മമതയുടെ സത്യപ്രതിജ്ഞ ഇന്ന്
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായ മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാവുന്നത്. രാവിലെ രാജ് ഭവനിലാണ് ചടങ്ങുകള്‍.
അതിനിടെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള അക്രമങ്ങള്‍ തുടരുകയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി നല്‍കി. ഇന്‍ഡിക് കലക്റ്റിവ് ട്രസ്റ്റ് എന്ന സംഘടനയാണ് ഹരജി നല്‍കിയത്. എതിരാളികളെ അപ്രസക്തരാക്കി 292 സീറ്റില്‍ 213 നേടി വന്‍ ഭൂരിപക്ഷത്തോട ഭരണം നിലനിര്‍ത്തിയ മമത, ഹാട്രിക് വിജയത്തോടെയാണ് ഇന്ന് അധികാരമേല്‍ക്കുകയാണ്. രാവിലെ 10.45 ന് രാജ് ഭവനില്‍ ലളിതമായി നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗദീപ് ദങ്കര്‍ സത്യവാചകം ചൊല്ലികൊടുക്കും. മമതാ ബാനര്‍ജി മാത്രമായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാകും. രാജ്യത്തെ നിലവിലെ കൊവിഡ് സ്ഥിതി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, പ്രതിപക്ഷ നേതാവ് അബ്ദുല്‍ മന്നന്‍, സി.പി.ഐ (എം) മുതിര്‍ന്ന നേതാവ് ബിമാന്‍ ബോസ് , ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എന്നിവര്‍ക്ക് ക്ഷണമുണ്ട്.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷം ബംഗാളില്‍ തുടരുകയാണ്. അക്രമം സംഭവം തുടരുന്ന ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഇന്‍ഡിക് കലക്റ്റിവ് ട്രസ്റ്റ് എന്ന സംഘടന ഹരജി നല്‍കി.
സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകര്‍ന്നതായി സുപ്രിം കോടതി പ്രഖ്യാപിക്കണമെന്നാണ് ഹരജിയില്‍ ആവശ്യം. രണ്ട് ദിവസത്തിനിടെയുണ്ടായ വ്യത്യസ്ത അക്രമണങ്ങളില്‍ ബി.ജെ.പി, സി.പി.എം, ഐ.എസ് എഫ് പ്രവര്‍ത്തകരടക്കം 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പാര്‍ട്ടി ഓഫിസുകള്‍ തകര്‍ക്കപ്പെട്ടു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് രാജ്യവ്യാപക ധര്‍ണ നടത്തുന്നുണ്ട്. അതിനിടെ ബംഗാളിലേക്ക് വസ്തുതാന്വേഷണ സംഘത്തെ അയക്കുമെന്ന് ദേശീയ മനുഷ്യവകാശ കമ്മീഷനും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."