കേരള രാഷ്ട്രീയത്തിലെ ഒറ്റക്കൊമ്പന്‍
കമ്യൂണിസ്റ്റായും കോണ്‍ഗ്രസായും കേരള കോണ്‍ഗ്രസായും രാഷ്ട്രീയജീവിതത്തില്‍ അതികായനായിരുന്നു ആര്‍. ബാലകൃഷ്ണപിള്ള. താന്‍ മരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാക പുതച്ച് കിടക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് പല സ്വകാര്യ സംഭാഷണങ്ങളിലും അഭിമുഖങ്ങളിലും പറഞ്ഞിരുന്ന പിള്ള അവസാനം ഇടതുമുന്നണിയില്‍ നിന്ന് ഇടതുമുന്നണിയുടെ ചരിത്ര വിജയം കണ്ടാണ് മണ്ണിലേക്ക് മടങ്ങിയത്.
ശ്രീമൂലം പ്രജാസഭാംഗവും ധനാഢ്യനുമായിരുന്ന വാളകം കീഴൂട്ട് രാമന്‍പിള്ളയുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി 1935 മാര്‍ച്ച് എട്ടിനാണ് ജനനം. ഇണങ്ങിയാല്‍ തലോടുകയും പിണങ്ങിയാല്‍ ക്രൂരമായി അക്രമിക്കുകയും ചെയ്യുന്ന കേരള രാഷ്ട്രീയത്തിലെ ഒറ്റക്കൊമ്പനായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിലും പത്തനാപുരത്തും മാത്രെമാതുങ്ങുന്ന ഒരു പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും സംസ്ഥാന രാഷ്ട്രീയത്തിലെ ഗര്‍ജിക്കുന്ന സിംഹമായി പിള്ള വളര്‍ന്നത് അദ്ദേഹത്തിന്റെ നിലപാടുകളാല്‍ തന്നെയായിരുന്നു. 1947ല്‍ വാളകം ഹൈസ്‌കൂളില്‍ നാലാംഫോറത്തില്‍ പഠിക്കുമ്പോള്‍ സ്റ്റുഡന്റ്‌സ് യൂണിയനില്‍ പി.കെ.വിയില്‍ നിന്ന് നാല് ചക്രത്തിന്റെ അംഗത്വമെടുത്ത് തുടങ്ങിയതാണ് രാഷ്ട്രീയജീവിതം. കമ്യൂണിസ്റ്റുകാരനായി ആരംഭിച്ച രാഷ്ട്രീയബോധം യൗവനത്തില്‍ കോണ്‍ഗ്രസിലേക്ക് വഴിമാറി.
പത്തനാപുരത്തുനിന്ന് സഭയിലേക്ക്
1964 മുതല്‍ 87 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്തിന്റെയും 87 മുതല്‍ 95 വരെ കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്ന പിള്ള, 1960ല്‍ 25ാം വയസില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി പത്തനാപുരത്തു നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 1965ല്‍ കൊട്ടാരക്കരയിലേക്ക് കളം മാറ്റിയ പിള്ളയെ കൊട്ടാരക്കരയും, പിള്ള കൊട്ടാരക്കരയെയും വളര്‍ത്തി. 1971ല്‍ മാവേലിക്കരയില്‍ നിന്നു ലോക്‌സഭാംഗമായി. 1975ല്‍ സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഗതാഗത, എക്‌സൈസ്, ജയില്‍ വകുപ്പുകളുടെ ചുമതല ഏറ്റെടുത്താണ് ആദ്യ മന്ത്രിസഭാ പ്രവേശനം. 1980-82, 82-85, 86-87 കാലഘട്ടങ്ങളില്‍ വൈദ്യുതിവകുപ്പ് മന്ത്രിയായി. 1991 മുതല്‍ 95വരെ കരുണാകരന്‍ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രി. 1995 മാര്‍ച്ച് 22 മുതല്‍ 95 ജൂലൈ 28 വരെ എ.കെ ആന്റണി മന്ത്രിസഭയിലംഗം. 2003-04 വര്‍ഷങ്ങളില്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രി. 2004ല്‍ ആന്റണിക്ക് പകരം വന്ന ഉമ്മന്‍ചാണ്ടി തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതു മുതലാണ് അദ്ദേഹം യു.ഡി.