'ഗസ്സയിലെ ജനങ്ങളെ കൊന്നൊടുക്കാന്‍ ബോംബു നല്‍കുന്നവനാണ് നിങ്ങള്‍' ബൈഡന്റെ ഈദാശംസയില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഈദുല്‍ ഫിത്ര്‍ ആശംസയില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഗസ്സയിലെ വംശഹത്യക്ക് കൂട്ടുനിന്നുകൊണ്ട് എങ്ങിനെയാണ് ഈദ് ആശംസിക്കാന്‍ സാധിക്കുന്നതെന്ന് ചോദ്യമുയര്‍ത്തുന്നതാണ് വിമര്‍ശനങ്ങള്‍.
'ഈദ് ആഘോഷത്തിനായി മുസ്‌ലിം കുടുംബങ്ങളും സമൂഹങ്ങളും ഒത്തുചേരുമ്പോള്‍, അനേകം പേര്‍ അനുഭവിക്കുന്ന വേദനയും അവര്‍ പ്രതിഫലിപ്പിക്കുന്നു. ഗസ്സ, സുഡാന്‍ തുടങ്ങിയ സ്ഥലങ്ങളിലേത് പോലെ സംഘര്‍ഷങ്ങളും പട്ടിണിയും കുടിയൊഴിപ്പിക്കലുകളും സഹിക്കുന്നവരോടൊപ്പമാണ് എന്റെ മനസ്. സമാധാനം കെട്ടിപ്പടുക്കുന്നതിനും എല്ലാവരുടെയും അന്തസ്സിനു വേണ്ടിയും നിലകൊള്ളുന്നതിനുള്ള പ്രവര്‍ത്തനത്തിലേക്ക് വീണ്ടും സമര്‍പ്പിക്കേണ്ട സമയമാണിത്' എന്നായിരുന്നു ബൈഡന്റെ ഈദ് ആശംസ.
എന്നാല്‍, ഗസ്സയിലുള്‍പ്പെടെ നിരപരാധികളെ കൂട്ടക്കൊല ചെയ്യാന്‍ പിന്തുണയും ആയുധവും നല്‍കുന്ന അമേരിക്കന്‍ പ്രസിഡന്റിന് എങ്ങനെ ഈദ് ആശംസിക്കാനാകുന്നു എന്ന് കമന്റുകളില്‍ ആളുകള്‍ ചോദ്യമുയര്‍ത്തി. ബൈഡന്‍ യുദ്ധക്കുറ്റവാളിയാണെന്നാണ് ചിലരുടെ വിമര്‍ശനം. ആരെക്കുറിച്ച് ചിന്തിക്കുന്നുവെന്നാണോ നിങ്ങള്‍ പറയുന്നത്, അവരുടെ നേരെയാണ് നിങ്ങള്‍ ബോംബുകള്‍ അയക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷക്കണക്കിനാളുകളുടെ ഈദ് ആഘോഷവും ജീവിതവും ഇല്ലാതാക്കി നിങ്ങള്‍ നല്‍കുന്ന ഈ ആശംസ കാപട്യത്തിന്റെ അങ്ങേയറ്റമാണെന്ന് ചിലര്‍ വിമര്‍ശിച്ചു.
അതേസമയം, ഗസ്സയില്‍ ഈദുല്‍ ഫിത്ര്‍ ദിനത്തിലും ഇസ്‌റാഈല്‍ കൂട്ടക്കുരുതി നടത്തി. ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയുടെ മൂന്ന് മക്കളെയും നാല് പേരക്കുട്ടികളെയും ഈദ് ദിനത്തില്‍ സൈന്യം കൊലപ്പെടുത്തി. ഈദ് ദിനത്തില്‍ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."