'അഭിപ്രായം സ്വതന്ത്രം, വസ്തുത പവിത്രം'
നൂറു വര്‍ഷം മുന്‍പ് ഇന്നേ ദിവസം, കൃത്യമായി പറഞ്ഞാല്‍ 1921 മെയ് അഞ്ചിന്, പ്രശസ്തമായ ഒരു ബ്രിട്ടിഷ് പത്രത്തിന്റെ ശതാബ്ദി ദിനത്തില്‍ പത്രത്തിന്റെ പ്രശസ്തനായ പത്രാധിപര്‍ എഴുതിയ ലേഖനത്തിലെ പ്രശസ്തമായിത്തീര്‍ന്ന ഒരു ചെറുവാക്യമാണ് ഈ ലേഖനത്തിന്റെ ശീര്‍ഷകം. പത്രത്തിന്റെ പേര് മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍. 1959ല്‍ പത്രം മാഞ്ചസ്റ്റര്‍ എന്ന പേരുപേക്ഷിച്ച് ലണ്ടനിലെത്തി ദ് ഗാര്‍ഡിയന്‍ ആയി മാറി. സി.പി സ്‌കോട്ട് എന്നറിയപ്പെടുന്ന ചാള്‍സ് പ്രെസ്റ്റ്‌വിച്ച് സ്‌കോട്ട് ആയിരുന്നു പത്രാധിപര്‍. Comment is free, but facts are sacred F-¶-Xm-bn-cp-¶p 'A Hundred Y-ears'
എന്ന ശീര്‍ഷകത്തില്‍ പത്രാധിപര്‍ എഴുതിയ മുഖലേഖനത്തിലെ പ്രശസ്തമായിത്തീര്‍ന്ന ഏഴു വാക്കുകള്‍.
പത്രപ്രവര്‍ത്തനത്തിന്റെ ആത്മാവിനെ കണ്ടെത്തുകയും നിര്‍വചിക്കുകയും ചെയ്ത ഹ്രസ്വവാക്യമാണത്. ചില പ്രസ്താവനകള്‍ അങ്ങനെയാണ്. ലാളിത്യംകൊണ്ടും അര്‍ഥസമ്പുഷ്ടികൊണ്ടും അവ ചരിത്രത്തിലും മാനവസ്മൃതിയിലും മുദ്രിതമായിത്തീരും. ഗെറ്റിസ്ബര്‍ഗിലെ 272 വാക്കുകള്‍ മാത്രമുള്ള ഹ്രസ്വഭാഷണത്തില്‍ ഏബ്രഹാം ലിങ്കണ്‍ പത്തു വാക്കുകളില്‍ ജനാധിപത്യത്തിനു നല്‍കിയ നിര്‍വചനം അപ്രകാരം അവിസ്മരണീയമായിത്തീര്‍ന്നു. Government of the people, by the people, for the people എന്നതാണ് എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികളും ഹൃദിസ്ഥമാക്കിയിട്ടുള്ള ആ നിര്‍വചനം. ലോകമെങ്ങുമുള്ള ജേണലിസം ക്ലാസുകളിലും പ്രഭാഷണങ്ങളിലും വിരസതയില്ലാതെ നൂറു വര്‍ഷമായി ആവര്‍ത്തിക്കപ്പെടുന്ന വാക്കുകളാണ് സ്‌കോട്ടിന്റേത്. എന്റെ ക്ലാസുകളിലും സെമിനാര്‍ പ്രഭാഷണങ്ങളിലും ഇത്രമാത്രം ഉദ്ധരിച്ചിട്ടുള്ള മറ്റൊരു വ്യക്തിയില്ല.