എഫുമായി തെറ്റിയത്. കൊട്ടാരക്കരയില്‍ കൊടിക്കുന്നിലിന്റെ വളര്‍ച്ചയും പിള്ളയും കോണ്‍ഗ്രസുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കി. 2006ല്‍ കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയോട് പരാജയപ്പെട്ടത് ഒപ്പം നിന്നവര്‍ കാലുവാരിയതിനാലാണെന്ന് പിള്ള ഉറച്ചു വിശ്വസിച്ചു. പാര്‍ട്ടിക്കുള്ളില്‍ മകനുമായുണ്ടായ ഭിന്നത കേരള കോണ്‍ഗ്രസ് (ബി) എന്ന ചെറുപാര്‍ട്ടിയെ പലപ്പോഴും പിളര്‍പ്പിന്റെ വക്കോളമെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ മകന്‍ മുട്ടുമടക്കുന്നത് കേരളം കണ്ടു. മകന്റെ മന്ത്രിസ്ഥാനം കളയാന്‍ രണ്ട് തവണ മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ പിള്ള അതേ മകന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയോട് കലഹിക്കുന്നതിനും രാഷ്ട്രീയ കേരളം സാക്ഷിയായി.
മന്ത്രിസ്ഥാനം തെറിച്ച പ്രസംഗം
പൊതുസമ്മേളന വേദിയിലെ തീപ്പൊരി പ്രസംഗം അതിരുവിട്ടപ്പോള്‍ അതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന ചരിത്രവുമുണ്ട് ആര്‍. ബാലകൃഷ്ണപ്പിള്ളക്ക്. പഞ്ചാബ് മോഡല്‍ പ്രസംഗം എന്നാണ് ആ വിവാദം പില്‍ക്കാലത്ത് അറിയപ്പെട്ടത്. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെ 1985 മെയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിലായിരുന്നു പിള്ളയുടെ പ്രസംഗം. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബിലേക്ക് മാറ്റിയതിലെ പ്രതിഷേധം കലാപാഹ്വാനത്തോളം വളര്‍ന്നപ്പോഴാണ് ആര്‍. ബാലകൃഷ്ണപിള്ളയുടെ മന്ത്രിസ്ഥാനം തെറിച്ചത്. വാക്കുകളില്‍ വിവാദം ഒളിപ്പിക്കുന്ന തനത് ശൈലി പിന്നീട് പലവട്ടം ആവര്‍ത്തിച്ചതിനും കേരളരാഷ്ട്രീയം സാക്ഷിയായി. 2016 ജൂലൈ 30ന് പത്തനാപുരത്ത് കമുകുഞ്ചേരിയില്‍ എന്‍.എസ്.എസ് യോഗത്തില്‍ നടത്തിയ പ്രസംഗം സാമുദായിക വിദ്വേഷം വളര്‍ത്തുന്നതെന്ന പരാതിക്കിടയാക്കി. സംഭവത്തില്‍ കേസെടുത്തു. ഐ.എസ്.ആര്‍.ഒ ചാരക്കേസ്, സോളാര്‍ തട്ടിപ്പ് എന്നിവയിലെല്ലാം പിള്ളയുടെ പ്രസംഗങ്ങള്‍ വിവാദമുയര്‍ത്തി.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രി
ഇടമലയാര്‍ കേസില്‍ 2011ല്‍ സുപ്രിംകോടതി തടവുശിക്ഷയ്ക്ക് വിധിച്ചതോടെയായിരുന്നു പിള്ളയുടെ ജയില്‍വാസം. വി.എസ് അച്യുതാനന്ദന്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലായിരുന്നു പിള്ളയുടെ കൈയില്‍ വിലങ്ങ് വീണത്. ഒരു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് അദ്ദേഹം ജയില്‍ മോചിതനായി. കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് അയോഗ്യനാക്കപ്പെട്ട ഏക എം.എല്‍.എയും ബാലകൃഷ്ണപിള്ളയാണ്. രാഷ്ട്രീയത്തിന് പുറമെ സിനിമയിലും അദ്ദേഹം ഒരുകൈ നോക്കിയിട്ടുണ്ട്. മകന്‍ ഗണേഷ്‌കുമാറിന് മുമ്പേ കാമറയ്ക്ക് മുന്നിലെത്തിയതും പിള്ള തന്നെയാണ്.
