മൂത്രമൊഴിക്കാനുള്ള തോന്നലും തടസവും
ഡോ. ഡാറ്റ്‌സൺ ജോർജ്
കൺസൽട്ടന്റ് യൂറോളജിസ്റ്റ്
ലേക്‌ഷോർ ആശുപത്രി, കൊച്ചി
മൂത്രമൊഴിക്കാനുള്ള തോന്നലും തടസവും ഓവർ ആക്ടീവ് ബ്ലാഡർ (ഒ.എ.ബി) എന്ന അസുഖത്തെയാണ് കാണിക്കുന്നത്. സാധാരണ ജീവിതത്തിൽ അസൗകര്യങ്ങൾ സൃഷ്ടിക്കുന്നതും നമ്മെ ദുർബലപ്പെടുത്തുന്നതുമായ അവസ്ഥയാണിത്. എന്നാൽ ഇതിൽ നിരാശരാകേണ്ട കാര്യമില്ല. കൃത്യമായി കൈകാര്യം ചെയ്താൽ രോഗാവസ്ഥ മറികടക്കാനാവുന്നതേയുള്ളൂ. ഒ.എ.ബിക്ക് നമ്മുടെ നാട്ടിൽ ഇന്ന് നല്ല ചികിത്സ ലഭ്യമാണ്. എന്നാൽ മിക്ക രോഗികളും ചികിത്സ തേടുകയോ ഡോക്ടറെ സമീപിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യാഥാർഥ്യം. പെട്ടെന്ന് മൂത്രമൊഴിക്കാനുള്ള തോന്നലും അതിന് തടസമുണ്ടാകുന്നതുമൊക്കെയായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതയാണ് ഓവർ ആക്ടീവ് ബ്ലാഡറെന്ന രോഗാവസ്ഥ. ചികിത്സിക്കാത്ത പക്ഷം ജോലി, വ്യായാമം, ഉറക്കം, സാമൂഹിക ഇടപെടൽ തുടങ്ങി ഒരാളുടെ ദൈനംദിന ജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കും. പ്രായം കൂടുന്നതിനനുസരിച്ച് ഒ.എ.ബി രോഗലക്ഷണങ്ങളും വർധിക്കുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉള്ള പ്രായമായ രോഗികൾ ഡോക്ടറുമായി ചർച്ച ചെയ്യാനും ചികിത്സ തേടാനുമുള്ള സാധ്യത കുറവാണെന്നത് ഇതിൻ്റെ ഗുരുതരാവസ്ഥ കൂട്ടുന്നുണ്ട്.
ആരെയും ബാധിക്കാം
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒ.എ.ബി ബാധിക്കാം. ഓവർ ആക്ടീവ് ബ്ലാഡർ രോഗാവസ്ഥയെ കുറിച്ച് ഇന്ത്യയിൽ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ രാജ്യത്തെ ഒ.എ.ബി രോഗബാധിതരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. എന്നിരുന്നാലും ഏകദേശം 14 ശതമാനം പുരുഷന്മാർ ഒ.എ.ബി ലക്ഷണങ്ങൾ നേരിടുന്നുണ്ട് എന്നാണ് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. 12 ശതമാനം സ്ത്രീകൾ മൂത്രായശ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.
ആർത്തവ വിരാമത്തിലൂടെ കടന്നുപോയ പ്രായമായ സ്ത്രീകൾക്കും പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളുള്ള പുരുഷൻമാർക്കും ഒ.എ.ബി വരാനുള്ള സാധ്യത കൂടുതലാണ്. തലച്ചോറിനെയോ നാഡീവ്യൂഹത്തേയോ ബാധിക്കുന്ന സ്‌ട്രോക്ക്, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് തുടങ്ങിയ രോഗങ്ങളുള്ളവർക്കും ഒ.എ.ബി വന്നേക്കാം. പ്രായം ഒരു ഘടകമാണെങ്കിലും വയസായ എല്ലാവർക്കും ഈ രോഗാവസ്ഥയുണ്ടാകുമെന്ന് അതിന് അർഥമില്ല.
