കുന്നത്തൂര്‍ രാധാകൃഷ്ണന്‍
ഒാമനിച്ചു വളര്‍ത്തിയ മകള്‍ ഓര്‍ക്കാപ്പുറത്ത് കൊലചെയ്യപ്പെട്ടാല്‍ മാതാപിതാക്കള്‍ക്കുണ്ടാവുന്ന ദുഃഖവും രോഷവും വാക്കുകളില്‍ പറഞ്ഞു ഫലിപ്പിക്കാനാവില്ല. പരസ്പരസ്‌നേഹത്തിന്റെ കരുത്തുറ്റ കണ്ണിയാണ് എന്നന്നേക്കുമായി മുറിഞ്ഞുപോകുന്നത്. നിരാശയുടെ പടുകുഴിയിലേക്ക്, കനത്ത രോഷത്തിലേക്ക് ഇരയുടെ ബന്ധുക്കള്‍ എറിയപ്പെടാം. എന്നാല്‍ മകളുടെ കൊലയാളിക്ക് മാപ്പ് നല്‍കി അയാളുടെ ക്ഷേമത്തിന് പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു മാതാവിനെ കുറിച്ച് കേട്ടിട്ടുണ്ടോ?
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാപണം (Blood money) നല്‍കി കുറ്റവാളിക്ക് ശിക്ഷയില്‍ നിന്ന് ഒഴിവാകാനുള്ള വ്യവസ്ഥ ചില രാജ്യങ്ങളിലെ ശിക്ഷാനിയമങ്ങളിലുണ്ട്. എന്നാല്‍ ഇവിടെ പറയാന്‍ പോകുന്ന സംഭവം നടന്നത് യു.എസിലാണ്. അവിടെ 'ദിയാപണ നിയമം' നിലനില്‍ക്കുന്നില്ല.
ഷിക്കാഗോ നഗരപ്രാന്തത്തിലെ ആര്‍ലിങ്ടണ്‍ ഹൈറ്റ്‌സ് പ്രദേശത്തെ ശാന്തമായ ഒരു ഭവനം. ബാര്‍ബറ മാംഗിയും ഭര്‍ത്താവ് ജോയും രണ്ടു പെണ്‍കുട്ടികളും അവിടെ താമസിക്കുന്നു. സംതൃപ്ത കുടുംബം. പെണ്‍മക്കളില്‍ മൂത്തവള്‍ സാറ. ഇളയവള്‍ ഡാന. 2007ലെ ഒരു കറുത്തരാത്രിയില്‍ നിഷ്‌കളങ്കയായ ഡാന മൃഗീയമായി കൊലചെയ്യപ്പെടുന്നു. കഴുത്ത് ഞെരിച്ചാണ് ഡാനയെ കൊലപ്പെടുത്തിയത്. ദേഹത്താകെ കുത്തേറ്റ പരുക്കുകളുമുണ്ടായിരുന്നു. കൊല്ലപ്പെടുമ്പോള്‍ 25 മാത്രമായിരുന്നു ഡാനയുടെ പ്രായം. പാട്രിക് ഫോര്‍ഡ് എന്ന യുവാവായിരുന്നു കൊലയാളി. ഫോര്‍ഡും ഡാനയും പരിചയക്കാരായിരുന്നു. ലൊയോള സര്‍വകലാശാലയിലെ ചങ്ങാതിക്കൂട്ടത്തിലെ അംഗങ്ങള്‍.
ഫോര്‍ഡ് മദ്യവും കഞ്ചാവുപോലുള്ള ലഹരിപദാര്‍ഥവും ഉപയോഗിക്കുന്നയാളായിരുന്നു. അത് അയാളെ വിഷാദരോഗത്തിലേക്കും മനോവിഭ്രാന്തിയിലേക്കും നയിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് ഈ വിഷാദരോഗമായിരുന്നു.
