'വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിലെടുക്കൂ,അതൊരു ആയുധമാണ്': ഇന്ന് ലോക പുസ്തക ദിനം
'പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു,പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്,പുത്തന്‍ കാര്യങ്ങള്‍ അകത്തുള്ളത് പുത്തകം' കാലങ്ങള്‍ക്ക് മുന്‍പേ കുഞ്ഞുണ്ണിമാഷ് കുറിച്ച വാക്കുകളാണിത്. അത്രമേല്‍ പുത്തല്‍ ചിന്തകള്‍ ഉടലെടുക്കുന്നത് ഓരോ വായനയ്ക്ക് ശേഷമാണ്. ഇന്ന് ലോക പുസ്തക ദിനം. വായനയെ അത്രമേല്‍ സ്‌നേഹിച്ചവരുടെ ദിനമാണിത്. യുനെസ്‌കോയുടെ ആഹ്വാന പ്രകാരമാണ് ഏപ്രില്‍ 23 ലോകമെമ്പാടുമുള്ള വായനക്കാര്‍ ലോക പുസ്തക പകര്‍പ്പവകാശ ദിനമായി ആചരിക്കുന്നത്.
ലോക സാഹിത്യത്തിലെ അതികായന്‍മാരായ വില്യം ഷേക്‌സ്പിയര്‍, മിഗ്വെല്‍ ഡി. സെര്‍വാന്റെസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രില്‍ 23. ഈ മഹാന്മാരോടുള്ള ആദരസൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാന്‍ 1995ല്‍ പാരീസില്‍ ചേര്‍ന്ന യുനെസ്‌കോ പൊതു സമ്മേളനത്തില്‍ തീരുമാനിച്ചത്. ഷേക്‌സ്പിയറുടെ ജന്മദിനവും ചരമദിനവും ഏപ്രില്‍ 23നാണ്.
'വായിക്കുക, അതിനാല്‍ നിങ്ങള്‍ക്ക് ഒരിക്കലും താഴ്ന്നതായി തോന്നരുത്' എന്നതാണ് ഈ വര്‍ഷത്തെ ലോക പുസ്തക ദിനാചരണം മുന്നോട്ട് വെക്കുന്ന ആശയം. ഇതിലൂടെ ജനങ്ങളുടെ വായനാശീലം വിപുലമാക്കുക, പുസ്തകങ്ങളുടെ വ്യാപ്തി തിരിച്ചറിയുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.
എല്ലാവര്‍ഷവും യുനെസ്‌കോയും മറ്റ് അന്താരാഷ്ട്ര പ്രസാധകരും ലൈബ്രറികളും പുസ്തക വില്‍പ്പന സ്ഥാപനങ്ങളും ചേര്‍ന്ന് ഒരു സ്ഥലത്തെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കാറുണ്ട്. ജോര്‍ജിയയിലെ ടിബിലിസി നഗരത്തെയാണ് 2021 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്തത്.
വായന ഒരു അനുഭൂതി തന്നെയാണ് സര്‍വ്വവും സ്വായത്തമാക്കുന്ന അനുഭൂതി. 'വായനക്കാരന്‍ മരണത്തിനു മുമ്പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു, എന്നാല്‍ ഒന്നും വായിക്കാത്തവന്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു' എന്ന് ജോര്‍ജ് ആന്‍ മാര്‍ട്ടിനെക്കൊണ്ട് പറയിച്ചതും ഈ വായനാനുഭൂതി തന്നെ. നോവല്‍, കഥ, കവിത, യാത്രാവിവരണങ്ങള്‍, പരിഭാഷകള്‍, ലേഖനങ്ങള്‍ തുടങ്ങിയ കലാസാഹിത്യ ഗ്രന്ഥങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാള ഭാഷ.വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിലെടുക്കൂ,അതൊരു ആയുധമാണ്-ബെര്‍ത്തോള്‍ഡ് ബ്രഹ്ത പറഞ്ഞുവെച്ചതും വെറുതെയല്ല.
ലൈബ്രറി ഇല്ലായിരുന്നെങ്കില്‍ നമുക്ക് ഭാവിയോ ഭൂതകാലമോ ഉണ്ടായിരിക്കില്ല എന്ന് റേ ബ്രാഡ്ബറി പറഞ്ഞിരുന്നു. ചരിത്രങ്ങളും ചിന്തകളും ഭാവനകളും ഒളിഞ്ഞിരിക്കുന്നത് പുസ്തക താളുകളിലാണ്. അലമാരയ്ക്കുള്ളില്‍ ബന്ധിയാക്കാതെ അവയെ പുറത്തെടുത്ത് അക്ഷരങ്ങളിലൂടെ സഞ്ചരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."