HOME
DETAILS

തെറ്റുതിരുത്താന്‍ താഴോട്ടിറങ്ങണം

  
backup
May 05 2021 | 18:05 PM

2556526-2

 

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയമാണ് ലീഗിന്റെ നേതാക്കളും അണികളും ഒരുപോലെ ചര്‍ച്ചചെയ്യുന്നത്. പരാജയങ്ങളൊന്നും ഒരിക്കലും ഒരു മുന്നേറ്റത്തിന്റെയും അന്ത്യമല്ല, പുനപ്പരിശോധനയ്ക്കും ആത്മവിമര്‍ശനത്തിനും നവീകരിക്കാനുമുള്ള ഇടവേളയാണത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയജീവിതത്തില്‍ അനുസ്യൂതമായൊരു പ്രവാഹമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സാന്നിധ്യമുണ്ട്. അനുകൂല സമയങ്ങളില്‍ മുന്നേറാനും പ്രതികൂലസമയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുമുള്ള ശേഷി അത് ചരിത്രത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ചരിത്രത്തെ അഭിമുഖീകരിക്കുകയും കാലം ആവശ്യപ്പെടുന്ന വിധം സ്വയം നിര്‍ണയിക്കുകയും ചെയ്ത ഒരാദര്‍ശമാണ് മുസ്‌ലിം ലീഗിന്റെ ന്യൂനപക്ഷ രാഷ്ട്രീയം.


ഇപ്പോള്‍ ഒരിക്കല്‍ കൂടി മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ പോറ്റില്ലമായ കേരളത്തില്‍ പരാജയത്തിന്റെ പ്രതികൂല കാലാവസ്ഥയെ അഭിമുഖീകരിക്കുന്നു. ഈ പരാജയം മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഒരുറക്കത്തില്‍ നിന്ന് എണീക്കാനുള്ള മുന്നറിയിപ്പാണ്. ഇപ്പോള്‍ സംജാതമായിരിക്കുന്നത് ചരിത്രസന്ദര്‍ഭമാണ്. അങ്ങനെ പറയാന്‍ കാരണം പാര്‍ട്ടി അഭിമുഖീകരിക്കുന്നത് തെരഞ്ഞെടുപ്പു പരാജയം മാത്രമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കക്ഷിരാഷ്ട്രീയ ബലാബലത്തില്‍ ഒട്ടേറെ കാരണങ്ങള്‍ കടന്നുവരാം. അതിനപ്പുറം ഓരോ ലീഗ് പ്രവര്‍ത്തകനും തിരിച്ചറിയുന്നൊരു യാഥാര്‍ഥ്യം പാര്‍ട്ടി പരാജയം മാത്രമല്ല അപചയവും അഭിമുഖീകരിക്കുന്നു എന്നതാണ്. അപചയം തെരഞ്ഞെടുപ്പോടെ സംഭവിച്ച ഒന്നല്ല. നയപരമായും രീതിശാസ്ത്രപരമായും പാര്‍ട്ടി വളരെക്കാലമായി അപചയങ്ങള്‍ നേരിടുന്നു. അതിന്റെ ഫലമായാണ് പരാജയങ്ങള്‍. അതുകൊണ്ട് അപചയങ്ങള്‍ തിരിച്ചറിയുക, തിരുത്തുക എന്ന കാര്യത്തില്‍ ഉടനടി ചിന്താപരമായും പ്രവര്‍ത്തനപരമായും പരിവര്‍ത്തനം അനിവാര്യമായിരിക്കുന്നു. ഈ പരാജയം അങ്ങനെ ഒരു ചരിത്രസന്ദര്‍ഭത്തിലേക്കു പാര്‍ട്ടിയെ എത്തിച്ചുകഴിഞ്ഞു. ഈ ചരിത്രസന്ദര്‍ഭവുമായി ഇടപെടേണ്ടത് ക്രിയാത്മകമായും നിര്‍മാണാത്മകമായും അടിസ്ഥാന ആദര്‍ശങ്ങളില്‍ ഊന്നിയുമാണ്.