ഇരുപത്തിയാറാമത്തെ വയസില്‍ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ പത്രാധിപരായി 57 വര്‍ഷം ആ പദവിയിലിരുന്ന ആളാണ് സി.പി സ്‌കോട്ട്. പത്രത്തിനു ക്ഷീണകാലമായപ്പോള്‍ അദ്ദേഹം തന്റെ ബന്ധുവായ ഉടമയില്‍നിന്ന് സ്ഥാപനം വിലയ്ക്കു വാങ്ങി. സ്‌കോട്ട് ട്രസ്റ്റ് എന്ന കമ്പനിയുണ്ടാക്കി. കവികളായ ജോണ്‍ മേസ്ഫീല്‍ഡ്, ജോണ്‍ മേനാര്‍ഡ് ഹോപ്കിന്‍സ്, ചരിത്രകാരനായ ആര്‍ണോള്‍ഡ് ടോയിന്‍ബി തുടങ്ങിയ പ്രശസ്തരുടെ പിന്തുണ അദ്ദേഹത്തിനു ലഭിച്ചു.
വിശ്വാസ്യതയില്ലാത്ത പത്രം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് സ്‌കോട്ട് കരുതി. പത്രത്തിന്റെ ആത്മാവിനെ സ്‌കോട്ട് നിര്‍വചിച്ചത് പരാമര്‍ശവിഷയമായ ഏഴു വാക്കുകളിലാണ്. അഭിപ്രായം സ്വതന്ത്രവും വസ്തുതകള്‍ വിശുദ്ധവും എന്ന് സ്‌കോട്ട് പറഞ്ഞതില്‍ പത്രപ്രവര്‍ത്തനത്തെ സംബന്ധിക്കുന്ന എല്ലാ തത്ത്വങ്ങളും അടങ്ങിയിരിക്കുന്നു. സ്വതന്ത്രമായ അഭിപ്രായപ്രകടനം ജനാധിപത്യത്തിലെന്നപോലെ പത്രപ്രവര്‍ത്തനത്തിലും അത്യന്താപേക്ഷിതമാണ്. അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള നിരങ്കുശമായ സ്വാതന്ത്ര്യം അവകാശപ്പെടുമ്പോഴും അത് വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. വിശുദ്ധമായി കരുതേണ്ട വസ്തുതകള്‍ വാര്‍ത്തയിലായാലും അഭിപ്രായത്തിലായാലും മലിനമാക്കപ്പെടരുത്. ബേത്‌ലഹേമിലെ സദ്‌വാര്‍ത്ത വിളംബരം ചെയ്തത് ദേവദൂതനായിരുന്നു. മാലാഖയെപ്പോലെ എഴുതിയ മനുഷ്യന്‍ എന്ന് സ്വന്തം ശവകുടീരത്തില്‍ ആലേഖനം ചെയ്യണമെന്ന് ഫ്രാങ്ക് മൊറെയ്‌സ് ആഗ്രഹിച്ചത് സ്‌കോട്ടിന്റെ പവിത്രതാതത്ത്വം ഓര്‍മിച്ചുകൊണ്ടായിരിക്കണം.
