കൈലാസ രാജ്യത്തിലേക്ക് ഇ-പൗരത്വവുമായി ആള്‍ ദൈവം നിത്യാനന്ദ
ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ സാങ്കല്‍പ്പിക രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ ഇ പൗരത്വം സൗജന്യമായി വിതരണം ചെയ്യുന്നതായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് നിത്യാനന്ദ. ആദ്യ ഹിന്ദു രാജ്യമെന്നാണ്് അദ്ദേഹം അവകാശപ്പെടുന്നത്. https://kailaasa.org/e-citizen/ എന്ന വെബ്‌സൈറ്റ് വഴിയാണ് കൈലാസയുടെ ഇ പൗരത്വം വിതരണം ചെയ്യുന്നത്. വെബ് സൈറ്റ് വഴി ഇ പൗരത്വത്തിന് അപേക്ഷിക്കാമെന്നും ട്വീറ്റില്‍ വ്യക്തമാക്കി.
കൈലാസ സേവനങ്ങള്‍ ലോകത്തിന് ലഭ്യമാക്കുന്നതിനായി ഹിന്ദുയിസത്തിന്റെ പരമാധികാരിയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയിലെ ഭരണകൂടവും രൂപകല്‍പ്പന ചെയ്ത സംരംഭമാണ് ഇപൗരത്വമെന്നാണ് കൈലാസയുടെ ഇപൗരത്വത്തെ കുറിച്ച് വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നത്. ഇത് ലോകമെങ്ങുമുള്ള എല്ലാ ഹിന്ദുക്കള്‍ക്കും ലഭ്യമാണ്. ഇപൗരത്വ കാര്‍ഡ് ഉടമയ്ക്ക് നിരവധി സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമെന്നും വെബ്‌സൈറ്റില്‍ പറയുന്നു.
ജനീവയില്‍ ഫെബ്രുവരി 24ന് നടന്ന ഐക്യരാഷ്ട്രസഭയുടെ പരിപാടിയില്‍ കൈലാസ അമ്പാസഡര്‍ എന്ന് വിശേഷിപ്പിച്ച വിജയപ്രിയ എന്ന വനിതയും മറ്റ് അഞ്ച് പ്രതിനിധികളും പങ്കെടുത്തിരുന്നു. യുഎന്നിന്റെ പത്തൊമ്പതാമത്
കമ്മിറ്റി ഓണ്‍ ഇക്കണോമിക്, സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ റൈറ്റ്‌സിന്റെ (CESCR) സുസ്ഥിര വികസനത്തെ കുറിച്ചുള്ള പൊതുചര്‍ച്ചയിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മറ്റൊരു പൊതുചര്‍ച്ചയിലുമാണ് കൈലാസ പ്രതിനിധികള്‍ പങ്കെടുത്തത്.
ഹിന്ദുമതത്തിന്റെ പരമോന്നത പുരോഹിതനാണ് ന്രിത്യാനന്ദ് പരമശിവമെന്നും അദ്ദേഹം സ്ഥാപിച്ച കൈലാസമാണ് ലോകത്തിലെ ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാഷ്ട്രമാണെന്നും സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കുള്ള കമ്മിറ്റിയില്‍ അവര്‍ പ്രസ്താവിച്ചിരുന്നു. ഹിന്ദുമതത്തിന്റെ ആദ്യ പരമാധികാര രാഷ്ട്രമാണ് ' കൈലാസ ' എന്നാണ് മാ വിജയപ്രിയ അവകാശപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 ഓളം രാജ്യങ്ങളില്‍ കൈലാസയുടെ എംബസികളും എന്‍.ജി.ഒകളും ഉണ്ടെന്നാണ് വിജയപ്രിയയുടെ അവകാശവാദം. കൈലാസയുടെ സ്ഥിരം യു.എന്‍ അംബാസഡറായാണ് വിജയപ്രിയ സ്വയം വിശേഷിപ്പിച്ചത്. രാഷ്ട്രത്തിന്റെ സ്ഥാപകനായ നിത്യാനന്ദ ഹിന്ദുമതത്തിലെ ആത്മീയ ആചര്യനാണെന്നും അദ്ദേഹത്തെ ഇന്ത്യ വേട്ടയാടുന്നെന്നും അദ്ദേഹത്തിന് സംരക്ഷണം നല്‍കണമെന്നും വിജയപ്രിയ പറഞ്ഞിരുന്നു.