മൃഗങ്ങളെ അഗാധമായി സ്‌നേഹിച്ചവളായിരുന്നു ഡാന. മുതിര്‍ന്നപ്പോള്‍ മൃഗഡോക്ടറാകാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ മൃഗചികില്‍സാ വിദ്യാലയങ്ങളിലേക്ക് അപേക്ഷിച്ചെങ്കിലും രണ്ടുതവണ ഫലമുണ്ടായില്ല. മൂന്നാം തവണ മിനസോട്ട സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു. സ്വന്തം മൃഗചികില്‍സാ വിദ്യാലയം തുറക്കാന്‍ ഏതാനും ആഴ്ചകള്‍ ശേഷിക്കെയാണ് ഡാന കൊലചെയ്യപ്പെട്ടത്. കുട്ടിമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു പാര്‍ട്ടിയില്‍ ഡാനയും ഫോര്‍ഡും പങ്കെടുത്തു. അന്നൊരു ശനിയാഴ്ചയായിരുന്നു. പാര്‍ട്ടിക്ക് പോയ ഡാന തിരിച്ചെത്തിയില്ല. കൊലപാതകം പൊലിസില്‍ അറിയിച്ചത് ഫോര്‍ഡ് തന്നെ. സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഫോര്‍ഡിനെ പൊലിസ് അറസ്റ്റ് ചെയ്തു. രണ്ടുവര്‍ഷത്തെ വിചാരണയ്ക്കുശേഷം കോടതി 35 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഡാനയെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് പറയാന്‍ അയാള്‍ക്കായില്ല.
വിചാരണവേളയില്‍ ഡാനയുടെ അമ്മ മാംഗിയും സഹോദരി സാറയും സന്നിഹിതരായിരുന്നു. ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി പ്രതിയോട് ചോദിച്ചു. ഫോര്‍ഡ് വികാരാധീനനായി. ഡാനയുടെ ബന്ധുക്കളോട് അയാള്‍ മാപ്പിരന്നു. കോടതിമുറിയില്‍ ഫോര്‍ഡ് പറഞ്ഞു: ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. എന്റെ വാക്കുകള്‍ നിങ്ങളെ സഹായിക്കില്ലെന്നറിയാം. ഞാന്‍ നിങ്ങളില്‍ നിന്ന് ഏറ്റവും വിലപ്പെട്ടത് കവര്‍ന്നു. അത് തിരിച്ചുതരാനാവില്ല. എന്റെ പ്രാര്‍ഥനകള്‍ നിങ്ങള്‍ക്കുണ്ടാകും.
ആ വാക്കുകളില്‍ ആത്മാര്‍ഥത തുളുമ്പിയിരുന്നു. അത് മതവിശ്വാസിയായ മാംഗിയെ സ്പര്‍ശിച്ചു. എന്നാല്‍ മകളുടെ കൊലയാളി പശ്ചാത്താപവിവശനാണെങ്കിലും അയാള്‍ക്ക് മാപ്പ് നല്‍കാന്‍ മാംഗിക്കാവില്ല. ഇനി ഡാന മാപ്പ് നല്‍കിയാലും മാംഗിക്ക് അതിനാവില്ല. അയാള്‍ക്ക് മാപ്പ് നല്‍കാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂ എന്നായിരുന്നു മാംഗിയുടെ ഉറച്ച വിശ്വാസം. എന്നാല്‍ ദൈവം അവിടെ ഇടപെട്ടു. മാംഗിയെ സംബന്ധിച്ച് ആത്മസംഘര്‍ഷത്തിന്റെ നാളുകളായിരുന്നു അത്. ദൈവം കല്‍പിച്ചു: ''അവനോട് പൊറുക്കുക. പശ്ചാത്താപത്തിന്റെ കണ്ണീര്‍ നീ കാണുന്നില്ലേ?''