സ്‌കോട്ടിന്റെ പവിത്രകാലവും വിശുദ്ധലോകവും പിന്നിട്ട് പത്രപ്രവര്‍ത്തനം ഇന്നെത്തിയിരിക്കുന്നത് വ്യാജവാര്‍ത്തകളുടെ അധോലോകത്താണ്. സെന്‍സേഷണലിസം മുതല്‍ പെയ്ഡ് ന്യൂസ് വരെ വര്‍ജ്യമായതെല്ലാം ന്യായീകരിക്കപ്പെടുന്ന പൊതുതത്ത്വങ്ങളാകുന്നു. എന്താണു സത്യം എന്ന പീലാത്തോസിന്റെ ചോദ്യത്തിനു മറുപടിയായി സത്യാനന്തരകാലം എന്നൊരു കാലസൃഷ്ടിതന്നെ നാം നടത്തിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ താരിഫിന്റെ അടിസ്ഥാനത്തിലാണ് ചില മാധ്യമങ്ങള്‍ പണം നല്‍കുന്ന സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരവേല നടത്തിയത്. ചില സ്ഥാനാര്‍ഥികള്‍ മഹത്ത്വവത്കരിക്കപ്പെട്ടപ്പോള്‍ ചിലര്‍ തൃണവല്‍ഗണിക്കപ്പെട്ടു. എഴുത്ത് ഏകപക്ഷീയമാകുമ്പോള്‍ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടമാകുന്നു. ഈ വക്രീകരണത്തിനെതിരേയാണ് സ്‌കോട്ട് ഏഴു വാക്കുകളിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
തത്ത്വാധിഷ്ഠിതമായ ജീവിതം ഭൗതികമായി നേട്ടം വരിക്കണമെന്നില്ല. ത്യാഗം സമാദരണീയതയ്ക്ക് കാരണമായേക്കാം. പത്രങ്ങള്‍ക്കും ഈ തത്ത്വം ബാധകമാണ്. ഗാര്‍ഡിയന്‍ സ്വയം സൃഷ്ടിച്ച പരിമിതികള്‍ക്കുള്ളില്‍ നിലയുറപ്പിച്ചപ്പോള്‍ ടൈംസ് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ വിട്ടുവീഴ്ചകളിലൂടെ വലിയ തോതില്‍ വളര്‍ന്നു. എല്ലാ വിട്ടുവീഴ്ചകളും അപഭ്രംശമാണെന്നു കരുതേണ്ട. ഗാര്‍ഡിയനു സ്‌കോട്ടെന്നതുപോലെ ടൈംസിന് ഹരള്‍ഡ് എവന്‍സുണ്ടായി. പൊതുതാത്പര്യത്തിനു പ്രാധാന്യം നല്‍കിയ പത്രാധിപരായിരുന്നു എവന്‍സ്. സമാദരണീയമായ പത്രം റൂപര്‍ട്ട് മര്‍ഡോക്ക് സ്വന്തമാക്കിയപ്പോള്‍ എവന്‍സ് പത്രാധിപസ്ഥാനം ഒഴിഞ്ഞു.
വസ്തുതകളുടെ അടിസ്ഥാനത്തിലാകുമ്പോഴാണ് അഭിപ്രായം സ്വതന്ത്രവും വിശ്വസനീയവുമാകുന്നത്. വസ്തുതകളുടെ വക്രീകരണകാലത്ത് സ്വതന്ത്രമായ അഭിപ്രായപ്രകടനം സാധ്യമാവില്ല. അധികാരികളുടെയും വണിക്കുകളുടെയും അവിഹിതമായ സമ്മര്‍ദത്തിനു വഴങ്ങുമ്പോഴാണ് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാകുന്നത്. മാധ്യമസ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് തയാറാക്കിയ വാര്‍ഷികസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 142 ആണ്. കഴിഞ്ഞ വര്‍ഷവും ഇന്ത്യ ഇതേ സ്ഥാനത്തായിരുന്നുവെന്നത് സമാശ്വാസകരമായിരിക്കാം. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന രാജ്യമാണ് നോര്‍വേ. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളതും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന് അനുകൂലമായ അന്തരീക്ഷമുള്ള രാജ്യങ്ങളുടെ എണ്ണം മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ പന്ത്രണ്ടു മാത്രമാണ്. നാല് മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കൊല്ലപ്പെട്ടുവെന്നതു മാത്രമല്ല മാധ്യമസ്വാതന്ത്ര്യ സൂചികയിലെ അധോഗതിക്കു കാരണം. നിര്‍ബാധം വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവയുടെ അടിസ്ഥാനത്തില്‍ നിര്‍വിഘ്‌നം മാധ്യമപ്രവര്‍ത്തനം നടത്തുന്നതിനും കഴിയാത്ത രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. സിദ്ദീഖ് കാപ്പന്റെ ദുരനുഭവം ഇക്കാര്യത്തില്‍ നല്ല ഉദാഹരണമാണ്. സ്വതന്ത്രമായ അഭിപ്രായപ്രകടനം ആപത്തിനു കാരണമാകുന്ന വിപദ്ഘട്ടത്തില്‍ ഓരോ മാധ്യമപ്രവര്‍ത്തകനും ചില്ലിട്ടു സൂക്ഷിക്കേണ്ട വാക്കുകളാണ് സ്‌കോട്ടിന്റേത്. രക്തസാക്ഷിത്വത്തിലേക്കും തദ്വാരയുള്ള അമരത്വത്തിലേക്കുമുള്ള മന്ത്രമാണ് സ്‌കോട്ടിന്റെ ഏഴു വാക്കുകള്‍.