മുസ്‌ലിം ലീഗ് പാര്‍ട്ടിക്ക് കൈവന്ന സുവര്‍ണാവസരമായാണ് ഈ ഇടവേളയെ മനസിലാക്കേണ്ടത്. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസറിഞ്ഞു നയരൂപീകരണം നടത്തിയും കേരള ജനതയുടെ അടിസ്ഥാന ജീവിതാവസ്ഥകള്‍ അറിഞ്ഞും കേരളം കൊതിക്കുന്ന മതേതര, ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങള്‍ക്കു കാവലായ് നിന്നും മുസ്‌ലിം ലീഗ് അതിന്റെ ഭൂതകാലം വീണ്ടെടുത്താല്‍ തന്നെ കേരളക്കരയില്‍ ലീഗിന്റെ പ്രസക്തി ഒരുകാലത്തും ചോദ്യം ചെയ്യപ്പെടില്ല. നേതൃത്വം മുകളില്‍നിന്ന് താഴോട്ടിറങ്ങി സാധാരണ മനുഷ്യരെ കേള്‍ക്കുകയും കൂടുതല്‍ ജനകീയമാവുകയും വേണം. പാര്‍ട്ടി തീരുമാനങ്ങള്‍ മുതല്‍ നയരൂപീകരണങ്ങളില്‍ വരെ താഴേത്തട്ടിലെ മനുഷ്യരുടെയും പ്രവര്‍ത്തകരുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രതിഫലിക്കണം. സംഘടനക്കകത്തു ഒരു മാറ്റം വേണമെന്ന് സാധാരണക്കാരായ ലീഗുകാര്‍ ചിന്തിക്കുന്നതിന്റെ പ്രധാന കാരണം അവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതും അവരുടെ ജീവിതവുമായി ബന്ധമില്ലാത്തതുമായ തലത്തിലാണിന്നു പാര്‍ട്ടി ഉള്ളതെന്നതുകൊണ്ടാണ്. ഇത്തരം ഒരു മാറ്റം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമൂഹത്തിനും ബോധ്യപ്പെടുത്തി കൊടുത്താലേ ഇനിയൊരു മുന്നേറ്റത്തിന് ലീഗിന് കഴിയൂ.


സംസ്ഥാന കമ്മിറ്റി മുതല്‍ ജില്ലാ, മണ്ഡലം കമ്മിറ്റികള്‍വരെ മാറേണ്ടതുണ്ട്. ഇത്തരമൊരു സമഗ്രമായ അഴിച്ചുപണിക്കുള്ള സുവര്‍ണാവസരമായി ഇപ്പോഴത്തെ ഈ തിരിച്ചടിയെ കാണാനായാല്‍ മുസ്‌ലിം ലീഗ് വീണ്ടും 'കുതിക്കുന്ന കുതിര'യായ് മാറും. മുസ്‌ലിം ലീഗിനെ ചത്തകുതിരയായി വിശേഷിപ്പിച്ചവര്‍ക്ക് ഇത് ഉറങ്ങുന്ന സിംഹമാണെന്ന് കാട്ടിക്കൊടുത്ത മുന്‍ഗാമികളായ നേതാക്കളുടെ നിരയിലേക്കുയരാനും അപ്പോള്‍ നമ്മുടെ നേതൃത്വത്തിനാവും. കമ്മിറ്റികളില്‍ ജനങ്ങളുമായി ഇടപഴകുന്ന സാധാരണക്കാരായ പ്രാദേശിക നേതാക്കള്‍ ഭാരവാഹികളാവണം. പ്രഭു, പ്രജാ രീതി പരിപൂര്‍ണമായും വര്‍ജിക്കേണ്ടതാണ്. സമ്പന്നരെയും പ്രമുഖരെയും അവര്‍ വഹിക്കേണ്ട ചുമതലകളുള്ള കമ്മിറ്റികളില്‍ ഉപദേശകരുടെ ഗണത്തില്‍ പെടുത്തി വര്‍ക്കിങ് കമ്മിറ്റിയും കൗണ്‍സിലും സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കും അവരെ അറിയുന്നവര്‍ക്കും ഇരിപ്പിടവും അവസരവുമുള്ള ഇടമാക്കണം.


