ബ്രഹ്മപുരം തീപിടിത്തം; പുകയില്‍ മുങ്ങി കൊച്ചി, തീയണയ്ക്കാന്‍ തീവ്രശ്രമം
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വ്യാഴാഴ്ച പിടിച്ച തീ ഇന്നും നിന്ന് കത്തുകയാണ്. ഇതോടെ പുകയില്‍ മൂടിയിരിക്കുകയാണ് സമീപ പ്രദേശങ്ങള്‍. തീപിടിത്തമുണ്ടായി മൂന്നു ദിവസമായിട്ടും തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. അഗ്‌നിരക്ഷാ സേനയുടെ പത്ത് യൂണിറ്റുകള്‍ ഇപ്പോഴും സ്ഥലത്ത് തുടരുന്നുണ്ടെന്നാണ് വിവരം.
ബ്രഹ്മപുരത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പുക പടര്‍ന്നിരിക്കുകയാണ്. ഇരുമ്പനം, ബ്രഹ്മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്പലമുകള്‍, പെരിങ്ങാല, കാക്കനാട് പ്രദേശങ്ങളില്‍ പുകശല്യം രൂക്ഷമാണ്. പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും രൂക്ഷമാണ്. പ്രദേശത്ത് കുട്ടികള്‍ക്കുള്‍പ്പടെ ശ്വാസം മുട്ട് അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.45ഓടെയാണ് തീ അനിയന്ത്രിതമായത്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടര്‍ന്നു. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു.
പ്രദേശ വാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."