പിന്നീട് ഇത് വിവാദമായതിനെ തുടര്‍ന്ന് ട്വിറ്ററിലൂടെ വിശദീകരണവുമായി അവര്‍ രംഗത്തെത്തി. ഐക്യരാഷ്ട്രസഭയിലെ തന്റെ പരാമര്‍ശം ചില ഹിന്ദു വിരുദ്ധ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയും മനപ്പൂര്‍വം വളച്ചൊടിക്കുകയും ചെയ്‌തെന്ന് വിജയപ്രിയ വ്യക്തമാക്കി.
'ഭഗവാന്‍ നിത്യാനന്ദ പരമശിവം അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ ചില ഹിന്ദു വിരുദ്ധരാല്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ ഇന്ത്യയെ ബഹുമാനിക്കുകയും ഗുരുപീഠമായി കണക്കാക്കുകയും ചെയ്യുന്നു. ഹിന്ദുമതത്തിനും കൈലാസത്തിനുമെതിരെ അക്രമം തുടരുന്ന ഇത്തരം ഘടകങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നുവെന്നും വിജയപ്രിയ വിശദീകരിച്ചു.
യു.എന്‍ വിശദീകരണം
നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി യു.എന്‍. രംഗത്തെത്തിയിരുന്നു. 'കൈലാസ റിപ്പബ്ലിക്കി'ന്റെ പ്രതിനിധി ജനീവയില്‍നടന്ന യോഗത്തില്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചെങ്കിലും പ്രതിനിധിയുടെ നിര്‍ദേശങ്ങള്‍ സമ്മേളനത്തിന്റെ അന്തിമരേഖയിലുണ്ടാവില്ലെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും പങ്കെടുക്കാവുന്ന പൊതുപരിപാടിയിലാണ് വെര്‍ച്വല്‍ രാജ്യമായി കരുതപ്പെടുന്ന 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ'യുടെ പ്രതിനിധി പങ്കെടുത്തതെന്നാണ് യു.എന്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. അവര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ അപ്രസക്തമാണെന്നും യോഗത്തില്‍ ലഘുലേഖകള്‍ വിതരണംചെയ്യാനുള്ള പ്രതിനിധിയുടെ ശ്രമം തടഞ്ഞിരുന്നുവെന്നും യു.എന്‍ വക്താവ് വിശദീകരിച്ചു.
രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ക്കും യോഗത്തില്‍ പങ്കെടുക്കാമായിരുന്നു. തങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി അംഗരാജ്യങ്ങള്‍ക്കോ ഏതെങ്കിലും സംഘടനകള്‍ക്കോ അല്ലെങ്കില്‍ വ്യക്തികള്‍ക്കോ തോന്നിയാല്‍ അവര്‍ക്ക് തങ്ങളെ സമീപിക്കാമെന്നാണ് സി.ഇ.എസ്.സി.ആറിലെ ചട്ടം. യു.എന്‍ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ കൈലാസ ഉള്‍പ്പെട്ടിട്ടില്ല. എന്‍.ജി.ഒ ആയിട്ടാണ് കൈലാസ സംഘം പരിപാടിയില്‍ പങ്കെടുത്തത്. യോഗത്തില്‍ തന്റെ പ്രതിനിധികള്‍ പങ്കെടുത്തതിന്റെ ചിത്രം നിത്യാനന്ദ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
കൈലാസ സാമ്രാജ്യം എവിടെ
സ്വന്തമായി പതാകയും ഭരണഘടനയും സാമ്പത്തിക സംവിധാനവും പാസ്‌പോര്‍ട്ടും ചിഹ്നവും ഉള്ള രാജ്യമാണ് തങ്ങളുടേതെന്ന് കൈലാസ അവകാശപ്പെടുന്നത്. എന്നാല്‍ ഇതുവരെ മറ്റു രാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കൈലാസ എവിടെയാണെന്ന് വ്യക്തമല്ല. പല സര്‍ക്കാരുകളുമായും പ്രതിനിധികളുമായും ചര്‍ച്ച നടക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ കൈലാസ അവകാശപ്പെടുന്നുണ്ടെങ്കിലും ഐക്യരാഷ്ട്ര സംഘടന ഇതുവരെ രാജ്യത്തെ അംഗീകരിച്ചിട്ടില്ല.