ഒരു കമ്പനി മുതലാളിക്കു കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ പോലെയല്ല, ഒരു അമീറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനുയായികളായി മാറണം ലീഗുകാര്‍. അമീറിന്റെ അപാകതകള്‍ ചൂണ്ടിക്കാണിക്കാന്‍ അവസരുണ്ടാകണം. അവരെ കേള്‍ക്കാനും തെറ്റുകള്‍ തിരുത്താനും ഉള്ള ആര്‍ജവം നേതൃത്വം ആര്‍ജിക്കണം. സ്വയം തിരുത്താനുള്ള ശേഷി എന്നതൊരു ആര്‍ജവം തന്നെയാണ്.


ഉന്നതാധികാര സമിതിയാവണം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ പിടിക്കുന്നത്. നയപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളവരും മുസ്‌ലിം ജീവിതവും ദര്‍ശനവുമായി ആഴത്തില്‍ അറിവുള്ളവരും അംഗങ്ങളായ ഒരു ഉപദേശക സമിതി വേണം. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ അന്തിമ ലിസ്റ്റ് തയാറാക്കുമ്പോള്‍ സീറ്റുകള്‍ വീതം വെച്ചെടുക്കുകയും ബാക്കിയായത് പുറത്തുകൊടുക്കുകയും ചെയ്യുന്ന ഒരു ഉന്നതാധികാര കമ്മിറ്റിയെ പ്രവര്‍ത്തകര്‍ അശ്ലീലമായാണു നോക്കിക്കാണുന്നത്. അവരവര്‍ക്കു വേണ്ട സീറ്റുകള്‍ വീതം വെക്കുന്നവര്‍ക്ക് അര്‍ഹരായവരോട് നീതി പുലര്‍ത്താനാവില്ല. ഉന്നതാധികാര സമിതി അംഗങ്ങള്‍ മത്സര രംഗത്തുണ്ടാവുകയല്ല, പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ പിടിച്ചു നയിക്കുകയാണ് വേണ്ടത്. ഇപ്പറയുന്നതും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വരുത്തേണ്ട രീതിശാസ്ത്രപരമായ മാറ്റമേ ആകുന്നുള്ളൂ. അതിലേറെ പ്രധാനമായ നയരേഖ ആവശ്യമായിരിക്കുന്നത് മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം മുസ്‌ലിം ലീഗ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നതിലാണ്.


സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അന്തസോടെയുള്ള അതിജീവനത്തിന് സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടി അത്യാവശ്യമാണ് എന്ന ഉത്തമബോധ്യത്തിലാണ് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും കൂട്ടരും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് രൂപംകൊടുത്തത്. ഇന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അങ്ങനെയൊരു വേദിയുണ്ടാവുക എന്നത് എത്രമാത്രം പ്രസക്തമാണെന്നതിന് നാള്‍ക്കുനാള്‍ അടിവരയിടപ്പെടുന്നു. പക്ഷേ കേരളത്തിനു പുറമെ പേരിനല്ലാതെ ഒരിടത്തും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗില്ല. 1948ലെ രൂപീകരണസമയത്ത് അന്നത്തെ മദിരാശി സംസ്ഥാനത്തു മാത്രം സാന്നിധ്യമുള്ള ലീഗ് തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സാന്നിധ്യമായി. കേരളത്തില്‍ ആദ്യമായി ഭരണമുന്നണിയില്‍ ലീഗിനു പ്രാതിനിധ്യം ലഭിച്ച 1967ല്‍ ബംഗാളിലും അധികാര പങ്കാളിത്തം കിട്ടിയിരുന്നു. ബിഹാറിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും എം.എല്‍.എമാരുണ്ടായിരുന്നു. പാര്‍ലമെന്റില്‍ ഏഴ് എം.പിമാരുണ്ടായിരുന്ന കാലമുണ്ട്. പാര്‍ലമെന്റില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശബ്ദമായിരുന്നു. ആ സുവര്‍ണകാലം 1990കളില്‍ അവസാനിച്ചു. ലീഗിനു തിരിച്ചുപിടിക്കാനുള്ളത് നഷ്ടപ്പെട്ട സീറ്റുകളോ അധികാരപങ്കാളിത്തമോ അല്ല. അത് ഇടക്കാലത്തുണ്ടായ വ്യതിയാനമാണ്. നമുക്കു വീണ്ടെടുക്കാനുള്ളത് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ പോരാടിയ ആ പഴയ ലീഗാണ്. പാര്‍ലമെന്റിനെ അവകാശപ്രഖ്യാപനത്തിന്റെയും സംരക്ഷണത്തിന്റെയും അങ്കണമാക്കി മാറ്റിയ ആ കാലത്തെയാണ്. അതു മനസിലാക്കുകയും ആശയരൂപീകരണം നടത്തുകയും ചെയ്യുന്ന അടിമുടി അഴിച്ചുപണിത ലീഗാണു കാലത്തിന്റെ ആവശ്യം. ഈ സമയത്തെങ്കിലും അതിനുള്ള കാല്‍വെപ്പുകളാണ് ആരംഭിക്കേണ്ടത്. ഒരു മുഖം മിനുക്കലുകൊണ്ട് ഭാവിയെ അഭിമുഖീകരിക്കാന്‍ ഇനിയുള്ള കാലം സാധ്യമല്ല.


