നിജിൽദാസിന് വീട് വാടകയ്ക്ക് നൽകിയതെന്ന് രേഷ്മ ഇരുവർക്കും മുൻപരിചയമെന്ന് പൊലിസ്
സുരേഷ് മമ്പള്ളി
കണ്ണൂർ
പുന്നോൽ ഹരിദാസൻ വധക്കേസിലെ മുഖ്യപ്രതിയും ആർ.എസ്.എസ് പ്രാദേശിക നേതാവുമായ പാറക്കണ്ടി നിജിൽദാസി(38)ന് തങ്ങളുടെ വീട് വാടകയ്ക്കു നൽകിയതാണെന്ന് അറസ്റ്റിലായ അധ്യാപിക പി.എം രേഷ്മ. ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിജിൽദാസിന് പങ്കുള്ള വിവരം അറിഞ്ഞിരുന്നില്ലെന്നും രേഷ്മ(42) പൊലിസിന് മൊഴിനൽകി. എന്നാൽ, ഈ വാദം അന്വേഷണ ഉദ്യോഗസ്ഥർ തള്ളി.
രേഷ്മയും നിജിൽദാസും തമ്മിൽ വർഷങ്ങളായി അടുത്ത പരിചയമുണ്ടെന്നാണ് പൊലിസ് വാദം. രേഷ്മ സ്‌കൂളിലേക്കു പതിവായി പോയിരുന്നത് നിജിൽദാസിന്റെ ഓട്ടോയിലാണെന്നും പൊലിസ് പറയുന്നു. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിട്ടും രേഷ്മ നിജിൽദാസിനെ ഒളിവിൽ പാർപ്പിക്കുകയായിരുന്നു. ഹരിദാസ് വധക്കേസിൽ 14ാം പ്രതിയാണ് നിജിൽദാസ്.
കൊലപാതകത്തിനുപിന്നാലെ രണ്ടു മാസമായി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഈ മാസം 17നാണ് ഇയാൾ രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെ പാണ്ട്യാലമുക്കിലെ രയരോത്ത്‌പൊയിൽ വീട്ടിൽ എത്തിയത്. സി.പി.എം അനുഭാവിയായിരുന്ന പ്രശാന്ത് വിദേശത്താണ്. ആണ്ടല്ലൂർകാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇടക്കാലത്ത് ഇയാൾ ആർ.എസ്.എസിലേക്കു മാറിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ നിരീക്ഷിച്ചാണ് നിജിൽദാസ് പാണ്ട്യാലമുക്കിലുണ്ടെന്ന വിവരം പൊലിസിന് ലഭിക്കുന്നത്.
രാത്രി നിജിൽദാസ് ഭാര്യയുമായി വാട്‌സ്ആപ്പിൽ ബന്ധപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾക്കു കുരുക്കുമുറുകിയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ വീടുവളഞ്ഞ് നിജിൽദാസിനെ പിടികൂടിയ പൊലിസ് പിന്നാലെ രേഷ്മയെയും കസ്റ്റഡിയിലെടുത്തു.
ഇയാൾക്ക് ഭക്ഷണവും വസ്ത്രവും മറ്റ് സൗകര്യങ്ങളും ഒരുക്കിയവരെക്കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.
മീൻപിടിത്ത തൊഴിലാളിയായ ഹരിദാസനെ കഴിഞ്ഞ ഫെബ്രുവരി 21നാണ് ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെയാണ് അറസ്റ്റ്‌ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."