ആദ്യമൊന്നും ഫോര്‍ഡിനോട് പൊറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഡാനയുടെ മുറിയില്‍ അവളുടെ ചെറുപ്പകാലം മുതലുള്ള ചിത്രങ്ങളുണ്ട്. അവളുടെ കുസൃതി നിറഞ്ഞ പുഞ്ചിരിക്കുന്ന മുഖം. സഹോദരി സാറയുമൊത്തുള്ള കളികളുടെ ചിത്രങ്ങള്‍. മാംഗിയും ജോയും ആ ചിത്രങ്ങളിലാണ് അഭയംതേടിയത്. നല്ല നാളുകളെക്കുറിച്ചുള്ള ഓര്‍മകളിലേക്ക് ഊളിയിടാന്‍ അത് ധാരാളം മതി. മനസ്സംഘര്‍ഷം തുടരവെ വര്‍ഷങ്ങള്‍ കടന്നുപോയി. 2013ലെ ഒരു സായാഹ്നം. മാംഗിയും സഹോദരി ടീനാ മെര്‍സിയറും സംസാരിച്ചിരിക്കുന്നു. താന്‍ ഫോര്‍ഡിന് കത്തെഴുതാന്‍ പോവുകയാണെന്ന് മാംഗിയെ ടീന അറിയിച്ചു. മാംഗി നിങ്ങള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു എന്ന് കത്തില്‍ അറിയിക്കുമെന്നും പറഞ്ഞു.
ടീനയുടെ കത്തിന് വൈകിയാണ് ഫോര്‍ഡിന്റെ മറുപടി കിട്ടിയത്. അത് കണ്ണീരില്‍ കുതിര്‍ന്ന കത്തായിരുന്നു. മാംഗിക്ക് താന്‍ നേരിട്ടെഴുതിയാല്‍ അവര്‍ അത് സ്വീകരിക്കുമോ എന്ന് ഫോര്‍ഡ് ആരാഞ്ഞിരുന്നു. മാംഗിയുടെ ഹൃദയം അലിഞ്ഞുപോയി. അവര്‍ ഫോര്‍ഡിനെഴുതി. കത്തുകള്‍ സംസാരിച്ചു. പ്രതിവര്‍ഷം പത്ത് കത്തുകള്‍. പറഞ്ഞറിയിക്കാനാവാത്ത രണ്ട് ഹൃദയങ്ങളുടെ ആത്മീയാന്വേഷണങ്ങളായിരുന്നു ആ കത്തുകളില്‍ നിറഞ്ഞത്. മാംഗിയുടെ മാപ്പിനോട് ഡാനയുടെ പിതാവ് ജോക്ക് ആദ്യമാദ്യം പൊരുത്തപ്പെടാനായില്ല. പിന്നെപ്പിന്നെ അയാളും ഫോര്‍ഡിനോട് പൊറുത്തു. ഫോര്‍ഡിനെ ഒരു യഥാര്‍ഥ മനുഷ്യനാക്കി വാര്‍ത്തെടുക്കാന്‍ മാംഗിക്ക് കഴിഞ്ഞു.
ഡാന ഈ ലോകം വിട്ടുപോയിട്ട് 15 വര്‍ഷമായി. ഡാനയുടെ ദേഹവിയോഗത്തിനുശേഷം താന്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ മാംഗി ഒരു പുസ്തകമെഴുതി.'Reawakening: Return of lightness and peace after My Daughter's murder' എന്നാണ് പുസ്തകത്തിന്റെ പേര്‍. ഹൃദയസ്പര്‍ശിയായ ആഖ്യാനരീതിയിലൂടെ നവീനമായ ഒരു ലോകം തുറന്നിടുകയാണ് മാംഗി.
അവര്‍ പറയുന്നു: ഞാനിപ്പോള്‍ സന്തുഷ്ടമായ ഒരിടത്താണ്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചത്തിന്റെയും ശാന്തിയുടെയും തിരിച്ചുവരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."