാളാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി. 204 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.എസ്. പ്രമോദ് ആണ് ഡിവിഷന്‍ പിടിച്ചെടുത്തത്. ആകെ പോള്‍ ചെയ്ത 942 വോട്ടില്‍ കെ.എസ്. പ്രമോദിന് 573 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇടതുപക്ഷത്തിന്റെ പി.കെ ദാമുവിന് 369 വോട്ടുകളാണ് നേടാനായത്. രണ്ട് വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ കെ.എസ്. പ്രമോദ് ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ച് 145 വോട്ടിന് വിജയിച്ച അതേ വാര്‍ഡിലാണ് മുന്നണി മാറി മത്സരിച്ചിട്ടും അദ്ദേഹത്തിന്റെ മിന്നുന്ന വിജയം.
യു.ഡി.എഫിന് മുന്‍തൂക്കമുള്ള ഡിവിഷന്‍ രണ്ട് വര്‍ഷം മുമ്പ് ഇടതുപക്ഷത്തിന് ലഭിച്ച അട്ടിമറി വിജയം വലിയ പ്രാധാന്യമുള്ളതായിട്ടായിരുന്നു കണ്ടത്. പഴുതടച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫ് നടത്തിയത്. യു.ഡി.എഫില്‍ നിന്ന് സിറ്റിങ് സീറ്റ് പീടിച്ചെടുത്ത കെ.എസ്. പ്രമോദ് രണ്ട് വര്‍ഷം മുമ്പ് ഇടതുപക്ഷത്തിന് താരമായിരുന്നെങ്കിലും പിന്നീട് അദ്ദേഹം എല്‍.ഡി.എഫ് നേതൃത്വവുമായി ഇടയുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പാരമ്യത്തില്‍ പ്രമോദ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
നഗരസഭയില്‍ ആകെയുള്ള 35 സീറ്റില്‍ 23 ഉം എല്‍.ഡി.എഫ് ആയതിനാല്‍ ഫലം ഭരണത്തെ ബാധിക്കില്ല. ഉപതെരഞ്ഞെടുപ്പില്‍ ആകെ 76.21 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 1236 വോട്ടില്‍ 942 വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്. വിജയത്തെ തുടര്‍ന്ന് യു.ഡി.എഫ് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ആഹഌദ പ്രകടനം നടത്തി.
ജനങ്ങളുടെ അംഗീകാരം വ്യക്തിഹത്യകൊണ്ട് തകര്‍ക്കാനാവില്ല എന്നതിന്റെ തെളിവാണ് ഈ വിജയമെന്നും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും കെ.എസ് പ്രമോദ് പറഞ്ഞു. കനത്ത പൊലിസ് സുരക്ഷയിലാണ് ഫലപ്രഖ്യാപനവും ആഹ്ലാദ പ്രകടനവും നടന്നത്. അതേസമയം ഉപതെരഞ്ഞെടുപ്പ് ഫലം നഗരസഭ ഭരണത്തെ സ്വാധീനിക്കില്ലെങ്കിലും നഗരസഭയുടെ ഭരണം ജനങ്ങള്‍ വിലയിരുത്തുമെന്നാണ് അഭിപ്രായമുയരുന്നത്.
സംസ്ഥാനത്ത് ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 97 സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ 74.38 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."