HOME
DETAILS
MAL
പോര്‍ച്ചുഗീസ് ഭീകരതയുടെ ഓര്‍മയില്‍ ഒരു റമദാന്‍ 22 കൂടി
backup
May 03 2021 | 22:05 PM
കോഴിക്കോട്: മലബാറില്‍ അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുസ്‌ലിംകളെ ലക്ഷ്യംവച്ച് പറങ്കിപ്പടയുടെ ക്രൂരനായകന്‍ അല്‍ബുക്കര്‍ക്കും കൂട്ടരും കുറ്റിച്ചിറ മിശ്കാല്‍ പള്ളിക്ക് തീവച്ചതിന്റെയും നിരവധി പേര്‍ രക്തസാക്ഷികളായതിന്റെയും ഓര്‍മയില്‍ വീണ്ടും ഒരു റമദാന്‍ 22 കൂടി.
ക്രിസ്താബ്ദം 1510 ജനുവരി മൂന്ന് (ഹിജ്‌റ വര്‍ഷം 915). കല്ലായിപ്പുഴ കടന്ന് പട്ടണത്തില്‍ പ്രവേശിച്ച പറങ്കിപ്പട മിശ്കാല്‍ പള്ളിക്ക് തീവച്ചു. മുസ്‌ലിംകളെ അടിച്ചമര്‍ത്തുകയായിരുന്നു അല്‍ബുക്കര്‍ക്കിന്റെ ലക്ഷ്യം. തുടര്‍ന്ന് നടന്ന സംഘട്ടനത്തില്‍ അഞ്ഞൂറോളം മുസ്‌ലിം-നായര്‍ പടയാളികള്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പോരാടുകയും നിരവധിപേര്‍ രക്തസാക്ഷികളാവുകയും ചെയ്തു. ഇത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാലു നിലയിലുളള പള്ളിക്കു തീവയ്പ്പില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. മിഹ്‌റാബ് (നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന സ്ഥലം) അടക്കം പള്ളിയുടെ വലിയൊരു ഭാഗം കത്തിനശിപ്പിച്ചിരുന്നതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നുണ്ട്. ആക്രമണത്തിന്റെ മായാത്ത അടയാളങ്ങള്‍ ഇപ്പോഴും പള്ളിയുടെ മുകള്‍നിലയിലുണ്ട്. പിന്നീട് പള്ളി പുതുക്കിപ്പണിയാന്‍ നൂറു വര്‍ഷം എടുത്തതായി സൈനുദ്ദീന്‍ മഖ്ദും രേഖപ്പെടുത്തിയിട്ടുണ്ട്.
പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട സാമൂതിരിയുടെ പടനായകന്‍ കുഞ്ഞാലി മരക്കാരുടെ നേതൃത്വത്തില്‍ തകര്‍ത്തപ്പോള്‍ അതിന്റെ സാധനസാമഗ്രികള്‍ കുറ്റിച്ചിറയിലെത്തിച്ച് മിശ്കാല്‍ പള്ളി പുതുക്കിപ്പണിയാന്‍ ഉപയോഗിക്കുകയായിരുന്നുവത്രേ. 1548ല്‍ (ഹിജ്‌റ 1028) ഹാജി അബ്ദുല്ല ഇബ്‌നു താജുല്‍ മുസ്‌ലിം മില്‍ഷാബന്തര്‍ ജമാലുദ്ദീന്‍ അന്താബി പള്ളിയും മിഹ്‌റാബും പുതുക്കിപ്പണിതു. പിന്നീട് ഹിജ്‌റ 1088ല്‍ ഖാജാ ഷാബന്തര്‍ ഉമറുല്‍ അന്താബിയും പള്ളി പുതുക്കിപ്പണിതു.
കോഴിക്കോടിന്റെ മത സൗഹാര്‍ദത്തിന്റെ പ്രതീകമായ, കേരളീയ വാസ്തു ശൈലിയില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന മിശ്കാല്‍ പള്ളി എ.ഡി 1300 നും 330നും ഇടയിലാണ് പണി കഴിപ്പിച്ചത്. 14ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കപ്പലുടമയായ അറബ് പ്രമുഖന്‍ നഹൂദാ മിശ്കാല്‍ ആണ് പള്ളി പണികഴിപ്പിച്ചതെന്നാണ് വിവരം.
വീണ്ടുമൊരു റമദാന്‍ 22 സമാഗതമാകുമ്പോള്‍ കുറ്റിച്ചിറയും പരിസരവും പഴയ പോര്‍ച്ചുഗീസ് ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ജ്വലിക്കുന്ന ഓര്‍മകളിലേക്ക് മടങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."