സുല്‍ത്താന്‍ ബത്തേരി അല്ല, അത് ഗണപതിവട്ടം; പേരുമാറ്റം അനിവാര്യമെന്ന് കെ.സുരേന്ദ്രന്‍
കോഴിക്കോട്: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന ആവശ്യത്തിലുറച്ച് വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം അനിവാര്യമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. വിഷയം 1984ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
'സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. അതിന് മുന്‍പ് ഈ നാട്ടില്‍ ആളൊന്നും ഉണ്ടായിരുന്നില്ലേ?. ഗണപതി വട്ടം ക്ഷേത്രം ഉണ്ടായിരുന്നില്ലേ?. ഇത് താന്‍ പറഞ്ഞതല്ല, 1984ല്‍ പ്രമോദ് മഹാജന്‍ പറഞ്ഞതാണ്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും സുല്‍ത്താന്‍ ബത്തേരി എന്നുപറയാനാണ് ഇഷ്ടം. എന്തിനാണ് അക്രമിയായിട്ടുള്ള, ക്ഷേത്രധ്വംസനം നടത്തിയിട്ടുള്ള ഒരാളുടെ പേരില്‍ എന്തിനാണ് ഇത്രയും നല്ല സ്ഥലം അറിയപ്പെടുന്നത്. തങ്ങള്‍ അതിനെ ഗണപതി വട്ടമെന്നാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബത്തേരിയുടെ പേരുമാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞത്.
അതേസമയം, ചരിത്രം മായ്ക്കാനുള്ള ബോധപൂര്‍വശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ട് ബോധപൂര്‍വം ഇത്തരം പ്രചാരണങ്ങളുമായി രംഗത്തിറങ്ങുകയാണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."