2019ല്‍ ജനനം, പ്രാദേശിക തെരഞ്ഞെടുപ്പില്‍ അട്ടിമറി ജയം, ഇപ്പോള്‍ നിയമസഭയിലും ശക്തി തെളിയിച്ചു; അറിയാം ത്രിപുരയുടെ സ്വന്തം 'തിപ്ര മോത'യെ
അഗര്‍ത്തല: 2019ല്‍ പിറവി കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ത്രിപുരയില്‍ ശക്തി തെളിയിച്ചു തിപ്ര മോത എന്ന കുഞ്ഞു പാര്‍ട്ടി. പ്രാദേശിക പാര്‍ട്ടിയെന്ന പ്രത്യേകതയും കൂടിയുണ്ട് ഈ കുഞ്ഞന്‍ പാര്‍ട്ടിക്ക്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്ന മത്സരം അരങ്ങേറിയത് ത്രിപുരയിലാണ്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഒരുമിച്ചു കൈകോര്‍ത്തു എന്നതിന് പുറമേ ഇവിടെ ശ്രദ്ധേയമായത് തിപ്ര മോതയുടെ പ്രകടനമാണ്.
ഇടതുപക്ഷത്തിന് ശക്തമായ വേരുകളുള്ള സംസ്ഥാനമാണ് ത്രിപുര. സി.പി.എം തുടര്‍ച്ചയായി കാല്‍നൂറ്റാണ്ട് ഭരിച്ച സംസ്ഥാനം. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിനു പുറമേ സി.പി.എം ഭരിച്ചിരുന്ന ഏക സംസ്ഥാനവും ത്രിപുര ആയിരുന്നു. എന്നാല്‍, കഴിഞ്ഞ വട്ടം ഗതിമാറി. ബി.ജെ.പി പൂജ്യം സീറ്റില്‍നിന്ന് 36 സീറ്റുകളിലേക്ക് കുതിച്ചുകയറി സംസ്ഥാന ഭരണം പിടിച്ചു.
കേവലഭൂരിപക്ഷത്തിന് 31 സീറ്റുകള്‍ മാത്രം വേണ്ട ത്രിപുര നിയമസഭയില്‍ സഖ്യകക്ഷിയായ ഗോത്രവര്‍ഗ പാര്‍ട്ടി ഐ.പി.എഫ്.ടിയുടേതുള്‍പ്പെടെ 44 സീറ്റുകളുമായാണ് അവര്‍ അധികാരത്തിലെത്തിയത്. 49 സീറ്റുകളുണ്ടായിരുന്ന ഇടതുപക്ഷം 16 സീറ്റുകളിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസ് പത്തു സീറ്റുകളില്‍നിന്ന് പൂജ്യത്തിലേക്കും.
കോണ്‍ഗ്രസിന് സി.പി.എമ്മിനെ പോലെ തന്നെ ക്ഷീണം സംഭവിച്ചു. അതിനിടെയാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന പ്രദ്യുത് ദേബ് ബര്‍മന്‍ അധ്യക്ഷ സ്ഥാനം രാജിവെക്കുന്നത്. ത്രിപുരയിലെ രാജകുടുംബാംഗം കൂടിയാണ് പ്രദ്യുത്. അഴിമതിക്കാരായ ആളുകളെ പ്രധാന സ്ഥാനങ്ങളില്‍ അവരോധിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ബന്ധിക്കുന്നു എന്ന് പറഞ്ഞായിരുന്നു രാജി.
ഇതിന് പിന്നാലെ ത്രിപുരയിലെ തദ്ദേശീയരെ സഹായിക്കുന്നതിനായി തിപ്ര മോതക്ക് രൂപം നല്‍കി. 2021ലാണ് തിപ്ര മോത രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുന്നത്. ഇന്‍ഡിജനസ് നാഷനലിസ്റ്റ് പാര്‍ട്ടി ഓഫ് തിപ്ര, തിപ്ര ലാന്‍ഡ് സ്റ്റേറ്റ് പാര്‍ട്ടി, ഐ.പി.എഫ്.ടി (തിപ്ര) എന്നീ പാര്‍ട്ടികള്‍ പിന്നീട് തിപ്ര മോതയില്‍ ലയിച്ചു. ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 18 എണ്ണവും തിപ്ര സഖ്യം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."