തുടക്കത്തിൽ നിസാരമായി തോന്നാമെങ്കിലും കാലക്രമേണ രോഗലക്ഷണങ്ങൾ വഷളാകുന്നതായാണ് കണ്ടുവരുന്നത്. മൂത്രമൊഴിക്കാനുള്ള കലശലായ തോന്നൽ, ശുചിമുറിയിൽ എത്തും മുമ്പ് തന്നെ മൂത്രം പോകുമോ എന്ന് ആശങ്കയുള്ളവാക്കുന്ന നൊക്റ്റൂറിയ പോലെയുള്ള അവസ്ഥ എന്നിവ രോഗികൾക്ക് നേരിട്ടേക്കാം. ഇത് ഉറക്കത്തെയും ശാരീരികമായും മാനസികമായുമുള്ള പ്രവർത്തനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു.
ഒ.എ.ബിയെ നിയന്ത്രിക്കാൻ 'സ്റ്റെപ്പിങ് അപ് ദി ലാഡർ' സമീപനമാണ് സ്വീകാര്യം. ജീവിതശൈലിയേയും പെരുമാറ്റങ്ങളേയും രോഗാവസ്ഥയെ ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് അടിസ്ഥാനപരമായ കാര്യം.
ഗുളികയുൾപ്പടെയുള്ള മരുന്നുകൾ, ബ്ലേഡർ വാളിൽ കുത്തിവയ്പ്പ്, മൂത്രാശയ സംബന്ധിയായ ഞരമ്പുകളിൽ വൈദ്യുതി ഉത്തേജനം എന്നിവയാണ് അടുത്ത ഘട്ടത്തിലുള്ള ചികിത്സ. അപൂർവമായി മാത്രമേ ശസ്ത്രക്രിയയിലേക്ക് കടക്കേണ്ടിവരുകയുള്ളൂ. മറ്റ് ചികിത്സാ രീതികളൊന്നും ഫലിച്ചില്ലെങ്കിൽ മാത്രം ശസ്ത്രക്രിയ ചെയ്താൽ മതിയാകും.
ജീവിത ശൈലീമാറ്റം
ജീവിത ശൈലിയിൽ മാറ്റം വരുത്തുകയെന്നത് തന്നെയാണ് ഒ.എ.ബി നിയന്ത്രിക്കാനുള്ള ആദ്യ പടി. ഈ മാറ്റങ്ങളെ 'ബിഹേവിയറൽ തെറാപ്പി' എന്നാണ് വിളിക്കുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ തന്നെ രോഗാവസ്ഥ വലിയ രീതിയിൽ മെച്ചപ്പെടുത്താൻ നിരവധിയാളുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മൂത്രാശയത്തെ പ്രകോപിപ്പിക്കുന്ന കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ, എരിവുള്ള ഭക്ഷണം എന്നിവ ഒഴിവാക്കണം.
പെൽവിക് ഫ്‌ളോർ പേശികൾ ദുർബലമാകുന്നത് മൂത്രാശയത്തിന്റെ അമിത പ്രവർത്തനത്തിന് കാരണമാകാം. പെൽവിക് ഫ്‌ളോർ മസിൽ വ്യായാമം അഥവാ കെഗൽ വ്യായാമം ശീലമാക്കുന്നത് പ്രയോജനം ചെയ്യും. പേശി നിയന്ത്രണം മെച്ചപ്പെടുന്നതിലൂടെ ഒ.എ.ബി ലക്ഷണങ്ങളിലും ഗുണപരമായ മാറ്റങ്ങൾ പ്രകടമാകും. വ്യായാമങ്ങൾ ഫലങ്ങൾ കാണിക്കാൻ സമയം എടുത്തേക്കാം. എന്നിരുന്നാലും ഇത് സ്ഥിരമായി ചെയ്യുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."