HOME
DETAILS
MAL
മാനവികതയുടെ സുവിശേഷകന് വിട സംസ്‌കാരം ഇന്ന്
backup
May 05 2021 | 18:05 PM
തിരുവല്ല: '' ദൈവത്തിന്റെ സ്വര്‍ണ നാവിനുടമ'' എന്നറിയപ്പെട്ട മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ പരമാധ്യക്ഷന്‍ പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (104) വിടവാങ്ങി. കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 1.15 നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
ഇന്ന് വൈകിട്ട് നാലിന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിക്കു സമീപം ബിഷപ്പുമാര്‍ക്കായുള്ള പ്രത്യേക സെമിത്തേരിയിലാണ് സംസ്‌കാരം. കബറടക്ക ശുശ്രൂഷയുടെ മൂന്നാം ഭാഗം ഇന്നുരാവിലെ സഭാ ആസ്ഥാനത്തുള്ള ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ ആഡിറ്റോറിയത്തില്‍ രാവിലെ എട്ടിനു നടക്കും. നാലാം ഭാഗം മൂന്നിന് ആരംഭിക്കും. സംസ്‌കാര ചടങ്ങില്‍ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഇന്നലെ നടന്ന ശുശ്രൂഷകള്‍ക്ക് സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലിത്താ മുഖ്യകാര്‍മികത്വം വഹിച്ചു.
പത്തനംതിട്ട കല്ലൂപ്പാറ കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാണ് ക്രിസോസ്റ്റം ജനിച്ചത്. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു ആദ്യനാമം. 1953 മേയ് 20ന് റമ്പാന്‍ ആയി. മേയ് 23ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ എപ്പിസ്‌കോപ്പ (ബിഷപ്പ്) ആയി.
സഭാ കൗണ്‍സില്‍ ദേശീയ പ്രസിഡന്റ്, ദേശീയ ക്രിസ്ത്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം 1954ലും 1968ലും ആഗോള ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളിലും രണ്ടാം വത്തിക്കാന്‍ സമ്മേളനത്തിലും പങ്കെടുത്തു.1999 ഒക്ടോബര്‍ 23നാണ് സഭയുടെ ഇരുപതാമത് മെത്രാപ്പോലീത്തയായത്. സഭയുടെ മേല്‍പ്പട്ടസ്ഥാനത്ത് 60 വര്‍ഷം തികച്ച് ചരിത്രം സൃഷ്ടിച്ച ക്രിസോസ്റ്റം ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം മെത്രാന്‍പദവി അലങ്കരിച്ചു. കഥ പറയും കാലം (ആത്മകഥ), കമ്പോള സമൂഹത്തിലെ ക്രൈസ്തവ ദൗത്യം, ആകാശമേ കേള്‍ക്ക ഭൂമിയേ ചെവി തരിക, വെള്ളിത്താലം, ക്രിസോസ്റ്റം പറഞ്ഞ നര്‍മകഥകള്‍, തിരുഫലിതങ്ങള്‍, ദൈവം ഫലിതം സംസാരിക്കുന്നു എന്നിവ കൃതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."