വീണ്ടും 'മൂത്ര' വിവാദം; ഡല്‍ഹി- ന്യൂയോര്‍ക്ക് വിമാനത്തിലെ യാത്രക്കാരന്‍ സഹയാത്രികനു മേല്‍ മൂത്രമൊഴിച്ചതായി പരാതി; മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അമേരിക്കന്‍ എയര്‍ലൈനിന്റെ ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രക്കാരനുമേല്‍ മൂത്രമൊഴിച്ചതായി പരാതി. മദ്യലഹരിയിലായിരുന്നു സംഭവം. വക്താക്കളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എ.എ 292 വിമാനത്തിലാണ് സംഭവമുണ്ടായത്. ന്യൂയോര്‍ക്കില്‍ നിന്നും വെള്ളിയാഴ്ച രാത്രി 9.14നാണ് വിമാനം വിമാനം പുറപ്പെട്ടത്. 14 മണിക്കൂര്‍ 26 മിനിറ്റ് പറന്നതിന് ശേഷം ശനിയാഴ്ച രാവിലെ 10.12നാണ് വിമാനം ഇന്ദിരഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത്.
യു.എസിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥി മദ്യലഹരിയില്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാര്‍ഥി മാപ്പപേക്ഷിച്ചതിന് തുടര്‍ന്ന് ഔദ്യോഗികമായി പരാതി നല്‍കുന്നതില്‍ നിന്നും പരാതിക്കാരന്‍ പിന്മാറിയെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ സംഭവം ഗൗരവമായി കണ്ട് അമേരിക്കന്‍ എയര്‍ലൈന്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരം ധരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് എ.ടി.സി സി.ഐ.എസ്.എഫിനെ വിവരമറിയിക്കുകയും അവര്‍ പ്രതിയെ ഡല്‍ഹി പൊലീസിന് കൈമാറുകയും ചെയ്തു. സി.ഐ.എസ്.എഫിനൊപ്പം വിമാന കമ്പനിയുടെ സുരക്ഷാജീവനക്കാരും പ്രതിയെ പിടിക്കാന്‍ എത്തിയിരുന്നു. ഇതുസംബന്ധിച്ച് പരാതിക്കാരന്റെ മൊഴിയെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."