ഇഫ്താർ സംഗമം എന്താണെന്നറിയാത്തയാളോട് ഒന്നും പറയാനില്ലെന്ന് സതീശൻ കെ.വി തോമസിൻ്റെ വിമർശനത്തിനു മറുപടി
തിരുവനന്തപുരം
മുഖ്യമന്ത്രിക്കൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനെതിരേ കെ.വി തോമസ് ഉന്നയിച്ച വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇഫ്താർ സംഗമത്തിന്റെ അർത്ഥമോ ലക്ഷ്യമോ അറിയാത്ത തോമസിന് എന്ത് മറുപടി നൽകാനാണെന്ന് അദ്ദേഹം ചോദിച്ചു.
ഇഫ്താർ സംഗമം നടത്താൻ പാർട്ടി വിലക്കൊന്നുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷനേതാവല്ല പാർട്ടിയാണ് ഇഫ്താറിന് ആതിഥേയത്വം വഹിച്ചത്. കെ.പി.സി.സി അധ്യക്ഷനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമുൾപ്പെടെയുള്ള എല്ലാ നേതാക്കളും ഒന്നിച്ചിരുന്നാണ് ഇഫ്താർ സംഗമം നടത്തിയത്. കെ. കരുണാകരൻ പ്രതിപക്ഷനേതാവായിരുന്ന കാലത്ത് ആരംഭിച്ചതും ചെന്നിത്തല ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ തുടർന്നതുമായ ഇഫ്താറാണ് ഇപ്പോഴത്തെ പ്രതിപക്ഷനേതാവും നടത്തിയത്.
കേരളചരിത്രത്തിൽ ഇന്നുവരെ ഏതെങ്കിലും ഒരു പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുടെ ഇഫ്താർ ബഹിഷ്‌കരിച്ചിട്ടില്ല. വർഗീയ സംഘർഷങ്ങളും വെറുപ്പും വളരുന്ന കാലത്ത് എല്ലാവരെയും ഒരു വേദിയിലെത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം ഇഫ്താറിൽ പങ്കെടുത്ത പ്രതിപക്ഷനേതാവ് ഇടതുപക്ഷത്തേക്ക് പോകുമോ എന്നായിരുന്നു തോമസിന്റെ ചോദ്യം. പി.സി വിഷ്ണുനാഥ് എ.ഐ.വൈ.എഫ് സെമിനാറിൽ പങ്കെടുത്തത് അനുമതിയോടെയാണോ, തനിക്കൊരു നീതി മറ്റുളളവർക്ക് മറ്റൊരു നീതി എന്നത് ശരിയാണോ എന്നീ ചോദ്യങ്ങളുമുന്നയിച്ച തോമസ് ഇക്കാര്യം ചൂണ്ടിക്കാട്ടി എ.ഐ.സി.സിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."