മുഖത്തടിച്ചും ചവിട്ടിയും സില്‍വര്‍ലൈന്‍ സമരത്തില്‍ പങ്കെടുത്തയാളെ നേരിട്ടു: പൊലിസുകാരനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ. റെയില്‍ സമരത്തിനിടെ പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ പൊലീസുകാരനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. സി.പി.ഒ ഷബീറിനെതിരെ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം റൂറല്‍ എസ്പിയാണ് ഉത്തരവിട്ടത്.
പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. സമരക്കാരെ ചവിട്ടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഭവം പൊലീസിനെതിരെ വലിയ വിമര്ശനങ്ങളുണ്ടാകാന് കാരണമായെന്നും ഉടന്‍ നടപടിയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
കഴക്കൂട്ടത്ത് കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടയുന്നതിനിടെയാണ് മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീര്‍ സമരക്കാരില്‍ ഒരാളെ ചവിട്ടിയത്. പൊലിസുകാരനെതിരേ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിനിടെ, സര്‍വേക്കല്ല് സ്ഥാപിക്കുന്നതിനെതിരേ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പൊലിസ് അതിക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന് ജോയിയുടെ മുഖത്ത് പൊലിസുകാരന് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൂട്ടിട്ട് ചവിട്ടിയ മംഗലപുരം സ്റ്റേഷനിലെ പൊലിസുകാരന് ഷബീറാണ് പ്രതിഷേധക്കാരന്റെ മുഖത്തടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."