ജഹാംഗീർപുരി, ഉക്രൈൻ റിപ്പോർട്ടിങ്ങുകളിൽ അതൃപ്തി ചാനലുകൾക്കുമേൽ വാളോങ്ങി കേന്ദ്രം
ന്യൂഡൽഹി
ജഹാംഗീർപുരി സംഭവം, ഉക്രൈൻ യുദ്ധം തുടങ്ങിയവ വാർത്താചാനലുകൾ റിപ്പോർട്ട് ചെയ്ത രീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ.
സംഭ്രമവും പ്രകോപനപരവുമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് സ്വകാര്യ ചാനലുകൾ വിട്ടുനിൽക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നിർദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു. തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനമില്ലാത്തതുമായ കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമൂഹത്തിന് നിരക്കാത്ത ഭാഷകളും ഉപയോഗിക്കുന്നുണ്ട്. വർഗീയ ലക്ഷ്യത്തോടെയും റിപ്പോർട്ടിങ്ങുകളുണ്ടാകുന്നു. വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് (റെഗുലേഷൻ) നിയമത്തിന്റെ വകുപ്പുകളുടെ ലംഘനമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. വടക്കുപടിഞ്ഞാറൻ ഡൽഹി കലാപം (ജഹാംഗീർപുരി സംഭവം), ഉക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയവ റിപ്പോർട്ട് ചെയ്തപ്പോൾ പല ചാനലുകളും ഇതൊന്നും പാലിച്ചിട്ടില്ലെന്നും നിർദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."