സിൽവർലൈൻ പ്രതിഷേധം സർക്കാരിന് തലവേദനയാകുന്നു
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സി.പി.എം പാർട്ടി കോൺഗ്രസിനെ തുടർന്ന് നിർത്തിവച്ചിരുന്ന സിൽവർ ലൈൻ പദ്ധതിക്കു വേണ്ടിയുള്ള സാധ്യതാ പഠനത്തിന് സർവേക്കല്ലിടൽ കഴിഞ്ഞ ദിവസം പുനരാരംഭിച്ചപ്പോൾ വീണ്ടും തുടങ്ങിയ പ്രതിഷേധം സർക്കാരിന് തലവേദയാകുന്നു. ജനങ്ങളുടെ എതിർപ്പ് മാറ്റാനുള്ള മഹാപ്രചാരണ യോഗവും ഗൃഹസന്ദർശനവുമൊക്കെ സംഘടിപ്പിച്ചിട്ടും പ്രതിഷേധം മറികടക്കാനാവാത്തത് സർക്കാരിന് വെല്ലുവിളിയായി മാറുകയാണ്.
കഴിഞ്ഞ ദിവസം കല്ലിടൽ വീണ്ടും ആരംഭിച്ചപ്പോൾ തന്നെ ശക്തമായ പ്രതിഷേധത്തെയും വരവേൽക്കേണ്ടി വന്നു.
തലസ്ഥാന ജില്ലയിൽ പൊലിസുകാരൻ പ്രതിഷേധക്കാരനെ ചവിട്ടിവീഴ്ത്തിയതോടെ സമരത്തിനൊപ്പം വിവാദവും കടുത്തു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതിയും നൽകി. ഇന്നലെയും പല സ്ഥലങ്ങളിലും കല്ലിടൽ തടഞ്ഞു.
പ്രതിഷേധം രൂക്ഷമായി നിൽക്കെയാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് കണക്കിലെടുത്ത് സർവേ തൽകാലം നിർത്തിയത്. പാർട്ടി കോൺഗ്രസിന് തൊട്ടുമുമ്പായി നഷ്ടപരിഹാര പാക്കേജുൾപ്പെടെ വിശദീകരിച്ച് സി.പി.എം നേതാക്കൾ ഗൃഹസന്ദർശനത്തിനിറങ്ങിയെങ്കിലും അത് അത്രയ്ക്കങ്ങ് ഉൾക്കൊള്ളാൻ കുടിയൊഴിപ്പിക്കപ്പെടുന്നവർ തയാറായില്ല. അവിടെയും പ്രതിഷേധങ്ങൾ നേരിട്ടതോടെയാണ് സർവേ നിർത്തിവച്ചത്.
പാർട്ടി കോൺഗ്രസിന് ദേശീയനേതാക്കളും സംസ്ഥാനങ്ങളിലെ പ്രതിനിധികളുമെത്തുമ്പോൾ ജനകീയസമരം സൃഷ്ടിക്കുന്ന വിവാദം മോശമാകുമെന്നും സർക്കാർ വിലയിരുത്തിയതിനെ തുടർന്നാണ് കല്ലിടൽ നിർത്തിയിരുന്നത്.
പദ്ധതിക്കനുകൂലമായ ജനവികാരം സൃഷ്ടിക്കാനും പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ പ്രചാരണമാണെന്ന് സ്ഥാപിക്കാനും വിപുലമായ പ്രചാരണത്തിന് സി.പി.എം തീരുമാനിച്ചിരുന്നു.
അതിനു പിന്നാലെയാണ് വീണ്ടും സർവേ ആരംഭിച്ചത് തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർ ഇറങ്ങിയത്. യു.ഡി.എഫ് പ്രവർത്തകരാണ് പ്രതിഷേധത്തിനു മുന്നിൽ നിൽക്കുന്നതെങ്കിലും മിക്കയിടത്തും കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ അണിചേരുന്നതാണ് സർക്കാരിന് തലവേദനയാകുന്നത്.
നഷ്ടപരിഹാരം കിട്ടുമ്പോൾ പ്രതിഷേധം തണുക്കുമെന്ന് കരുതുന്ന സി.പി.എമ്മിന്, അതിനു മുമ്പ് പ്രതിഷേധം എങ്ങനെ ശമിപ്പിക്കുമെന്നതാണ് വെല്ലുവിളി. ശബരിമല യുവതീപ്രവേശന വിധി വന്ന കാലത്തെ പ്രതിഷേധങ്ങൾക്കു സമാനമായി ഇതിനെ കാണുന്നവരുണ്ട്. അതിനെ മറികടന്നില്ലെങ്കിൽ സിൽവർ ലൈനിന്റെ ഭാവിനീക്കങ്ങൾ അനിശ്ചിതത്വത്തിലാകും.
വരും ദിവസങ്ങളിൽ ഉന്നത നേതാക്കളടക്കം വീണ്ടും ഗൃഹസന്ദർശനം നടത്തി ജനങ്ങളെ ബോധവൽകരിക്കും. വികസന നയരേഖയും പ്രചാരണത്തിനുപയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."