ചരിത്രം തിരുത്തിക്കുറിച്ച് ഹെകാനി ജഖാലു
കോഹിമ: നാഗാലാന്‍ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലംപുറത്തുവന്നപ്പോള്‍ ആദ്യമായി നിയമസഭയിലേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്‍ഡിപിപി സ്ഥാനാര്‍ഥിയായ ഹെക്കാനി ജഖാലുവാണ് നാഗാലാന്‍ഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന നേട്ടം കൈവരിച്ചത്. എന്‍ഡിപിപിയുടെ മറ്റൊരു വനിതാ സ്ഥാനാര്‍ഥിയായ സര്‍ഹൗത്യൂനോ ക്രൂസെ ലീഡ് ചെയ്യുകയാണ്.
ദിമാപൂര്‍ മണ്ഡലത്തില്‍ നിന്ന് 1,536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) സ്ഥാനാര്‍ഥി അസെറ്റോ സിമോമിയെ പരാജയപ്പെടുത്തിയത്. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) സ്ഥാനാര്‍ഥിയായാണ് ഹെകാനി മത്സരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ 183 സ്ഥാനാര്‍ഥികളില്‍ നാല് വനിതകള്‍ മാത്രമാണ് ഇത്തവണ ജനവിധി തേടിയത്. ഹെകാനി ജഖാലുവിനെ കൂടാതെ ടെനിങ്ങില്‍ കോണ്‍ഗ്രസിന്റെ റോസി തോംപ്സണ്, വെസ്റ്റ് അംഗമിയില്‍ എന്‍.ഡി.പി.പിയുടെ സല്‍ഹൗതുവോനുവോ, അതോയ്ജു സീറ്റില്‍ ബി.ജെ.പിയുടെ കഹുലി സെമ എന്നിവരാണ് മറ്റ് വനിതകള്‍.
സംസ്ഥാന പദവി നേടി 60 വര്‍ഷം കഴിഞ്ഞിട്ടും നാഗാലാന്‍ഡ് നിയമസഭയിലേക്ക് ഒരു വനിതയെ തെരഞ്ഞെടുത്തിരുന്നില്ല. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ പുരുഷന്മാരെക്കാള് (6.52 ലക്ഷം) കൂടുതല്‍ വനിതകളാണ് (6.55 ലക്ഷം). അതിനാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലു വനിതകളില്‍ ആരാകും ചരിത്രം സൃഷ്ടിക്കുക എന്ന ആകാംക്ഷയിലായിരുന്നു നാഗാലാന്‍ഡിലെ ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."