എന്‍.എസ്.എസ് ആത്മാവിന്റെ ഭാഗം
സാമുദായികാചാര്യന്‍ മന്നത്ത് പത്മനാഭനൊപ്പം പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ബാലകൃഷ്ണുപിള്ളയുടെ നായര്‍ സര്‍വിസ് സൊസൈറ്റിയോടുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമായിരുന്നു. 24ാം വയസിലാണ് പിള്ള എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. സ്വന്തം പാര്‍ട്ടിയേക്കാള്‍ അദ്ദേഹം എന്‍.എസ്.എസിനെ സ്‌നേഹിച്ചിരുന്നു. കരയോഗ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ബാലകൃഷ്ണപ്പിള്ളയോട് നിര്‍ദേശിച്ചത് മന്നത്ത് പത്മനാഭനാണ്. 1964ല്‍ മന്നം തുടങ്ങിവച്ച കേരള കോണ്‍ഗ്രസിന്റെ സ്ഥാപക സെക്രട്ടറിയായി അദ്ദേഹത്തെ നിയോഗിച്ചതും എന്‍.എസ്.എസ് തന്നെ. എന്‍.എസ്.എസ് നേൃതൃത്വത്തോട് ഇണങ്ങിയും പിണങ്ങിയുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം.
കേരള കോണ്‍ഗ്രസിലൂടെ
ചരിത്രത്തില്‍
കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കി 1964ല്‍ കേരള കോണ്‍ഗ്രസ് പിറവിയെടുത്തപ്പോള്‍ ആദ്യ ജനറല്‍ സെക്രട്ടറി ആര്‍. ബാലകൃഷ്ണ പിള്ളയായിരുന്നു. പ്രസിഡന്റ് കെ.എം ജോര്‍ജ്. 1976ല്‍ കെ.എം ജോര്‍ജ് അന്തരിച്ചപ്പോള്‍ മാണിയും പിള്ളയും രണ്ട് ചേരികളിലായി. പിളര്‍പ്പ് പ്രതിഭാസമായി മാറിയ കേരള കോണ്‍ഗ്രസിലെ ആദ്യപിളര്‍പ്പ് 1977ലാണ്. അന്ന് പിള്ളയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ബി നിലവില്‍ വന്നു. 1979ല്‍ മാണി വിഭാഗം വീണ്ടും പിളര്‍ന്നു. 1987, 93, 2009, 2010 വര്‍ഷങ്ങളിലും പിളരലും ലയിക്കലും അനുസ്യൂതം തുടര്‍ന്നു. 2015വരെ യു.ഡി.എഫില്‍ തുടര്‍ന്ന കേരള കോണ്‍ഗ്രസ് ബി പിന്നീട് എല്‍.ഡി.എഫിന്റെ ഭാഗമായി.
യു.ഡി.എഫിലും എല്‍.ഡി.എഫിലും
1980ല്‍ യു.ഡി.എഫിന് രൂപം നല്‍കിയത് താനും കരുണാകരനുമായിരുന്നെന്ന് പിള്ള അവകാശപ്പെട്ടിട്ടുണ്ട്. സമ്മര്‍ദ ഗ്രൂപ്പെന്നനിലയിലാണ് കേരള കോണ്‍ഗ്രസ് പലപ്പോഴും പ്രവര്‍ത്തിച്ചത്. പിള്ളയും ഒഴിഞ്ഞു നിന്നില്ല. കോണ്‍ഗ്രസിലായാലും കേരളയിലായാലും മാണിയെക്കാള്‍ മുതിര്‍ന്ന നേതാവ് താനാണെന്ന് അദ്ദേഹം കരുതി. മാണിയെക്കാള്‍ മുന്നെ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി മന്ത്രിസഭയിലെത്തിയത് പിള്ളയാണ്. കേരള കോണ്‍ഗ്രസിനെ ഇടതുപക്ഷ ചേരിയിലെത്തിച്ചതും പിള്ളയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."