HOME
DETAILS

ഉര്‍ദുവിലെ ഖുര്‍ആന്‍ വിവര്‍ത്തന ചരിത്രം

  
backup
April 24 2022 | 04:04 AM

8963545632-2

സര്‍ഗസൗന്ദര്യം കൊണ്ടും മാധുര്യം കൊണ്ടും ലോകത്തെ കീഴടക്കിയ ഭാഷയാണ് ഇന്ത്യയില്‍ നിന്നും ഉടലെടുത്ത ഉര്‍ദു. കേരളമൊഴികെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെ മുസ്‌ലിംകളും മതപഠനത്തിനായി ഉപയോഗപ്പെടുത്തുന്നത്് ഉര്‍ദു ഭാഷയെയാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ മതപരമായ സാഹിത്യമെല്ലാം ഉര്‍ദു ഭാഷയില്‍ തന്നെയാണുള്ളത്. നാഅ്ത്ത് (പ്രവാചക പ്രകീര്‍ത്തന കാവ്യം) ലോകത്ത് ഏറ്റവും കൂടുതലായി രചിക്കപ്പെട്ടത് ഉര്‍ദുവിലാണ്. ഇതിലെത്രയോ രചയിതാക്കള്‍ അമുസ്‌ലിംകളാണ്. ലോകത്ത് തന്നെ സുദീര്‍ഘമെന്ന് വിശേഷിപ്പിക്കാവുന്ന പ്രവാചക പ്രകീര്‍ത്തന കാവ്യം 'ലൗലാക്ക്' എന്ന പേരില്‍ രചിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത് അമുസ്‌ലിം ഉര്‍ദു എഴുത്തുകാരനായ ചന്ദ്രഭാല്‍ ഖയാല്‍ ആണ്. ഈയിടെ അദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി.
ഇതേ ഉര്‍ദു ഭാഷയില്‍ തന്നെ കുറഞ്ഞ കാലയളവില്‍ അനേകം ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും (തഫ്‌സീര്‍) പ്രസിദ്ധീകൃതമായിട്ടുണ്ട്. ലോകത്ത് കൂടുതല്‍ ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും നിര്‍വഹിക്കപ്പെട്ട ഭാഷകളില്‍ ഒന്ന് ഉര്‍ദുവാണ്. 14,15 നൂറ്റാണ്ടുകളില്‍ സൂഫികള്‍ ഈ ഭാഷയില്‍ നിര്‍വഹിച്ച ചില രചനകളില്‍ ഖുര്‍ആന്‍ സൂക്തങ്ങളുടെ വിവര്‍ത്തനം കാണാന്‍ സാധിക്കും. 16ാം നൂറ്റാണ്ടിലാണ് ഖുര്‍ആന്‍ ഉര്‍ദു വിവര്‍ത്തനം പുറത്തുവരാന്‍ തുടങ്ങിയതെന്ന് അനുമാനിക്കാവുന്നതാണ്. അതു പക്ഷേ പൂര്‍ണമായ വിവര്‍ത്തനമായിരുന്നില്ല. ചില ഭാഗങ്ങള്‍ ചില സൂക്തങ്ങള്‍ മാത്രമായിട്ടുള്ള ഖുര്‍ആന്‍ ഉര്‍ദു വിവര്‍ത്തന കൈയെഴുത്തു പ്രതികള്‍ കണ്ടെത്തിയിട്ടുണ്ട്. പഴയകാല ഗുജരി ഉര്‍ദുവില്‍ ഹസ്‌റത്ത് ശേഖ് ബഹാഉദ്ദീന്‍ ബാജന്റെ ഖുര്‍ആന്‍ വിവര്‍ത്തന ഖണ്ഡകാവ്യം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ഖുര്‍ആന്റെ ആദ്യത്തെ സമ്പൂര്‍ണ ഉര്‍ദു വിവര്‍ത്തന ഖണ്ഡകാവ്യമാണെന്ന് പറയാവുന്നതാണ്.


