HOME
DETAILS
MAL
മഞ്ചേശ്വരത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെ ഞെട്ടലില്‍ യു.ഡി.എഫ്
backup
May 03 2021 | 22:05 PM
കാസര്‍കോട്: ബി.ജെ.പി കണ്ണുനട്ടിരുന്ന മഞ്ചേശ്വരം 'അക്കൗണ്ട്' ഇത്തവണയും യു.ഡി.എഫ് ഫിക്സഡ് ഡിപ്പോസിറ്റായി നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷത്തിലുണ്ടായ വലിയ കുറവ് യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. കെ. സുരേന്ദ്രനെതിരായ 2016ലെ 89 വോട്ടിന്റെ ഭൂരിപക്ഷം എ.കെ.എം അഷ്റഫിലൂടെ യു.ഡി.എഫ് 745 ആയി ഉയര്‍ത്തിയെങ്കിലും 2019ലെ ഉപതെരഞ്ഞെടുപ്പിന്റെ ഭൂരിപക്ഷത്തില്‍നിന്ന് വന്‍ ഇടിവാണുണ്ടായത്. ഉപതെരഞ്ഞെടുപ്പില്‍ 7,923 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗിലെ എം.സി ഖമറുദ്ദീന് ജയിച്ചത്.
ശക്തികേന്ദ്രങ്ങളില്‍ തന്നെ യു.ഡി.എഫിനു വോട്ട് കുറഞ്ഞെന്നാണ് ഫലം വ്യക്തമാക്കുന്നത്. ഉപതെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നൂറില്പരം വോട്ടുകള്‍ മാത്രമാണ് യു.ഡി.എഫിനു മണ്ഡലത്തില്‍ വര്‍ധിച്ചത്.
എന്നാല്‍ എന്‍.ഡി.എയ്ക്ക് ഏഴായിരത്തില്പരം വോട്ടുകളും എല്‍.ഡി.എഫിന് രണ്ടായിരത്തില്പരം വോട്ടുകളും വര്‍ധിച്ചു. 2016നെ അപേക്ഷിച്ച് യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ എന്‍.ഡി.എയ്ക്കും എല്‍.ഡി.എഫിനും വോട്ടുകള്‍ കൂടുതലായി കിട്ടുകയും ചെയ്തു. ഇത് യു.ഡി.എഫില്‍ ചര്‍ച്ചയാകും.
ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കകത്ത് സ്ഥാനാര്ഥിനിര്ണയുമായി ബന്ധപ്പെട്ടുണ്ടായതുപോലുള്ള വലിയ അഭിപ്രായവ്യത്യാസങ്ങള്‍ ഇത്തവണ ഉണ്ടായിരുന്നില്ല.
സംസ്ഥാനത്താകെ പ്രതിഫലിച്ച എല്‍.ഡി.എഫ് അനുകൂല തരംഗവും മണ്ഡലത്തിലെ യു.ഡി.എഫിനകത്തെ അസ്വാരസ്യങ്ങളും ഭൂരിപക്ഷത്തെ ബാധിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."