സ്വന്തം വിശ്വാസത്തെയും ചിഹ്നങ്ങളെയും അഭിമാനത്തോടെ നെഞ്ചിലേറ്റിയവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. നായര്‍ സര്‍വിസ് സൊസൈറ്റിയുടെ യോഗത്തില്‍ പങ്കെടുക്കവേ പ്രാര്‍ഥനാ സമയമായപ്പോള്‍ യോഗപ്പന്തലിലെ പായ നിസ്‌കാരപ്പായയാക്കിയവരാണ് നമ്മുടെ കഴിഞ്ഞകാല നേതാക്കള്‍. അവരുടെ മതേതരത്വം സംശയിക്കപ്പെട്ടിട്ടില്ല. സ്വന്തം വിശ്വാസവും ആചാരങ്ങളും പാലിച്ചതിന്റെ പേരില്‍ ആരുമവരെ വര്‍ഗീയവാദിയാക്കിയിട്ടില്ല. പകരം ബഹുമാനിച്ചേട്ടേയുള്ളൂ. ബാഫഖി തങ്ങള്‍ ബേബി ജോണിന്റെയും കരുണാകരന്റെയും വീടുകളില്‍ വെച്ച് നിസ്‌കരിച്ചതായി കേട്ടിട്ടുണ്ട്. ഇത് മൂലം ഇതര സമുദായങ്ങളുടെ മുന്നില്‍ അവരുടെ പദവി ഉയര്‍ന്നിട്ടേയുള്ളൂ. മതേതരത്വം ബോധ്യപ്പെടുത്താന്‍ അവരുടെ പിന്‍ഗാമികളായി വന്നവര്‍ ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ അതൊരു മതേതരത്വത്തിന്റെ പ്രച്ഛന്നവേഷം കെട്ടലായാണ് സഹോദര സമുദായത്തിലെ അംഗങ്ങള്‍ വരെ വീക്ഷിക്കുന്നത്. ആത്മീയമായും ധാര്‍മികമായും ഒറിജിനല്‍ ആവുകയാണ് വേണ്ടത്. വ്യാജവും പൊയ്യും തിരിച്ചറിയാന്‍ ഇന്നേതു കുഞ്ഞുകുട്ടിക്കുമാകും.