അറ്റ്‌ലാന്റിക്കിനു കിഴക്ക് സി.പി സ്‌കോട്ട് ഉത്തമമായ പത്രപ്രവര്‍ത്തനത്തിന്റെ സുവിശേഷം രചിക്കുമ്പോള്‍ പടിഞ്ഞാറ് ന്യൂയോര്‍ക്കില്‍ രണ്ടു പത്രം ഉടമകള്‍ വിപണിയില്‍ ഏറ്റുമുട്ടുകയായിരുന്നു. ന്യൂയോര്‍ക് വേള്‍ഡിന്റെ ഉടമ ജോസഫ് പുലിറ്റ്‌സറും ന്യൂയോര്‍ക് മോണിങ് ജേര്‍ണലിന്റെ ഉടമ വില്യം റാന്‍ഡോള്‍ഫ് ഹേഴ്‌സ്റ്റുമായിരുന്നു അവര്‍. അവരുടെ ഏറ്റുമുട്ടലില്‍നിന്നാണ് മഞ്ഞപ്പത്രം എന്ന വിശേഷണമുണ്ടായത്. നിര്‍ദോഷമായ സെന്‍സേഷണലിസം മാത്രമായിരുന്നില്ല അവരില്‍ ആരോപിക്കപ്പെടുന്ന ദോഷം. വാര്‍ത്തയുടെ പവിത്രതയില്‍ സ്‌കോട്ട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചപ്പോള്‍ വാര്‍ത്ത വിപണിയുടെ ആവശ്യാനുസരണം സൃഷ്ടിക്കപ്പെടുന്ന വിനിമയവസ്തു മാത്രമാണെന്ന് ഹേഴ്‌സ്റ്റ് കരുതി. മര്‍ഡോക്കിന്റെ ആഗമനത്തിനു വഴിയൊരുക്കിയ പൂര്‍വസൂരികളായിരുന്നു പുലിറ്റ്‌സറും ഹേഴ്‌സ്റ്റും.
ശ്രേഷ്ഠമായ പത്രപ്രവര്‍ത്തനത്തിനു അമേരിക്കയില്‍ നല്‍കുന്ന വിശിഷ്ടമായ പുരസ്‌കാരങ്ങള്‍ പുലിറ്റ്‌സറുടെ പേരിലുള്ളതാണ്. പുലിറ്റ്‌സറെ മാതൃകയാക്കുന്ന പത്രപ്രവര്‍ത്തകര്‍ക്കല്ല, സ്‌കോട്ടിന്റെ തത്ത്വം പാലിക്കുന്നവര്‍ക്കാണ് ഈ സമ്മാനങ്ങള്‍ ലഭിക്കുന്നത്. എല്ലാവര്‍ക്കും അനുകരിക്കാന്‍ ഒരു മാതൃക ആവശ്യമുണ്ട്. പത്രപ്രവര്‍ത്തകര്‍ക്കുള്ള മാതൃകയാണ് സി.പി സ്‌കോട്ട്. വാര്‍ത്ത വാര്‍ത്തെടുക്കപ്പെടുന്ന മര്‍ഡോക്കിന്റെ പ്രാഭവകാലത്തും രൂപക്കൂട്ടിലെ സ്‌കോട്ടിന്റെ പ്രതിഷ്ഠയ്ക്ക് ഇളക്കമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."