ഡാ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു; വിടവാങ്ങിയത് നന്മയുടെ സന്ന്യാസിവര്യന്‍
പത്തനംതിട്ട: മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. പുലര്‍ച്ചെ 1.15ന് കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ ഏപ്രില്‍ 27 നായിരുന്നു അദ്ദേഹത്തിന്റെ 104ാം ജന്മദിനം. നേരത്തെ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ സ്ഥിതി മെച്ചപ്പെട്ടതോടെ കുമ്പനാട്ടേക്ക് മടങ്ങുകയായിരുന്നു.
ഒരു സമൂഹത്തെയാകെ ചിന്തയുടെയുടെയും അന്വേഷണത്തിന്‍റെയും ആത്മീയ വഴിയിൽ നയിച്ച സന്യാസ വര്യനെയാണ് മാർ ക്രിസോസ്റ്റത്തിന്‍റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. നർമത്തിലൂടെ ദൈവിക ദർശനം അനുയായികൾക്ക് പകർന്നു നൽകിയ ശൈലി ലോക പ്രശസ്തമായിരുന്നു. ജാതി മത വ്യത്യാസമില്ലാതെ ജനഹൃദയങ്ങളിൽ ഇടം പിടിച്ച മതമേലധ്യക്ഷൻമാരിൽ ഒരാളായിരുന്നു എന്ന പ്രത്യേകതയും മാർ ക്രിസോസ്റ്റത്തിനുണ്ട്.
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27-നാണ് മാര്‍ ക്രിസോസ്റ്റം ജനിച്ചത്. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു രക്ഷിതാക്കള്‍ നല്‍കിയ പേര്.
മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവാ യു.സി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.
1999 ല്‍ ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രപ്പൊലീത്തയുടെ പിന്‍ഗാമിയായി മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത സ്ഥാനത്ത് എത്തുകയായിരുന്നു.
പിന്നീട് 2007ല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സ്ഥാനം ഒഴിയുകയായിരുന്നു. തുടര്‍ന്നാണ് മാര്‍ത്തോമ്മ വലിയ മൈത്രാപ്പൊലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്. 2019ല്‍ പത്മഭൂഷന്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."