മുസ്‌ലിം ലീഗ് സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചു പഠിപ്പിക്കുകയും സാമൂഹിക പുരോഗതിയിലേക്ക് നയിക്കുകയും ചെയ്ത മുന്‍തലമുറകളുടെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയാണ് ഇപ്പോഴത്തെ പുതുതലമുറ. അവരെ മനസിലാക്കാന്‍ പാര്‍ട്ടിക്കു കഴിയണം. അവര്‍ അഭ്യസ്തവിദ്യരും ചരിത്രവും ഭാവിയും വിരല്‍തുമ്പില്‍ അറിയുന്നവരുമാണ്. അവരുടെ ഭാഷയില്‍ അവരുമായി സംവദിക്കാനാവുന്നില്ലെങ്കില്‍ പാര്‍ട്ടിക്ക് അവരെ നഷ്ടപ്പെടും. അവര്‍ക്ക് ചേക്കേറാന്‍ ചില്ലകള്‍ ഏറെയുണ്ടെന്ന കാര്യം നമ്മളാണു തിരിച്ചറിയേണ്ടത്. സ്ത്രീ സമൂഹവുമായും പാര്‍ട്ടിയുടെ വിനിമയം പഴയരീതിയില്‍ ഫലിക്കില്ല. കോണി നോക്കി വോട്ടു ചെയ്യുന്ന നിഷ്‌കളങ്കരായ ഉമ്മമാരുടെ കാലം അവസാനിക്കുകയാണ്. മുസ്‌ലിം സ്ത്രീകള്‍ അവരുടെ പുതിയ തലമുറയിലൂടെ എല്ലാ രംഗത്തും അവരുടെ പ്രാതിനിധ്യവും പ്രാവീണ്യവും ഉറപ്പിക്കുന്നു. സി.എ.എ വിരുദ്ധ സമരത്തില്‍ നാമതുകണ്ടതാണ്. അവരെ വോട്ടര്‍മാരായി മാത്രം കരുതുന്നൊരു നിലപാടിന് ഇനി ഭാവിയില്ല.


മലബാര്‍ ജില്ലാ ലീഗിന്റെ പണ്ടത്തെ മീറ്റിങ്ങുകള്‍ നേരം പുലരുംവരെ നടന്നതായി കെ.എസ് മൗലവി പറഞ്ഞിട്ടുണ്ട്. എല്ലാവരെയും കേട്ടും ചര്‍ച്ച ചെയ്തുമാണു തീരുമാനങ്ങളിലെത്തുക. ജനാധിപത്യം എന്നത് നമുക്ക് മറ്റുള്ളവരില്‍ നിന്നും കിട്ടേണ്ട ആനുകൂല്യമല്ല, നമ്മളും പാലിക്കേണ്ട അടിസ്ഥാന മൂല്യമാണ്. പ്രവര്‍ത്തകസമിതി മൂന്നു മാസത്തിലൊരിക്കലും കൗണ്‍സില്‍ വര്‍ഷത്തില്‍ രണ്ടുവട്ടമെങ്കിലും ചേരുകയും പങ്കെടുക്കുന്നവരില്‍ അഭിപ്രായം പറയാനുള്ളവര്‍ക്കെല്ലാം അവസരം കിട്ടുകയും വേണം. ദേശീയ രാഷ്ട്രീയവും പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കണം. രാഷ്ട്രീയപ്പാര്‍ട്ടികളിലെല്ലാം എല്ലാത്തിനും മീതെ പ്രവര്‍ത്തിക്കുന്ന ശക്തി പണമായി മാറിയെന്ന ആക്ഷേപത്തിന്റെ നിഴലത്തു മുസ്‌ലിം ലീഗ് വരാതിരിക്കാന്‍ ജാഗരൂകരായിരിക്കണം. അവസാനത്തെ മുസ്‌ലിമും മരിച്ചിട്ടേ പ്രത്യേക വിവാഹ ബില്‍ പാസാക്കാന്‍ അനുവദിക്കൂവെന്നു നെഹ്‌റുവിന്റെ മുഖത്ത് നോക്കി ബി. പോക്കര്‍ സാഹിബ് 1948ല്‍ പറഞ്ഞതുപോലെ പൗരത്വ ബില്‍ പാസാകണമെങ്കില്‍ അവസാനത്തെ മുസ്‌ലിമും മരിച്ചുവീണാലേ കഴിയൂവെന്ന് മോദിയുടെ മുഖത്ത് നോക്കി പറയാന്‍ ആര്‍ജവമുണ്ടാകുന്ന അന്നേ മുസ്‌ലിം സമുദായവും മതേതര സമൂഹവും നമ്മുടെ കാലത്തും മുസ്‌ലിം ലീഗിനെ വിശ്വാസത്തിലെടുക്കൂ.

(യു.എ.ഇ കെ.എം.സി.സി ദേശീയ പ്രസിഡന്റാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago