ലക്ഷദ്വീപിൽ നിഴലിക്കുന്നത് ഭയാന്തരീക്ഷം
എൻ.കെ പ്രേമചന്ദ്രൻ എം.പി/ ജലീൽ അരൂക്കുറ്റി
ജനഹിതം മാനിക്കാതെയുള്ള ഭരണപരിഷ്‌കാരങ്ങളാൽ വീർപ്പുമുട്ടുന്ന ലക്ഷദ്വീപിലെ ജനങ്ങളെ കാണാനും പ്രശ്‌നങ്ങൾ അറിയാനും കേരളത്തിലെ എം.പിമാർ സന്ദർശനാനുമതി തേടി പല തവണ സമീപിച്ചെങ്കിലും അധികൃതർ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവുകളെക്കുറിച്ച് ദേശീയതലത്തിൽ ചർച്ചയായ സാഹചര്യത്തിലാണ് വിവിധ പാർലമെന്ററി സമിതി അംഗങ്ങൾ അവിടെ സന്ദർശനം നടത്തിയത്. പാർലമെന്ററി സമിതി അംഗമായ എം.കെ പ്രേമചന്ദ്രൻ എം.പി ലക്ഷദ്വീപിലെ സമകാലിന അവസ്ഥകളെക്കുറിച്ച് പ്രതികരിക്കുന്നു.
? ലക്ഷദ്വീപ് സന്ദർശനം എന്ന ആവശ്യം പലതവണ തിരസ്‌കരിച്ചശേഷം സാധ്യമായപ്പോഴുള്ള അനുഭവം എന്താണ്
= പാർലമെന്റിന്റെ നിയമനിർമാണം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്ന സബോർഡിനേറ്റ് ലെജിസ്‌ലേഷൻ കമ്മിറ്റി അംഗമെന്ന നിലയിലാണ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ലക്ഷദ്വീപിൽ എത്തിയത്. പ്രതിഷേധങ്ങൾ ഉയർന്നുവന്നഘട്ടത്തിൽ സന്ദർശനത്തിന് രേഖാമൂലമുള്ള അനുമതി വേണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഞാനടക്കമുള്ള പാർലമെന്റ് അംഗങ്ങൾ അഡ്മിനിസ്‌ട്രേറ്ററോടും ജില്ലാ കലക്ടറോടും അനുമതി തേടിയതാണ്. എന്നാൽ ഏകപക്ഷീയമായി നിഷേധിച്ചു. വിദേശ രാജ്യങ്ങളിൽ പോകുന്നതിന് പോലും ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ടുള്ള പാർലമെന്റ് അംഗങ്ങളെ സംബന്ധിച്ചിടത്തോളം ആ രാജ്യത്തിന്റെ അനുമതി വേണ്ടെന്നിരിക്കെ, സ്വന്തം രാജ്യത്ത് ഒരു സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണപ്രദേശം സന്ദർശിക്കുന്നതിന് അവിടത്തെ ഭരണകൂട അനുമതി വേണമെന്നത്, വിസയ്ക്ക് സമാനമായ പെർമിറ്റ് വേണമെന്നത് സത്യത്തിൽ ജനാധിപത്യ ധ്വംസനമാണ്. പാർലമെന്റ് അംഗം പ്രതിനിധീകരിക്കുന്നത് ഒരു ലോക്‌സഭാ മണ്ഡലത്തെ മാത്രമല്ല, യൂനിയൻ ഓഫ് ഇന്ത്യയെയാണ്. ഇതെല്ലാം തമസ്‌കരിക്കുന്ന നിഷേധാത്മക നിലപാടാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ സ്വീകരിച്ചത്. ഒരിക്കലും പാടില്ലാത്തും ചട്ടലംഘനവുമാണിത്.
? ഇപ്പോഴത്തെ സാഹചര്യങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്
= ശാന്തസുന്ദരമായ പ്രദേശമാണ് ലക്ഷദ്വീപ് എന്ന് അടുത്തറിയാൻ കഴിഞ്ഞു. ഉയർന്ന രാഷ്ട്രീയബോധവും ദേശീയബോധവും പുലർത്തുന്ന ജനത. സമാധാനവും സൗഹൃദവും അഗ്രഹിക്കുന്നവർ. അവിടെ ഏറ്റവും വലിയ ആഘോഷം നടക്കുന്നത് സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്തവിധം ഉന്നതമായ ദേശീയബോധം പുലർത്തുന്ന ജനതയെ സത്യത്തിൽ വിഭാഗീയതയിലേക്ക് തള്ളിവിടാൻ പര്യാപ്തമായ നടപടികളാണ് ഇപ്പോഴുള്ളത്. ലക്ഷദ്വീപിന്റെ വികസനപ്രക്രിയകളെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്ന ജനതയാണത്. അവരെ പ്രതിസ്ഥാനത്ത് നിർത്തുന്നതിന് തുല്യമാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ. ജനങ്ങൾ നിരാശരും നിരാലംബരുമായി നിൽക്കുന്ന അവസ്ഥയിലാണ്. അവരുടെ ജീവിതനിലവാരം നിലയ്ക്കുന്ന സാഹചര്യമാണുള്ളത്.
