'മന്ത്രിസഭയിലും സെക്രട്ടേറിയറ്റിലും വരെ അന്തര്‍ധാര സജീവം'; ആലപ്പുഴയിലെ സി.പി.എം- എസ്.ഡി.പി.ഐ ബന്ധം തെളിഞ്ഞുവെന്ന് കെ.സുരേന്ദ്രന്‍
ആലപ്പുഴ: സി.പി.എമ്മിനെ കടന്നാക്രമിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സി.പി.എം ഇസ്ലാമികവല്‍ക്കരണത്തിലേക്ക് പോവുകയാണെന്നും നേരത്തെ ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു. ഇപ്പോള്‍ എല്ലാം പരസ്യമായിത്തന്നെയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ലോക്കല്‍ സെക്രട്ടറി തലത്തില്‍ മാത്രമല്ല മന്ത്രിസഭയിലും സെക്രട്ടറിയേറ്റിലും വരെ അന്തര്‍ധാര സജീവമാണ്. ന്യൂനപക്ഷവോട്ടിനുവേണ്ടി ഏത് ഭീകരസംഘടനയുമായി കൂട്ടുകൂടാം എന്ന ബംഗാള്‍ ലൈനിന് എന്തുസംഭവിച്ചു എന്ന് കേരളനേതാക്കള്‍ ഓര്‍ത്താല്‍ നല്ലത്. കൂടുതല്‍ സൗകര്യം മമതയോടൊപ്പമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ മുസ്‌ലിം ന്യൂനപക്ഷം അങ്ങോട്ടും ഭൂരിപക്ഷം ബി.ജെ.പിയിലേക്കും പോയപ്പോള്‍ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് സി.പി.എമ്മിനുണ്ടായത്. ആലപ്പുഴയിലെ സംഭവവികാസങ്ങള്‍ ഒറ്റപ്പെട്ടതല്ല. കേരളമാകെ ഈ അവിശുദ്ധബാന്ധവം സി. പി. എം അണികളെ ഇരുത്തിച്ചിന്തിപ്പിക്കുമെന്ന കാര്യം ഉറപ്പാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ആലപ്പുഴ സി.പി.ഐ.എമ്മില്‍ ഉണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ 38 പാര്‍ട്ടി അംഗങ്ങള്‍ കൂട്ടരാജി നല്‍കിയത് സ്വാഗതാര്‍ഹമാണ്. സിപിഐഎമ്മിന്റെ യഥാര്‍ത്ഥ മുഖം പാര്‍ട്ടിപ്രവര്‍ത്തകര്‍ തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."