മനുഷ്യര്‍ മരിച്ചുവീഴുന്നു; യോഗി പ്രഖ്യാപിച്ചു പശുക്കള്‍ക്കായി ഹെല്‍പ്ഡെസ്‌കും ഓക്‌സി മീറ്ററുകളും
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡും ഓക്‌സിജന്‍ ക്ഷാമവും മൂലം നിരവധി മനുഷ്യര്‍ ദിവസവും മരിച്ചു വീഴുന്നതിനിടെ കൊവിഡിനെതിരേ പശുക്കള്‍ക്കായി എല്ലാ ജില്ലകളിലും ഹെല്‍പ് ഡെസ്‌കും മറ്റു മെഡിക്കല്‍ സജ്ജീകരണങ്ങളും ഒരുക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ പശുക്കളെ സുരക്ഷിതരാക്കാന്‍ 700 ഹെല്‍പ്‌ഡെസ്‌കുകള്‍, 51 ഓക്‌സി മീറ്ററുകള്‍, 341 തെര്‍മ്മല്‍ സ്‌കാനറുകള്‍ തുടങ്ങിയവ ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ ഗോശാലകളിലെയും ജോലിക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും തെര്‍മ്മല്‍ പരിശോധനക്ക് വിധേയമാകണമെന്നും യു.പി സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഗോശാലകളുടെ നടത്തിപ്പുകാര്‍ കൊവിഡ് മാര്‍ഗരേഖ പൂര്‍ണമായും പാലിച്ചിരിക്കണം. എല്ലാ ഗോശാലകളിലും ഓക്‌സി മീറ്ററുകള്‍, തെര്‍മ്മല്‍ സ്‌കാനറുകള്‍ എന്നിവയുണ്ടായിരിക്കണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാനായി ഗോശാലകളുടെ എണ്ണം കൂട്ടും. ഔദ്യോഗിക കണക്കു പ്രകാരം യു.പിയില്‍ 5,268 പശുസംരക്ഷണ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഇവിടങ്ങളിലായി 5,73,417 പശുക്കളുണ്ട്. ഇതിനു പുറമെ 4,64,311 പശുക്കളെ 4,529 താല്‍ക്കാലിക ഗോശാലകളിലും സംരക്ഷിക്കുന്നുണ്ട്.
കൊവിഡ് കാലമായതിനാല്‍ സംസ്ഥാനത്തെ 3,452 കാലിത്തീറ്റ ബാങ്കുകള്‍ വഴി ഇവര്‍ക്ക് കാലിത്തീറ്റയൊരുക്കും.
ഗോശാലകള്‍ക്കായി പ്രതിമാസം 900 രൂപയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."