മമതക്കെതിരായ അപകീര്‍ത്തി പരാമര്‍ശം, വംശഹത്യക്ക് ആഹ്വാനം; കങ്കണയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്തു. മമതക്കെതിരായ വിവാദപരമായ ട്വീറ്റിനെ തുടര്‍ന്നാണ് നടപടി. മമതാ ബാനര്‍ജിയെ രാക്ഷസിയെന്ന് വിളിച്ച ട്വീറ്റില്‍, വംശഹത്യക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്തെന്നും വ്യാപക വിമര്‍ശനമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് ബി.ജെ.പി എം.പി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചാണ് കങ്കണ വിവാദ പരാമര്‍ശം നടത്തിയത്.
ഇത് ഭയാനകമാണ്. ഗുണ്ടയെ കൊല്ലാന്‍ നമുക്ക് സൂപ്പര്‍ ഗുണ്ടയെ ആവശ്യമുണ്ട്. അവര്‍ ഒരു അഴിച്ചുവിട്ട രാക്ഷസിയാണ്. അവരെ മെരുക്കാന്‍ മോദിജീ, ദയവായി 2000ത്തിന്റെ തുടക്കത്തിലെ താങ്കളുടെ വിശ്വരൂപം കാണിക്കൂ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ബംഗാളില്‍ രാഷ്ട്രപതി ഭരണം എന്ന ഹാഷ്ടാഗും കങ്കണ ഉള്‍പ്പെടുത്തി.
ഇതോടെ ട്വിറ്ററിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നു. ഗുജറാത്ത് കലപാം പശ്ചിമ ബംഗാളില്‍ ആവര്‍ത്തിക്കാനാണ് കങ്കണ ആഹ്വാനം ചെയ്തതെന്ന് പലരും വിമര്‍ശിച്ചു. കങ്കണയെ വിമര്‍ശിച്ച് ആയിരക്കണക്കിന് ട്വീറ്റുകളാണ് വന്നത്. ഇതോടെയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."