പാഠപുസ്തകത്തിന് കാവിച്ചട്ടം
ജനാധിപത്യം, വൈവിധ്യം എന്ന
പാഠഭാഗവും ഉർദു കവി
ഫായിസ് അഹമ്മദ് ഫായിസിന്റെ
കവിതകളും നീക്കി
ന്യൂഡൽഹി
സി.ബി.എസ്.ഇ 10, 11, 12 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ കാവിവത്കരിച്ച് കേന്ദ്ര സർക്കാർ. പാഠപുസ്തകങ്ങളിലെ സംഘ്പരിവാറിന് താൽപര്യമില്ലാത്തതും മുസ് ലിംകളുമായി ബന്ധപ്പെട്ടതുമായ ഭാഗങ്ങൾ നീക്കം ചെയ്തു. 10ാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്ന് ജനാധിപത്യം വൈവിധ്യം എന്ന പാഠഭാഗവും പ്രശസ്ത ഉർദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ കവിതകളുമാണ് നീക്കം ചെയ്തിരിക്കുന്നത്. 11, 12 ക്ലാസുകളിലെ ചരിത്ര-സാമൂഹ്യ-ശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ രാജസദസ്, ആഫ്രോ- ഏഷ്യൻ മേഖലയിലെ ഇസ് ലാമിക സാമ്രാജ്യത്വത്തിന്റെ ഉദയം, ചേരിചേരാ മുന്നേറ്റം, ശീതസമരം, വാണിജ്യ വിപ്ലവം തുടങ്ങിയ ഭാഗങ്ങളും നീക്കിയിട്ടുണ്ട്. നാഷനൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങിന്റെ നിർദേശപ്രകാരമാണ് മാറ്റം.
10ാം ക്ലാസ് പാഠപുസ്തകത്തിലെ കാർഷിക മേഖലയിലെ ആഗോളവത്കരണത്തിന്റെ പ്രത്യാഘാതം, ഭക്ഷ്യസുരക്ഷ എന്നീ അധ്യായങ്ങളും നീക്കിയവയിലുൾപ്പെടും. മതം, വർഗീയത, രാഷ്ട്രീയം- വർഗീയത, മതേതര രാജ്യം എന്നീ അധ്യായങ്ങൾക്കൊപ്പമുണ്ടായിരുന്ന ഫായിസ് അഹമ്മദ് ഫായിസിന്റെ രണ്ടു കവിതാ ശകലങ്ങളാണ് നീക്കിയിരിക്കുന്നത്. ഇസ് ലാമിക ഖിലാഫത്തുകളുടെയും സാമ്രാജ്യങ്ങളുടെയും ഉദയം പഠിപ്പിക്കുന്ന ഭാഗങ്ങളാണ് ആഫ്രോ-ഏഷ്യൻ മേഖലയിലെ ഇസ് ലാമിക സാമ്രാജ്യത്വത്തിന്റെ ഉദയം എന്ന പാഠഭാഗത്തിലുള്ളത്. മുഗളൻമാരുടെ സാമൂഹിക-മത-സാംസ്‌കാരിക-ചരിത്രവും പിന്തുടർച്ചാ രീതിയും സംബന്ധിച്ച ഭാഗമാണ് മുഗൾ രാജസദസ് എന്ന പാഠഭാഗത്തിലുള്ളത്.
ജനാധിപത്യം വൈവിധ്യം എന്ന പാഠഭാഗത്തിൽ ലോകത്തെ ജനാധിപത്യത്തെയും സാംസ്‌കാരികവും അല്ലാത്തതുമായ വൈവിധ്യങ്ങളെയും കുറിച്ചാണ് പറയുന്നത്. സംഘ്പരിവാർ രാഷ്ട്രീയത്തിന് താൽപര്യമില്ലാത്ത ചിത്രങ്ങളും കാരിക്കേച്ചറുകളും കാർട്ടൂണുകളും പാഠപുസ്തകത്തിൽ നിന്ന് നീക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്തി ആവശ്യമായ നിർദേശങ്ങൾ സ്വീകരിച്ച് പരിശോധിച്ച ശേഷമാണ് പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തിയതെന്നാണ് സി.ബി.എസ്.ഇ വാദം.
നേരത്തെ, സെക്യുലറിസം, ഫെഡറലിസം, സിറ്റിസൺഷിപ്പ്, നാഷനലിസം തുടങ്ങിയ പാഠഭാഗങ്ങൾ 11ാം ക്ലാസിലെ മൂല്യനിർണയം നടത്തുമ്പോൾ പരിഗണിക്കേണ്ടതില്ലെന്ന സി.ബി.എസ്.ഇ തീരുമാനം വിവാദമായിരുന്നു. പിന്നാലെ 2021-22 അക്കാദമിക വർഷത്തിൽ ഈ പാഠഭാഗങ്ങളെ വീണ്ടും പരിഗണിക്കുന്ന കൂട്ടത്തിൽ ഉൾപ്പെടുത്തി. 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌ക്കരണത്തിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്തയിൽ ഹിസ്റ്ററി വിഭാഗം പ്രൊഫസർ ഹരി വാസുദേവന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നിലവിലെ പാഠ്യപദ്ധതി തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."