? സമിതിയുടെ സന്ദർശനത്തെക്കുറിച്ച്
=ചെയർമാൻ ബലേശ്വരി വല്ലഭനേനി ഉൾപ്പെടെ ഞങ്ങൾ പത്ത് എം.പിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് അവിടെ എത്തിയത്. സമിതിക്കൊപ്പം തൊട്ടടുത്ത ദിവസങ്ങളിലായി മറ്റ് രണ്ട് പാർലമെന്ററി സമിതികളും ലക്ഷദ്വീപ് സന്ദർശിച്ചു. പാർലമെന്ററി സമിതികൾ ഒരുമിച്ച് ദ്വീപിൽ എത്തുന്നതും പാർലമെന്ററി സമിതികളെ കാത്തുനിൽക്കുന്നതും ആദ്യസംഭവമായിട്ടാണ് അവർ പറഞ്ഞത്. വളരെ പ്രതീക്ഷയോടും താൽപര്യത്തോടും കൂടിയാണ് വരവേറ്റത്. തലസ്ഥാനമായ കവരത്തിയിലും അഗത്തിയിലും ബംഗാരത്തിലും കൂടാതെ മറ്റൊരു ദ്വീപും സന്ദർശിച്ചു. ഉദ്യോഗസ്ഥർക്ക് പുറമേ ജനപ്രതിനിധികൾ ഉൾപ്പെടെ പല വിഭാഗം ജനങ്ങളുമായി ചർച്ച ചെയ്യാൻ അവസരം ലഭിച്ചു. നിരവധി നിവേദനങ്ങളാണ് എം.പിമാർ എന്ന നിലയിൽ ലഭിച്ചത്. അവരുടെ പ്രശ്‌നങ്ങൾ വളരെ ഗൗരവം അർഹിക്കുന്നതാണ്.
? ജനങ്ങളുടെ പ്രധാന പ്രശ്‌നങ്ങൾ എന്തെല്ലാമാണ്
= നിലവിലെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ അധികാരമേറ്റതിന് ശേഷമാണ് അവസ്ഥ മാറിയതെന്ന് അവർ പറയുന്നു. അവിടത്തെ തെങ്ങുകളിൽ മുഴുവൻ പെയിന്റ് അടിച്ചിട്ടുണ്ട്. അതുതന്നെ പരിസ്ഥിതി വിരുദ്ധമാണ്. 18 പുതിയ റെഗുലേഷൻസാണ് അദ്ദേഹം വന്നശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്. അത് മുഴുവൻ പൊതുതാൽപര്യത്തെ ഹനിക്കുന്നതായിട്ടാണ് ജനങ്ങൾ പരാതിപ്പെടുന്നത്. നിലവിലെ നിയമങ്ങളുടെ ലംഘനം തന്നെയാണ് പല ഉത്തരവുകളും നടപടികളും. കഴിഞ്ഞ ബി.ജെ.പി ഭരണകാലത്ത് പോലും അവർക്ക് അഡ്മിനിസ്‌ട്രേഷനെതിരേ പരാതിയുമായി പോകേണ്ടിവന്നിട്ടില്ലെന്നത് എടുത്തപറയേണ്ട കാര്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ഒന്നും ചർച്ച ചെയ്യുന്നില്ല. പഞ്ചായത്തീരാജ് നിയമം നോക്കുകുത്തിയായി മാറി. കുറ്റകൃത്യങ്ങൾ തീരെ ഇല്ലെന്ന് പറയാവുന്ന പ്രദേശത്ത് ഗുണ്ടാആക്ടിന് സമാനമായ പാസ നിയമമാണ് കൊണ്ടുവരുന്നത്. പ്രധാനപ്പെട്ട മറ്റൊന്നാണ് ഡെവലപ്പുമെന്റ് അതോറിറ്റി റെഗുലേഷൻ. ആ നിയമം അവിടത്തെ ജനങ്ങളുടെ ആവാസവ്യവസ്ഥയെ തന്നെ തകർക്കുന്ന നിലയിൽ ഭൂമി ഏറ്റെടുക്കലിന് പര്യാപ്തമായിട്ടുള്ളതാണ്. വികസനത്തിന്റെ പേരിൽ ഇവരുടെ ഭൂമിയേറ്റെടുക്കാനുള്ള നടപടികളാണ് അഡ്മിനിസ്‌ട്രേഷൻ സ്വീകരിക്കുന്നത്. ഭൂമിയിന്മേലുള്ള ജനങ്ങളുടെ അവകാശങ്ങൾ ചോദ്യംചെയ്യുന്ന നടപടിയാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. രണ്ടായിരത്തോളം ജീവനക്കാരെയാണ് വിവിധ വകുപ്പുകളിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്. ഏഴു കപ്പലുകളുണ്ടായിട്ട് ഒന്നുമാത്രമാണ് സർവിസ് നടത്തുന്നത്. അടിയന്തര ചികിത്സ വേണ്ടിവരുന്നവരുടെ കാര്യം കഷ്ടമാണ്. ആവശ്യത്തിന് ഗതാഗതസൗകര്യങ്ങളില്ല. ജീവിതസാഹചര്യം മനസിലാക്കാതെയുള്ള പരിഷ്‌കാരങ്ങളാണ് അടിച്ചേൽപ്പിക്കുന്നത്. നിലവിലെ നീക്കങ്ങളിൽ വലിയ ദുരൂഹതകളുണ്ട്.