17ാം നൂറ്റാണ്ടില്‍ ധാരാളം ഖുര്‍ആന്‍ ഉര്‍ദു വിവര്‍ത്തന ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിലെ കുത്തുബ്ഖാന ആസിഫിയ, കുത്തുബ്ഖാന സാലാര്‍ജംഗ്, കുത്തുബ്ഖാന ഇദാരയെ അദബിയാത്ത്, ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അക്കാലത്തെ ഉര്‍ദു വിവര്‍ത്തനങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണ്. ദക്ക്‌നി ഉര്‍ദുവില്‍ അബ്ദുസ്സമദ് ബിന്‍ നവാബ് അബ്ദുല്‍ വഹാബ് ഖാന്റെ ഖുര്‍ആന്‍ വിവര്‍ത്തനം ഉര്‍ദുവിലെ ആദ്യ സമ്പൂര്‍ണ ഖുര്‍ആന്‍ വിവര്‍ത്തനമാണെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നാല് വാള്യങ്ങളിലായിട്ടുള്ള ഈ ഗ്രന്ഥം 1686ലാണ് പ്രസിദ്ധീകരിച്ചത്. 1632 പേജുള്ള ഈ കൈയഴുത്തു കൃതി ഇന്നും ഹൈദരാബാദിലെ കുത്തുബ്ഖാന ആസിഫിയയില്‍ ഉണ്ട്. ഇതേ കാലഘട്ടത്തില്‍ ഖുര്‍ആന്റെ ചില ഭാഗങ്ങള്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതായി കാണാന്‍ കഴിയും. ഇതില്‍ ഫത്തഹ് മുഹമ്മദ് ഗോധരാവിയുടെ യൂസുഫ് സാനി (സൂറത്തു യൂസുഫ്) പ്രശസ്തമാണ്. ഇത് 1697ലാണ് രചിക്കപ്പെട്ടത്.


18ാം നൂറ്റാണ്ടായപ്പോഴേക്കും ധാരാളം ഉര്‍ദു ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി. മറ്റൊരു വശത്ത് ഉര്‍ദുവിനുമേലുള്ള ദക്ക്‌നി സ്വാധീനം കുറഞ്ഞുവരാനും തുടങ്ങി. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയിലെ ഭാഷാപ്രയോഗങ്ങളും പദങ്ങളും ശൈലിയും സവിശേഷതകളും ഉര്‍ദു ഭാഷയുടെ മാധുര്യം വര്‍ധിപ്പിച്ച് സമ്പന്നത കൈവരിച്ചിരുന്നു. ഈ കാലഘട്ടത്തിലാണ് ഖാസി മുഅസിം സംഭലിയുടെ ഖുര്‍ആന്‍ വിവര്‍ത്തനം പുറത്തിറങ്ങുന്നത്. ആ നൂറ്റാണ്ടിലെ ഉര്‍ദുവിലെ ആദ്യത്തെ ഖുര്‍ആന്‍ വിവര്‍ത്തനമാണിതെന്ന് പറയാം. 1719ലാണ് ഇത് രചിക്കപ്പെട്ടത്. ഈ കൈയെഴുത്ത് പ്രതി നൂറുല്‍ ഹസന്‍ ഭോപാലിയുടെ ലൈബ്രറിയിലുണ്ട്. അതുപോലെ തന്നെ 1737ല്‍ ഉര്‍ദുവിലുള്ള ഖുര്‍ആന്‍ വിവര്‍ത്തനകൃതിയുടെ ഒരു പ്രതി ഹൈദരാബാദിലെ കുത്തുബ്ഖാന ആസിഫിയയിലുണ്ട്. പക്ഷെ ഇതില്‍ വിവര്‍ത്തകന്റെ പേര് കാണുന്നില്ല.


മുഗള്‍ ചക്രവര്‍ത്തി ശാ ആലമിന്റെ നിര്‍ദേശപ്രകാരം ഹക്കീം മുഹമ്മദ് ശരീഫ് രചിച്ച ഉര്‍ദുവിലുള്ള ഖുര്‍ആന്‍ വിവര്‍ത്തനവും വിശദീകരണവും ഡല്‍ഹിയിലുള്ള ശരീഫ് കുടുംബത്തിന്റെ പക്കലുണ്ട്. ശാ ആലം ചക്രവര്‍ത്തിയുടെ കാലത്ത് ധാരാളം വിവര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടു. ശാ അബ്ദുല്‍ ഖാദറിന്റെയും ശാ റഫിയുദ്ദീന്റെയും പ്രശസ്തമായ ഉര്‍ദു വിവര്‍ത്തനങ്ങളും ഈ കാലഘട്ടത്തില്‍ തന്നെയാണ് രചിക്കപ്പെട്ടത്. ഇവരുടെ രചനയുടെ 20 വര്‍ഷം മുമ്പായിരുന്നു ഹക്കീം മുഹമ്മദ് ശരീഫിന്റെ വിവര്‍ത്തനം നിര്‍വഹിക്കപ്പെട്ടതെങ്കിലും ഇത് പ്രസിദ്ധീകൃതമാകാത്തതു കൊണ്ടായിരുന്നു ശാ സഹോദരങ്ങളുടെ ശുദ്ധ ഉര്‍ദുവിലുള്ള ഖുര്‍ആന്‍ വിവര്‍ത്തനകൃതിക്ക് പ്രഥമ പരിഗണന ലഭിച്ചത്.
18ാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിക്കാതെപോയ വേറെയും വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുഹമ്മദ് ബഖ ഫസലുല്ല ഖൈറാബാദിയുടെയും സയ്യിദ് ശാ ഹക്കാനിയുടെയും രചനകള്‍ ഇതിലുള്‍പ്പെടും. 1791ലാണ് ശാ ഹക്കാനി വിവര്‍ത്തനം ചെയ്തത്.


