'ഡ്രീം' ഫൈനൽ!
യു.എച്ച് സിദ്ദീഖ്
മഞ്ചേരി
കാൽപന്ത് പ്രേമികൾ കാത്തിരിക്കുന്നു കേരളം - ബംഗാൾ സ്വപ്ന ഫൈനലിനായായി. എക്കാലത്തും ഇന്ത്യൻ ഫുട്ബോളിലെ അതികായരാണ് കേരളവും ബംഗാളും. സന്തോഷ് ട്രോഫി കിരീടപ്പോരിൽ രണ്ടു ടീമുകളും നേർക്കുനേർ പന്തുതട്ടുന്നത് ആരാധകർക്കെന്നും ആവേശമാണ്. 2018 ലെ ഫൈനലിൽ കൊൽക്കത്തയിൽ ബംഗാളിനെ വീഴ്ത്തിയാണ് കേരളം കപ്പടിച്ചത്. എന്നാൽ, ചാംപ്യൻമാരായ കേരളവും റണ്ണറപ്പായ ബംഗാളും 2019 ൽ യോഗ്യത റൗണ്ട് കടന്നില്ല. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം - ബംഗാൾ പോരാട്ടം നടന്നത്. കേരളം വീണ്ടും ജയിച്ചുകയറി. ഇനി ഫൈനലിലും വീണ്ടുമൊരു കേരളം - ബംഗാൾ പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നു.
സന്തോഷ് ട്രോഫിയുടെ 75-ാമത് പതിപ്പിൽ എ ഗ്രൂപ്പ് ചാംപ്യന്മാരായി ടോപ് നാലിൽ ആദ്യ ടീമായി കേരളം ചുവടുറപ്പിച്ചു. ബി ഗ്രൂപ്പിൽ നിന്നും ഒൻപതു പോയിൻ്റുമായി മണിപ്പൂർ സെമിയിൽ എത്തി. കേരളത്തിൻ്റെ സെമിയിലെ എതിരാളികൾ ആരെന്നറിയാൻ ഒരു ദിനം കൂടി കാത്തിരിക്കണം. രാജസ്ഥാനെ കീഴടക്കിയാൽ ബംഗാൾ ഇന്ന് എ ഗ്രൂപ്പിലെ രണ്ടാം ടീമായി സെമിയിൽ എത്തും. കേരളം നേരിടേണ്ട ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ ആരെന്നറിയാൻ നാളെ വരെ കാത്തിരിക്കണം. രണ്ടാമത്തെ ടീമിനെ നിശ്ചയിക്കാനുള്ള സർവീസസ് - ഒഡിഷ, ഗുജറാത്ത് - കർണാടക മത്സരം നാളെയാണ്.
ബംഗാളോ
മേഘാലയയോ?; ഇന്നറിയാം
സെമിയിലേക്ക് കാൽവെച്ചു നിൽക്കുന്ന പശ്ചിമ ബംഗാളിൻ്റെ എതിരാളികള്‍ ദുര്‍ബലരായ രാജസ്ഥാനാണ്. മേഘാലയയുടെ അവസാന എതിരാളി ശക്തരായ പഞ്ചാബും. രാജസ്ഥാൻ കീഴടങ്ങിയാൽ ബംഗാള്‍ സെമിയിലേക്ക്.
പഞ്ചാബിനെ തോല്‍പ്പിച്ചാലും മേഘാലയക്കും മലപ്പുറത്ത് നിന്നും മടങ്ങാം. രാജസ്ഥാന്‍-ബംഗാള്‍ പോരാട്ടം സമനിലയില്‍ അവസാനിച്ചാലും സെമി ഉറപ്പ്. രാജസ്ഥാൻ ബംഗാളിനെ അട്ടിമറിച്ചാൽ പഞ്ചാബിനെ കീഴടക്കി ഏഴു പോയിൻ്റുമായി മേഘാലയക്ക് സെമി പിടിക്കാം. ഇനി പഞ്ചാബ് ജയിക്കുകയും ബംഗാള്‍ തോല്‍ക്കുകയും ചെയ്താൽ ആറ് വീതം പോയിൻ്റുമായി തുല്യരാകും. ഗ്രൂപ്പ് പോരിൽ പഞ്ചാബിനെ കീഴടക്കിയതിൻ്റെ ആനുകൂല്യവുമായി ബംഗാൾ സെമി ഫൈനലിൽ പന്തു തട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."