1933ലെ മൊന്റെവിഡിയോ കണ്‍വന്‍ഷന്‍ പ്രകാരം ഒരു പ്രദേശത്തെ രാജ്യമായി അംഗീകരിക്കണമെങ്കില്‍ അവര്‍ക്ക് സ്വന്തമായി സ്ഥിരമായ ജനസംഖ്യ, സര്‍ക്കാര്‍, മറ്റു രാജ്യങ്ങളുമായി ബന്ധം പുലര്‍ത്താനുള്ള ശേഷം തുടങ്ങിയവ വേണം. എന്നിരിക്കെ ഇ പൗരത്വം ഒരു തമാശയായി തന്നെ നിലനില്‍ക്കും. യുഎന്നിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ലോകബാങ്ക്, ഐഎംഎഫ് പോലുള്ള പല രാജ്യാന്തര ഫോറങ്ങളിലും കൈലാസയ്ക്ക് പ്രവേശനം സാധ്യമാകൂ. അതിന് വേണ്ടിയാണ് മാ വിജയപ്രിയയെ പരിപാടിയിലേക്കയച്ചത് എന്നാണ് നിരീക്ഷണം.
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഇക്വഡോറിന്റെ തീരത്തുള്ള ഒരു ദ്വീപ് വിലക്കു വാങ്ങിയാണ് നിത്യാനന്ദ സാങ്കല്‍പ്പിക രാജ്യം സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നിത്യാനന്ദക്ക് തങ്ങള്‍ അഭയം നല്‍കിയിട്ടില്ലെന്ന് ഇക്വഡോര്‍ വ്യക്തമാക്കിയിരുന്നു. വാര്‍ത്തകള്‍ ഇക്വഡോര്‍ നിഷേധിച്ചതോടെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിനിടെ സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ നിത്യാനന്ദ കൈലാസത്തില്‍ 'റിസര്‍വ് ബാങ്ക് ഓഫ് കൈലാസ' എന്ന പേരില്‍ ബാങ്ക് സ്ഥാപിച്ചതായി അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം.ഹൈന്ദവ വിശ്വാസികള്‍ വിശുദ്ധമായി കണക്കാക്കുന്ന ടിബറ്റിലെ കൈലാഷ് പര്‍വതത്തിന്റെ പേരില്‍നിന്നാണ് കൈലാസ എന്ന് രാജ്യത്തിനു പേരിട്ടത്.
എവിടെയാണ് നിത്യാനന്ദ
ബലാത്സംഗം, കുട്ടികളെ അന്യായമായി തടങ്കലില്‍ വെക്കല്‍, പീഡനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് നിത്യാനന്ദ. 2010ല്‍ പീഡനക്കേസില്‍ കര്‍ണ്ണാടകയില്‍ അറസ്റ്റിലായ നിത്യാനന്ദ ജാമ്യത്തിലിറങ്ങിയിരുന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് അനുയായികള്‍ ഗുജറാത്ത് പൊലിസിന്റെ പിടിയിലായതിന് പിന്നാലെ 2018ല്‍ ഇന്ത്യവിട്ട നിത്യാനന്ദ എവിടെയാണെന്ന് വ്യക്തമല്ല. നിത്യാനന്ദ ഒരു സംഘത്തിനൊപ്പം രാജ്യം വിട്ടെന്നാണ് ഗുജറാത്ത് പൊലിസ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, എവിടേക്കു പോയി എന്ന ചോദ്യത്തിന് ഇത് വരെ ഉത്തരമില്ല. ഗുജറാത്ത് പൊലിസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നൊട്ടിസും പിന്നാലെ പുറത്തിറക്കി. ഇന്റര്‍പോളടക്കം തിരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."