ശുദ്ധമായ ഉര്‍ദുവില്‍ രചിക്കപ്പെട്ട ആദ്യ ഖുര്‍ആന്‍ വിവര്‍ത്തനം എന്നറിയപ്പെടുന്നത് 1776 കാലഘട്ടത്തില്‍ ശാ റഫിയുദ്ദീന്‍ തയാറാക്കിയ 'തഫ്‌സീറെ റഫീഇ'യാണ്. രചനാവര്‍ഷം ഈ കൃതിയില്‍ കൃത്യമായി രേഖപ്പെടുത്താത്തതിനാലാവണം ഇത് ഒന്നാമത്തെ വിവര്‍ത്തനമാണെന്ന കാര്യത്തില്‍ ഗവേഷകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്. 1840ല്‍ കല്‍ക്കത്തയിലെ ഒരു പ്രസ്സില്‍ നിന്നാണ് പിന്നീടത് പ്രസിദ്ധീകരിച്ചത്.


'മൗസെ ഖുര്‍ആന്‍' എന്ന ശാ അബ്ദുല്‍ ഖാദറിന്റെ ഉര്‍ദു ഖുര്‍ആന്‍ വിവര്‍ത്തനം ആദ്യകാല രചനകളില്‍ ഒന്നാം നിരയില്‍ പരിഗണിക്കപ്പെട്ടതാണ്. 1790ല്‍ രചിച്ച ഈ വിവര്‍ത്തന കൃതി 1829ല്‍ കല്‍ക്കത്തയില്‍ നിന്നാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് നടന്ന ചില ഗവേഷണങ്ങള്‍ ശരിവെക്കുന്നത് പ്രകാരം ഒന്നാമത്തെ സമ്പൂര്‍ണ ഉര്‍ദു ഖുര്‍ആന്‍ വിവര്‍ത്തനം ശാ റഫിയുദ്ദീന്റെ 'തഫ്‌സീറെ റഫീഇ'യും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത് ശാ അബ്ദുല്‍ ഖാദറിന്റെ 'മൗസെ ഖുര്‍ആനു'മാണെന്ന് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
1808ല്‍ നവാബ് സയ്യിദ് മുഹമ്മദ് ഫൈസുല്ലാഖാന്റെ അഭ്യര്‍ഥന പ്രകാരം ഖാസി സയ്യിദ് നൂറുല്‍ ഹഖ് ഒരു വിവര്‍ത്തന കൃതി രചിച്ചിരുന്നു. അതെഴുതാന്‍ ആരംഭിച്ചത് 1790ല്‍ ആയിരുന്നു. ഇതേ കാലഘട്ടതില്‍ അപൂര്‍ണമായ ധാരാളം ഉര്‍ദു ഖുര്‍ആന്‍ വിവര്‍ത്തന കൈയെഴുത്തുപ്രതികള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ വിവര്‍ത്തകരുടെ പേരുകള്‍ ഇല്ല. 1772ല്‍ ശാ മുറാദുല്ലാ അന്‍സാരി, 1791ല്‍ അമീനുദ്ദീന്‍, 1791ല്‍ തന്നെ മൗലാന മൊയിസുദ്ദീന്‍ തുടങ്ങി ധാരാളം പേരുടെ അപൂര്‍ണമായ ഉര്‍ദുവിലുള്ള ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ വിവിധ ലൈബ്രറികളില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.


18ാം നൂറ്റാണ്ടില്‍ ധാരാളം ഉര്‍ദു ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ പൂര്‍ണവും അപൂര്‍ണവുമായിട്ടുള്ളവ ഉള്‍പ്പെടുന്നു. 1770ല്‍ 'ഖുദായി നിയമത്ത്' എന്ന പേരില്‍ ശാ മുറാദുല്ല അന്‍സാരി ഖുര്‍ആന്‍ ഉര്‍ദു വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയിരുന്നു. 'അമ്മ' ജുസ്അ് ആയിരുന്നു ആദ്യം ചെയ്തത്. 'തഫ്‌സീറെ മുറാദിയ' എന്ന പേരില്‍ 1831ല്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പലപ്പോഴായി ഇതിന്റെ പുനഃപ്രസിദ്ധീകരണവും നടന്നിട്ടുണ്ട്. ഭാഷയില്‍ സംഭവിച്ച നവീകരണങ്ങള്‍ ഓരോ ഘട്ടത്തിലും പ്രത്യേകം കാണാവുന്നതാണ്. പൊതുവെ ഭാഷയുടെ ലാളിത്യം കൊണ്ടായിരുന്നു ഓരോ പ്രസിദ്ധീകരണവും ശ്രദ്ധിക്കപ്പെട്ടത്. അതീവ ലളിതമായിരുന്നു ഈ ഖുര്‍ആന്‍ വിവര്‍ത്തനം.


ഖുര്‍ആന്‍ ഉര്‍ദു വിവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടം എന്ന് വിശേഷിപ്പിക്കാവുന്നത് 19ാം നൂറ്റാണ്ടിലെത്തുമ്പോഴാണ്. വിവര്‍ത്തനത്തിന്റെ ആവശ്യകതയായിരുന്നു ഈ കാലഘട്ടത്തില്‍ ധാരാളം കൃതികള്‍ പ്രസിദ്ധീകരിക്കാനിടയായത്. അച്ചടിയന്ത്രത്തിന്റെ ആഗമനത്തോടെ എഡിഷനുകളുടെ എണ്ണവും വര്‍ധിച്ചു. കല്‍ക്കത്തയിലെ ഫോര്‍ട്ട് വില്യം കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗില്‍ ക്രൈസ്റ്റ് വിളിച്ചുകൂട്ടിയ ഉലമാക്കളുടെ കമ്മിറ്റി മുഖേന 1804ല്‍ ഖുര്‍ആന്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്യിക്കുകയുണ്ടായി. ഫോര്‍ട്ട് വില്യം കോളജിലെ 'ദാറുല്‍ തര്‍ജമ'യില്‍ ഉണ്ടായിരുന്ന വിവര്‍ത്തകരായ കാസിം അലി, അമാനത്തുല്ല ശേദ, മീര്‍ ബഹദൂര്‍ അലി, മൗലവി ഫസലുല്ല, ഗൗസ് അലി എന്നിവരായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്.
19ാം നൂറ്റാണ്ടിലെ മറ്റു ചില ഉര്‍ദു ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ ഇവയാണ്: അബ്ദുല്ല സയ്യിദിന്റെ 'മൗസെഹ അല്‍ഖുര്‍ആന്‍' വിവര്‍ത്തനം 1829ല്‍ പ്രസിദ്ധീകരിച്ചു. 850 പേജുള്ള ഈ വിവര്‍ത്തനം ഹൈദരാബാദിലെ ഇദാരയെ അദബിയാത്തില്‍ ഉണ്ട്. 1829ല്‍ അബ്ദുല്ല ഹോഗലി ഉര്‍ദുവില്‍ ഖുര്‍ആന്‍ വിവര്‍ത്തനം തയാറാക്കി. സയ്യിദ് ബാബാ ഖാദരി 1831ല്‍ തര്‍ജമ വ തഫ്‌സീര്‍ തന്‍സീല്‍' എന്ന നാമത്തില്‍ വിവര്‍ത്തനം ചെയ്ത ഖുര്‍ആന്‍ ഹൈദരാബാദിലെ കുത്തുബ്ഖാന ആസിഫിയയില്‍ സൂക്ഷിച്ചിട്ടുണ്ട്. 1832ല്‍ റഊഫ് അഹമ്മദ് റാഫത്ത് നഖ്ശബന്തിയുടെ 'തഫ്‌സീര്‍ റൗഫി', 1836ല്‍ സയ്യിദ് അലി മുജിതഹദിയുടെ 'തൗസീഹ് മജീദ് ഫീ തന്‍വീഹ് കലാമല്ലാഹ്' (നാല് വാള്യം), മൗലാന കറാമത്ത് അലി ജോന്‍പൂരിയുടെ 1837ല്‍ പ്രസിദ്ധീകരിച്ച 'കോക്കബ് ദരി', 1837ല്‍ ഹൈദരാബാദില്‍ നിന്നു പ്രസിദ്ധീകരിച്ച മൗലവി സയ്യിദ് ഫൈസ് ഹസന്റെ 'തഫ്‌സീരെ ഖലഖി', മൗലവി അന്‍വര്‍ അലി ലഖ്‌നവിയുടെ 1839ല്‍ പ്രസിദ്ധീകരിച്ച തര്‍ജമ ഖുര്‍ആന്‍, 1844ല്‍ സയ്യിദ് സഫ്ദര്‍ ഹുസൈന്റെ തര്‍ജമ വ തഫിസീര്‍


ഖുര്‍ആന്‍ മജീദ്' എന്നിവ ഈ കാലഘട്ടത്തില്‍ പ്രസിദ്ധീകൃതമായ വിവര്‍ത്തനങ്ങളാണ്.
'തഫ്‌സീറ് റഹ്‌മാനി' എന്ന നാമത്തില്‍ സിക്കന്തര്‍ അലിഖാന്‍ നവാബ് മാലേര്‍ കോട്ട്‌ലി 1852ല്‍ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 846 പേജുകളാണ് ഇതിലുള്ളത്. വാജിദ് അലി ശാ 'സഹീഫ എ സുല്‍ത്താനിയാ' എന്ന പേരില്‍ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അപൂര്‍ണമാണ്. 1868ല്‍ ഖാസി അബ്ദുസലാം ബദായൂനി നാല് വാള്യത്തിലായി രചിച്ച വിവര്‍ത്തനം കാവ്യരൂപത്തിലുള്ളതാണ്. 'സാദുല്‍ ആഖിറത്ത്' എന്ന നാമത്തിലാണ് ഇത് തയാറാക്കിയത്.


ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പ്രഗത്ഭരായ പണ്ഡിതര്‍ രചിച്ച ഒട്ടേറെ ഖുര്‍ആന്‍ ഉര്‍ദു വിവര്‍ത്തനങ്ങളുണ്ട്. 1871ല്‍ മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ച രണ്ട് വാള്യത്തിലായി 1096 പേജു വരുന്ന വിവര്‍ത്തനം ഖാന്‍ വാസിഹ് രചിച്ചതാണ്. 'ഫൈസുല്‍ കരീം' എന്ന പേരില്‍ 1860ല്‍ സബഗത്തുല്ല ഖാസി മുഹമ്മദ് ബദറുദ്ദൗല ഒരു വിവര്‍ത്തന കൃതിയുടെ രചന ആരംഭിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മക്കളായ മുഫ്ത്തി മുഹമ്മദ് സഈദും മുഫ്ത്തി മഹ്‌മൂദും പ്രസ്തുത വിവര്‍ത്തന ഗ്രന്ഥം പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടെ ഇരുവരും മരിക്കുകയായിരുന്നു. പിന്നീട് പേരമകനായ മൗലാന നാസിറുദ്ദീനാണ് ഇത് പൂര്‍ത്തീകരിച്ച് പ്രസിദ്ധീകരിച്ചത്. 1864ല്‍ 'ലുഗാത്തുല്‍ ഫുര്‍ഖാന്‍' എന്ന പേരില്‍ മുഹമ്മദ് സലീം ഉര്‍ദുവില്‍ ഒരു വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്. 'ജാമിയുല്‍ തഫാസീര്‍' എന്ന പേരില്‍ നവാബ് ഖുതുബുദ്ദീന്‍ ഖാന്‍ ബഹാദൂര്‍ ദഹ്‌ലവി ഖുര്‍ആന്‍ വിവര്‍ത്തനം തയാറാക്കി. 1866ല്‍ മൗലാന യാക്കൂബ് ഹസന്‍, 1867ല്‍ മൗലവി അബ്ദുല്‍ ഗഫൂര്‍ ഖാന്‍, റഫിയുദ്ദീന്‍, 1868ല്‍ മുഹമ്മദ് ഹാശിം, 1873ല്‍ സയ്യിദ് സഹീറുദ്ദീന്‍ ബല്‍ഗാമി, 1876ല്‍ മുഹമ്മദ് ഹുസൈന്‍ നഖ്‌വി, 1879ല്‍ ഫഖ്‌റുദ്ദീന്‍ അഹമ്മദ് ഖാദരി, 1882ല്‍ സയ്യിദ് മുഹമ്മദ് ശാ, 1883ല്‍ മുഹമ്മദ് ഉസ്മാന്‍ സലീമുദ്ദീന്‍, 1884ല്‍ ഹുസൈന്‍ അലിഖാന്‍, സയ്യിദ് അഹമ്മദ് അലി മുജ്തഹദ്, സിദ്ദീഖ് ഹസന്‍ ഖാന്‍ എന്നിവരുടെയെല്ലാം ഖുര്‍ആന്‍ ഉര്‍ദു വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1882ല്‍ അമുസ്‌ലിമായ കന്‍ഹയിയ്യലാല്‍ ലിഖ്ദാരി ഖുര്‍ആന്റെ ഉര്‍ദു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇത് രാജ റണ്‍ജിത്ത് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ലുധിയാനയിലെ ധറം സഭാ ബുക്‌സ് ആണ് ഇത് പ്രസിദ്ധീകരിച്ചത്.


19ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഖുര്‍ആനിന്റെ ഉര്‍ദു വിവര്‍ത്തനം ചെയ്ത പ്രശസ്തരാണ് അബ്ദുസ്സമദ് (1885), മുഹമ്മദ് ഇഹ്ത്തിശാമുദ്ദീന്‍ (1885), സയ്യിദ് സൈനുല്‍ ആബിദീന്‍ (1886), സയ്യിദ് മുഹമ്മദ് അലി (1886), നവാബ് മുഹമ്മദ് ഹുസൈന്‍ ഖുലി ഖാന്‍ (1886), അബൂ മുഹമ്മദ് അബ്ദുല്‍ ഹഖ് ഹഖാനി (1887), ഹക്കീം സയ്യിദ് മുഹമ്മദ് ഹസന്‍ (1887), അബ്ദുല്‍ ഹക്കീം അബ്ദുല്‍ ആഅ്‌ലി (1889), മുസ്തഫ ബിന്‍ മഹമ്മദ് സഈദ് (1890), ഫിറോസുദ്ദീന്‍ (1890), ഇഹ്‌സാനുല്ല മുഹമ്മദ് അബ്ബാസി (1892), മൗലവി മുഹമ്മദ് ബാഖര്‍ (1893), സനാഉല്ല അമൃത്സരി (1895), സയ്യിദ് അലി ലഖ്‌നവി (1895), മുഹമ്മദ് ഹുസൈന്‍ സയ്യിദ് (1895), മൗലാന സയ്യിദ് അമീര്‍ അലി (1896), മൗലവി ഹമീദുല്ല മീര്‍ഠി (1897), മൗലാന മുഖ്തദര്‍ ബദായൂനി (1897), ഡീപ്ട്ടി നസീര്‍ അഹമ്മദ് (1899) തുടങ്ങിയ ധാരാളം പേര്‍ വിവിധ നാമങ്ങളിലായി ഖുര്‍ആന്റെ ഉര്‍ദു വിവര്‍ത്തനങ്ങളും വ്യഖ്യാനങ്ങളും രചിച്ചിട്ടുണ്ട്. ഇതേ കാലഘട്ടത്തില്‍ ഏഴ് വാള്യങ്ങളിലായി സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ 'തഫിസീരെ ഖുര്‍ആന്‍' എന്ന പേരില്‍ ഖുര്‍ആന്‍ വ്യാഖ്യാനം ഉര്‍ദുവില്‍ രചിച്ചു. ഇതിന്റെ ഒന്നാം വാള്യം 1880ല്‍ അലിഗഢില്‍ നിന്ന് പ്രസിദ്ധീകരിച്ചു. രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് വാള്യങ്ങള്‍ യഥാക്രമം 1882,1885, 1888, 1892, 1895 വര്‍ഷങ്ങളിലായാണ് പ്രസിദ്ധീകരിച്ചത്. ഏഴാം വാള്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഇടയില്‍ 1898ല്‍ സര്‍ സയ്യിദ് മരിച്ചു. ഇങ്ങനെ അപൂര്‍ണമായ 32 ഖുര്‍ആന്‍ വിവര്‍ത്തനങ്ങളാണുള്ളത്.
ഖുര്‍ആന്റെ ഉര്‍ദു വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും ഏറ്റവും കൂടുതലായി രചിക്കപ്പെട്ടതും പ്രസിദ്ധീകൃതമായതും 20ാം നൂറ്റാണ്ടിലാണ്. ഉര്‍ദുവിലെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ വിപ്ലവകരമായ സുവര്‍ണകാലമായിട്ടാണ് 20ാം നൂറ്റാണ്ട് വിശേഷിപ്പിക്കപ്പെടുന്നത്. 110 സമ്പൂര്‍ണ ഖുര്‍ആന്‍ വ്യാഖ്യാന വിവര്‍ത്തനങ്ങള്‍ ഈ നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപൂര്‍ണമായ 108 എണ്ണം വേറെയുണ്ട്. അപൂര്‍ണ വിവര്‍ത്തനങ്ങളില്‍ കേരളത്തിനും പ്രാതിനിധ്യമുണ്ട്. മുസ്‌ലിം ലീഗ് ദേശീയ നേതാവ് എം.പി അബ്ദുസ്സമദ് സമദാനിയുടെ പിതാവ് എം.പി അബ്ദുല്‍ ഹമീദ് ഹൈദരി മൗലവിയാണ് ഖുര്‍ആന്റെ ഉര്‍ദു വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കെ 1981 ഏപ്രില്‍ 10നു വിടപറഞ്ഞത്.


1908ല്‍ മൗലവി അഷ്‌റഫ് അലി ഥാനവി പ്രസിദ്ധീകരിച്ച 'തര്‍ജമ വ തഫ്‌സീര്‍ ബയാനുല്‍ ഖുര്‍ആന്‍' ആണ് 20ാം നൂറ്റാണ്ടിലെ അതിപ്രശസ്തമായ വ്യാഖ്യാന സഹിതമുള്ള ഖുര്‍ആന്‍ വിവര്‍ത്തനം. 12 വാള്യമുള്ള ഈ രചന എത്രയോ എഡിഷനുകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റൊന്ന് മൗലാനാ ഇമാം അഹമ്മദ് റസാഖാന്‍ ബറേല്‍വിയുടേതാണ്. 1911ല്‍ 'കന്‍സലുല്‍ ഈമാന്‍' എന്ന പേരില്‍ മുറാദാബാദില്‍ നിന്നാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഭാഷയുടെ അതിമനോഹരമായ പ്രയോഗത്താലും ഭാഷാ ലാളിത്യത്താലും സമ്പുഷ്ഠമാണ് ഈ വിവര്‍ത്തനം.


സ്വതന്ത്ര ഇന്ത്യയിലെ ഒന്നാമത്തെ വിദ്യാഭ്യാസമന്ത്രിയും പണ്ഡിതനുമായ മൗലാനാ അബുല്‍ കലാം ആസാദ് 27 വര്‍ഷത്തെ പ്രയത്‌നംകൊണ്ട് രചിച്ച ഉര്‍ദുവിലെ പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാനമാണ് 'തര്‍ജുമാനുല്‍ ഖുര്‍ആന്‍'. 1916ലാണ് ഇതിന്റെ രചന ആരംഭിച്ചത്. 1931ല്‍ ഒന്നാം വാള്യം ഡല്‍ഹിയില്‍ നിന്നും രണ്ടാം വാള്യം 1936ല്‍ ബിജ്‌നോറില്‍ നിന്നുമാണ് പ്രസിദ്ധീകരിച്ചത്. അദ്ദേഹം രചന ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ 1918ല്‍ ബ്രിട്ടിഷുകാര്‍ അതിനകം പൂര്‍ത്തീകരിച്ച 8 ജുസ്ഉകള്‍ പിടിച്ചെടുത്ത് കണ്ടുകെട്ടി. ആസാദിന് ഈ ഭാഗമത്രയും രണ്ടാമത് പൂര്‍ത്തീകരിക്കേണ്ടി വന്നു. പിന്നീട് 1921ല്‍ ഏകദേശം പൂര്‍ത്തീകരിച്ച് അന്തിമഘട്ടത്തിലെത്തിയപ്പോള്‍ ബ്രിട്ടിഷുകാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. അതോടൊപ്പം വ്യാഖ്യാനസഹിതമുള്ള ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ കൈയെഴുത്തുപ്രതിയും പിടിച്ചെടുത്തു. അത് പിന്നീട് ലഭിക്കുകയുണ്ടായില്ല. 1927ലാണ് വീണ്ടും ആസാദ് ഈ പ്രവര്‍ത്തനത്തില്‍ മുഴുകിയത്. 1930ല്‍ ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. മൗലാനാ ആസാദിന്റെ ഉര്‍ദു വിവര്‍ത്തന ഖുര്‍ആന്‍ വ്യാഖ്യാനം ഉര്‍ദു ഭാഷാ സാഹിത്യത്തിലെ ഒരമൂല്യനിധിയായിട്ടാണ് സാഹിത്യരംഗത്ത് അറിയപ്പെടുന്നത്. ഇതിന്റെ മൂന്നാം വാള്യം 1981ല്‍ കേന്ദ്രസാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിച്ചത്.


20ാം നൂറ്റാണ്ടിലെ മറ്റൊരു ഉര്‍ദു വിവര്‍ത്തനത്തോട് കൂടിയ ഖുര്‍ആന്‍ വ്യാഖ്യാനമാണ് 'തഫ്‌സീരെ മാജ്ദി'. മൗലാനാ അബ്ദുല്‍ മാജിദ് ദരിയാബാദിയാണ് ഇത് രചിച്ചത്. 1944 ജൂലൈ 20ന് ഇത് പൂര്‍ത്തീകരിക്കുകയും 1952ല്‍ മൂന്ന് വാള്യമായി പ്രസിദ്ധീകരിക്കുയും ചെയ്തു. പാശ്ചാത്യ ഇസ്‌ലാം വിമര്‍ശകര്‍ക്കുള്ള മറുപടികള്‍, ബൈബിള്‍, തൗറാത്ത്, ഹിന്ദു വേദങ്ങള്‍, ഭഗവദ്ഗീത, ബുദ്ധമത ചിന്തകര്‍, യൂനാനി തത്വചിന്തകന്മാര്‍ തുടങ്ങിയവ ഉന്നയിക്കുന്ന വാദങ്ങളും വിശദീകരണങ്ങളും ഈ വ്യാഖ്യാന കൃതിയുടെ സവിശേഷതയാണ്. ഇതിന് സമാനമായ മറ്റു കൃതികളും 20ാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1921ല്‍ ഖിലാഫത്ത് സമരരംഗത്ത് സജീവമായുണ്ടായിരുന്ന മദിരാശിയിലെ യാക്കൂബ് ഹസ്സന്‍ 'കിത്താബുല്‍ ഹുദാ' എന്ന പേരില്‍ രണ്ട് വാള്യത്തിലായി ഉര്‍ദു വിവര്‍ത്തനവും തഫ്‌സീറും തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോംബെയിലെ ഖിലാഫത്ത് പ്രസ്സാണ് ഇതിന്റെ അച്ചടി നിര്‍വഹിച്ചത്. 1921ല്‍ മലബാര്‍ സമരാനന്തരം കേരളത്തിലെ ആദ്യത്തെ യതീംഖാന ജംഇയ്യത്തെ ദഅ്‌വത്തെ തബ്‌ലീഗ് ഇസ്‌ലാം (ജെ.ഡി.ടി.ഐ) കോഴിക്കോട്ട് സ്ഥാപിച്ച ലാഹോറുകാരനായ മൊഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി ഭാഗികമായി ഉര്‍ദുവില്‍ ഖുര്‍ആന്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ലാഹോറില്‍ നിന്നാണ് ഇത് പ്രസിദ്ധീകരിച്ചത്.


പീര്‍ മുഹമ്മദ് കറം ശായുടെ 'സിയാഉല്‍ ഖുര്‍ആന്‍', മൗലാനാ അബ്ദുല്‍ അഅ്‌ലാ മൗദൂദിയുടെ 'തഫ്ഹീമുല്‍ ഖുര്‍ആന്‍', മൗലാനാ അബ്ദുല്‍ കരീം പാരേഖിന്റെ 'തശ്‌രീഹുല്‍ ഖുര്‍ആന്‍', മൗലാനാ വഹീദുദ്ദീന്‍ ഖാന്റെ 'തസ്‌കീറുല്‍ ഖുര്‍ആന്‍', മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ 'തദ്ബര്‍ ഖുര്‍ആന്‍', മൗലാന ശംസ്പീര്‍ സാദയുടെ 'ദഅ്‌വത്തുല്‍ ഖുര്‍ആന്‍' തുടങ്ങി ധാരാളം പേര്‍ ഖുര്‍ആന്‍ ഉര്‍ദു വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്.


ഈ നൂറ്റാണ്ടിലും ധാരാളം ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും പ്രസിദ്ധീകരിച്ചുകൊണ്ടേയിരിക്കുകയാണ്. ഏകദേശം 48 വിവര്‍ത്തന വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു. ഇതില്‍ മുഹമ്മദ് ലുഖ്മാന്‍, ഇംദാദുല്‍ കറം, മൗലാനാ സര്‍ഫറാസ് ഖാന്‍, ആയത്തുല്ല ഹസന്‍, അബ്ദുല്‍ ഹക്കീം ശര്‍ഫ് ഖാദരി, മൗലാനാ മുഹമ്മദ് ജബ്ബാര്‍, ഡോ.താഹിര്‍ അല്‍ഖാദിരി, മുഹമ്മദ് മിയാന്‍ ജമീല്‍, ശാ മുഹമ്മദ് മസ്ഹറുല്ല ദഹ്‌ലവി, ഇംദാദുല്ല നൂര്‍, ഡോ.അസ്‌റാര്‍ അഹമ്മദ് തുടങ്ങി നിരവധി പേരുണ്ട്. 22 പേരാണ് ഈ നൂറ്റാണ്ടില്‍ ഭാഗികമായി ഉര്‍ദു ഖുര്‍ആന്‍ വിവര്‍ത്തനം നടത്തിയിട്ടുള്ളത്.
ഖുര്‍ആന്റെ കാവ്യാത്മക ശൈലിയോടും താളത്തോടും സഹജമായി ചേര്‍ന്നുനില്‍ക്കുന്ന ഉര്‍ദു ഭാഷയുടെ സവിശേഷതയാണ് മേല്‍ പരാമര്‍ശിച്ച കൃതികളെയെല്ലാം മനോഹരമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago