മന്ത്രിമാരെ നിര്‍ണയിക്കാന്‍ ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നേക്കും. ഇന്നു മുതല്‍ ഞായറാഴ്ച വരെ കൊവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതിനാലാണ് സത്യപ്രതിജ്ഞ തിങ്കളാഴ്ച നടത്താന്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന സി.പി.എം അവയിലബിള്‍ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. സെക്രട്ടേറിയറ്റ് കൂടുന്നതിനുമുന്‍പ് സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എന്നിവര്‍ പ്രത്യേകം യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പു വിജയവും നിലവിലെ രാഷ്ട്രീയ സാഹചര്യവും വിലയിരുത്തി.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ് പ്രാഥമിക ചര്‍ച്ച നടത്തി. ഇന്ന് മന്ത്രിമാരെ സംബന്ധിച്ച് തീരുമാനമുണ്ടാകും. കഴിഞ്ഞ സര്‍ക്കാരില്‍ 20 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. അതില്‍ 13 എണ്ണം സി.പി.എമ്മിനായിരുന്നു. സി.പി.ഐക്ക് നാലും ജെ.ഡി.എസ്, എന്‍.സി.പി, കോണ്‍ഗ്രസ്-എസ് എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിമാരും ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസ്-എമ്മും ലോക് താന്ത്രിക് ജനതാദളും (എല്‍.ജെ.ഡി) പുതുതായി ഇടതുമുന്നണിയില്‍ എത്തിയ പാര്‍ട്ടികളാണ്. ഇവര്‍ക്കും മന്ത്രിസ്ഥാനം നല്‍കണം.
ഇക്കാര്യത്തില്‍ തീരുമാനം ഇടതുമുന്നണി യോഗത്തില്‍ ഉണ്ടാകും. കേരള കോണ്‍ഗ്രസ്-ബിക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ സി.പി.എമ്മും സി.പി.ഐയും മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യണം. ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് പദവികള്‍ ഇപ്പോള്‍ സി.പി.ഐയ്ക്കാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസും, ഐ.എന്‍.എല്ലും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.
ഇടതുമുന്നണി യോഗത്തിനു മുന്‍പ് ഘടകകക്ഷികള്‍ യോഗം ചേരും. സീറ്റു ലഭിച്ച എല്ലാ പാര്‍ട്ടികളും മന്ത്രിസ്ഥാനം ആവശ്യപ്പെടുകയും ചെയ്യും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദന്‍, കെ.കെ ശൈലജ, കെ. രാധാകൃഷ്ണന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം മണി, പി. രാജീവ്, കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി ചെറിയാന്‍, എം.ബി രാജേഷ്, വി.എന്‍ വാസവന്‍, എ.സി മൊയ്തീന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ മന്ത്രിമാരായേക്കും. വനിതകളില്‍ ശൈലജക്കു പുറമെ മികച്ച വിജയം നേടിയ വീണ ജോര്‍ജ്, കാനത്തില്‍ ജമീല എന്നിവരില്‍ ഒരാള്‍ക്കുകൂടി സാധ്യതയുണ്ട്. കെ.ടി ജലീലിന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. സ്പീക്കര്‍ വനിത മതിയെന്നു തീരുമാനിച്ചാല്‍ വീണ ജോര്‍ജിനാവും മുന്‍തൂക്കം.
അങ്ങനെയെങ്കില്‍ കാനത്തില്‍ ജമീലയോ ആര്‍. ബിന്ദുവോ മന്ത്രിമാരാകും. സി.ഐ.ടി.യു പ്രാതിനിധ്യം പരിഗണിച്ച് പി. നന്ദകുമാറിന് സാധ്യതയുണ്ട്. മുതിര്‍ന്ന നേതാക്കളില്‍ പി. മമ്മിക്കുട്ടിയുടെ പേരും പരിഗണനയില്‍ വന്നേക്കും. മലപ്പുറം പ്രാതിനിധ്യം വി. അബ്ദുറഹ്മാന് ലഭിച്ചേക്കും.
സി.പി.ഐയില്‍ നിന്ന് ഇ.കെ വിജയന്‍, പി. പ്രസാദ്, കെ. രാജന്‍, ചിറ്റയം ഗോപകുമാര്‍, ജി.ആര്‍ അനില്‍ എന്നിവര്‍ മന്ത്രിമാരായേക്കും. കേരള കോണ്‍ഗ്രസ്-എമ്മിന് ഒരു മന്ത്രി സ്ഥാനമേ നല്‍കിയേക്കൂ. റോഷി അഗസ്റ്റിനോ ഡോ. എന്‍. ജയരാജോ മന്ത്രിയാകും. മാത്യു ടി. തോമസോ കെ. കൃഷ്ണന്‍കുട്ടിയോ ജനതാദള്‍-എസില്‍ നിന്ന് മന്ത്രിയായേക്കും. എല്‍.ജെ.ഡിക്കു മന്ത്രിസ്ഥാനം നല്‍കിയാല്‍ കെ.പി മോഹനന്‍ മന്ത്രിയാകും. കോണ്‍ഗ്രസ്-എസിനു മന്ത്രിസ്ഥാനം നല്‍കിയാല്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി വീണ്ടും മന്ത്രിസഭയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."