വിമര്‍ശനങ്ങള്‍ രൂക്ഷമായി; ഒടുവില്‍ ആപ് എം.എല്‍.എമാര്‍ ജഹാംഗീര്‍ പുരി സന്ദര്‍ശിക്കാനെത്തി
ന്യൂഡല്‍ഹി: ഒടുവില്‍ ജഹാംഗീര്‍ പുരി സന്ദര്‍ശിക്കാന്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെത്തി. ഡല്‍ഹിയിലെ ജഹാഗീര്‍പൂരിയില്‍ വലിയ സംഭവവികാസങ്ങള്‍ നടന്നിട്ടും ഭരണകക്ഷിയായ ആം ആദ്മി വിഷയത്തില്‍ കാര്യമായി ഇടപെടുന്നില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് സന്ദര്‍ശനം.
2019ലെ ഷഹീന്‍ ബാഗ് പ്രതിഷേധത്തിലും 2020ലെ ഡല്‍ഹി കലാപത്തിലുമൊന്നും ഇടപെടാതിരുന്ന ആപിന്റെ സമീപനം ജഹാംഗീര്‍പുരിയിലും ആവര്‍ത്തിക്കുകയാണെന്നായിരുന്നു വിമര്‍ശനം. സോഷ്യല്‍ മീഡിയകളും ആപ് നേതാക്കളുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. സംഭവം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും ആംആദ്മിയിലെ ഏതാനും എം.എല്‍.എമാരാണ് ജഹാംഗീര്‍ പുരിയിലെത്തിയത്.
ദുരിതമനുഭവിക്കുന്ന പ്രദേശവാസികളെ സന്ദര്‍ശിക്കാന്‍ എന്തുകൊണ്ടാണ് ആം ആദ്മിക്ക് അഞ്ച് ദിവസമെടുത്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഫോണില്‍ ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നാണ് എം.എല്‍.എമാര്‍ മറുപടി പറഞ്ഞത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യങ്ങളെല്ലാം നേരത്തെ ആഭ്യന്തര മന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും എം.എല്‍.എമാര്‍ വ്യക്തമാക്കി.
അതേ സമയം എ.എ.പിയിലെ മുന്‍ നിര നേതാക്കളെല്ലാം ജഹാംഗീര്‍പുരിയിലെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിന് പകരം സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ജഹാഗീര്‍പൂരി സംഭവത്തെ അപലപിച്ചും കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള ട്വീറ്റിലൂടെ എപ്രില്‍ 16നാണ് വിഷയത്തില്‍ അവസാനമായി കെജ്‌രിവാള്‍ പ്രതികരിച്ചത്. ഇപ്പോള്‍ കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ഒരുക്കുന്ന തിരക്കിലാണ് അദ്ദേഹം.
ഡല്‍ഹിയില്‍ ബി.ജെ.പി ഗുണ്ടായിസം സൃഷ്ടിക്കുകയും രാജ്യത്തുടനീളം വര്‍ഗീയകലാപം ഒരുക്കുകയുമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാഘവ് ഛദ്ദ, അതിഷി, സഞ്ജയ് സിങ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും സോഷ്യല്‍ മീഡിയ വഴി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."