HOME
DETAILS
MAL
കാപ്പന് വിജയ പാലാഴി കടഞ്ഞതിങ്ങനെ
backup
May 03 2021 | 21:05 PM
കോട്ടയം: മാണി സി. കാപ്പന് വിജയത്തിന്റെ പാലാഴി കടഞ്ഞെടുത്തതിങ്ങനെ. മുന്‍ എം.പിയും സ്വന്തന്ത്രസമര സേനാനിയുമായിരുന്ന ചെറിയാന് ജെ. കാപ്പന്റെ പുത്രന് കെ.എം മാണിക്കെതിരേ പോരാട്ടത്തിനിറങ്ങിയ കാലം ഇടതിലെ സാധാരണ നേതാക്കളും പ്രവര്‍ത്തകരുമായി വലിയ ആത്മബന്ധം തന്നെ ഉണ്ടാക്കിയിരുന്നു. ഇയ് നിലനിര്‍ത്തിപ്പോന്ന കാപ്പന് കെ.എം മാണിയുടെ നിര്യാണശേഷം പാല പിടിച്ചു. അരനൂറ്റാണ്ടിലേറെ പാലക്കാര്ക്ക് അന്യമായിരുന്ന എം.എല്‍.എ ഓഫിസ് തുറന്നു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരെയും ഒപ്പമിരുത്തി പ്രശ്നങ്ങള്‍ പരിഹരിച്ചു നല്‍കാനും ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ നിന്നു. രാഷ്ട്രീയ മതജാതി ചിന്തകള്‍ക്കപ്പുറം കാപ്പന് എല്ലാവരുടെയും ജനപ്രതിനിധിയായി. എതിരാളിയുടെ ബലഹീനതയും വീഴ്ചകളും തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനം. പാലയില്‍ ജോസ് തോറ്റു കാണാന്‍ ആഗ്രഹിച്ച കേരള കോണ്‍ഗ്രസുകാര്‍ ഏറെയുണ്ടായിരുന്നു.
ജോസ് അറിയാതെ പോയതും കാപ്പന് തിരിച്ചറിഞ്ഞതുമാണിക്കാര്യം.
ജോസ് വിരോധം തിരിച്ചറിഞ്ഞു കാപ്പന് രണ്ടിലയിലും ചോര്‍ച്ച സൃഷ്ടിച്ചു. രണ്ടിലയില്‍ കുത്താനുള്ള ഇടതുപ്രവര്‍ത്തകരുടെ വിരക്തിയും കാപ്പനോളം തിരിച്ചറിഞ്ഞവരില്ല. ഈ വോട്ടുകളും കാപ്പന്റെ ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകനില് പതിച്ചു. ജോസിനെ വീഴ്ത്തുകയെന്ന ഒറ്റല്യക്ഷത്തില് യു.ഡി.എഫ് ഒറ്റക്കെട്ടായി നീങ്ങിയപ്പോള്‍ അസ്വാരസ്യങ്ങളുടെ കൂടാരമായിരുന്നു പാലയിലെ എല്‍.ഡി.എഫ്. പിണറായി - ജോസ് യോജിപ്പ് താഴെത്തട്ടില്‍ പ്രതിഫലിച്ചില്ല. എ.കെ.ജി സെന്ററില്‍ നിന്നുനിയോഗിച്ച പ്രത്യേക സംഘമെത്തിയിട്ടും ജോസിന് രക്ഷകിട്ടിയില്ല. സി.പി.എം കേഡര്‍ വോട്ടുകളെ ജോസിന് അനുകൂലമാക്കാനായെങ്കിലും അനുഭാവികളുടെ വികാരം കാപ്പന് ഒപ്പമായിരുന്നു.
കാപ്പന് അനുകൂലമായി മണ്ഡലത്തില്‍ അലയടിച്ച സഹതാപ തരംഗവും ജോസ് കെ. മാണിയുടെ പതനത്തിന് ആക്കംകൂട്ടി. പോള്‍ ചെയ്തതിന്റെ 50.43 ശതമാനം വോട്ടും കാപ്പനു വീണു, ജോസ് 39.32 ശതമാനത്തിലൊതുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."