? വികസനമെന്ന അഡ്മിനിസ്‌ട്രേഷൻ്റെ വാദത്തിൽ കഴമ്പുണ്ടോ
= വികസനത്തിന് ലക്ഷദ്വീപിലെ ജനങ്ങൾ എതിരല്ല. അവർ വികസനത്തെ സ്വാഗതം ചെയ്യുന്നു. ഭൂമിശാസ്ത്രവും ജനസംഖ്യയും കണക്കിലെടുത്തുള്ള വികസനങ്ങളാണ് വേണ്ടത്. ഭൂമി വിട്ടുകൊടുക്കുന്നതിൽ അവർ തടസം പറയുന്നില്ല. വീതി കൂടിയ റോഡുകളുടെ ആവശ്യം അവിടെയില്ല. അഗത്തി വിമാനത്താവള വികസനവുമായി ബന്ധപ്പെട്ടുള്ള എയർ സ്ട്രിപ്പ് വികസന പ്ലാനുണ്ടായിരുന്നു. അത് സ്തംഭിപ്പിച്ചാണ് മിനിക്കോയ് ദ്വീപിൽ പുതിയ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള നീക്കം നടത്തുന്നത്. ചുരുക്കത്തിൽ അവിടത്തെ വികസനം മരവിപ്പിച്ചിരിക്കുകയാണ്. മത്സ്യബന്ധനവും നാളികേരവുമാണ് വരുമാനമാർഗം. ഈ മേഖലകളിൽ തന്നെ വേണ്ടത്ര വികസനം സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. അവരുടെ വലിയൊരു പ്രശ്നമാണ് ചികിത്സാസൗകര്യം. കവരത്തിയിൽ ഇന്ദിരാഗാന്ധി ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. പുതിയ ആശുപത്രികൾ നിർമിക്കാമെന്നാണ് പറയുന്നത്. പുതിയ ജയിൽ നിർമിക്കാൻ ഒരുങ്ങുകയാണ്. നിലവിലെ ജയിലിൽ തടവുകാരില്ലാത്ത അവസ്ഥയാണ്. കരാർ തൊഴിലാളികളെ പിരിച്ചുവിട്ടതുവഴി അക്വേറിയം, ഫാം തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനംതന്നെ താളംതെറ്റി. വികസനമുരടിപ്പും സാമ്പത്തിക മരവിപ്പുമാണ് ഇപ്പോൾ അനുഭവപ്പെട്ടിരിക്കുന്നത്. അവരുടെ മുഖങ്ങളിലും വാക്കുകളിലും നിരാശ പ്രകടമാണ്. ഭയാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ടൂറിസം വികസനത്തെക്കുറിച്ചാണ് ഭരണാധികാരികൾക്ക് പറയാനുള്ളത്. അവിടെയുള്ള 75000 ത്തോളം മനുഷ്യരെ വിസ്മരിച്ച് എന്തു ടൂറിസം വികസനം കൊണ്ടുവരാനാണ്. പാർലമെന്റ് അംഗത്തെയും പഞ്ചായത്ത് സ്ഥാപനങ്ങളെയും പോലും പരിഗണിക്കില്ലെന്നത് ഗൗരവതരമാണ്.
? സമിതിയുടെ തുടർനടപടികളിൽ പ്രതീക്ഷയർപ്പിക്കാൻ കഴിയുമോ
= അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥരുമായി പാർലമെന്ററി സമിതി ചർച്ച ചെയ്തു. സമിതിക്ക് മുമ്പാകെ വന്ന പരാതികളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അതുകൂടി ലഭിച്ചുകഴിഞ്ഞാൽ യോഗം ചേർന്ന് ശുപാർശകൾ സമർപ്പിക്കും. ലക്ഷദ്വീപിന്റെ വികസനം, തൊഴിലില്ലായ്മ, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം പരിഗണിച്ചുള്ള ശുപാർശകളായിരിക്കും കേന്ദ്രസർക്കാർ മുമ്പാകെ നൽകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."