ഇ.പിയെ തള്ളി കാനം; ലീഗിനോടുള്ള സമീപനത്തിൽ മാറ്റമില്ല: വിജയരാഘവൻ
തിരുവനന്തപുരം
കോൺഗ്രസിനെ തള്ളിപ്പറഞ്ഞു വന്നാൽ ലീഗിനെ സ്വീകരിക്കാമെന്ന ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന്റെ നിലപാട് തള്ളി സി.പി.ഐ.
മുന്നണി വിപുലീകരണത്തെക്കുറിച്ച് ഇടതുമുന്നണിയിൽ ചർച്ചയൊന്നും നടന്നിട്ടില്ല. പുതുതായി ചുമതലയേറ്റ കൺവീനർ ഇ.പി ജയരാജൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതായിരിക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നില്ലെങ്കിലും ഇ.പി പറഞ്ഞതിനെ പൂർണമായി തള്ളിക്കളയുന്നു. ചർച്ച ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ താനില്ലെന്നും കാനം പറഞ്ഞു.
അതേസമയം മുസ്‌ലിം ലീഗിനോടുള്ള സി.പി.എം സമീപനത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് സ്ഥാനമൊഴിഞ്ഞ എൽ.ഡി.എഫ് കൺവീനറും സി.പി.എം പി.ബി അംഗവുമായ എ. വിജയരാഘവൻ പറഞ്ഞു.
ലീഗുമായി ബന്ധപ്പെട്ട സി.പി.എം നിലപാട് വ്യക്തമാണ്. ഇ.പി ജയരാജന്റെ പ്രസ്താവനയിൽനിന്ന് വാചകം അടർത്തിയെടുത്ത് വിവാദമുണ്ടാക്കി വാർത്തയാക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുമുന്നണി വിപുലീകരണം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയത്തിൽ നാളെ പലതും സംഭവിക്കാം. ഇപ്പോൾ എൽ.ഡി.എഫ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."