പടക്കപ്പലിൽ നിന്ന് പറന്ന് ലക്ഷ്യം ഭേദിച്ച് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ; പരീക്ഷണം വിജയകരം
ന്യൂഡൽഹി: പടക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ച് നാവിക സേന. അറബിക്കടലിൽ വെച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ബ്രഹ്മോസ് മിസൈൽ ലക്ഷ്യ സ്ഥാനത്ത് കൃത്യമായി പതിച്ചു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സൈനിക സംരംഭമാണ് ബ്രഹ്മോസ്. എന്നാൽ ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'സീക്കറും ബൂസ്റ്ററും' ഉപയോഗിച്ചാണ് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം നടത്തിയത്.
പ്രതിരോധ രംഗത്ത് ആത്മനിർഭർ ഭാരതിനോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണ് ഡി.ആർ.ഡി.ഒ വികസിപ്പിച്ച സീക്കറും ബൂസ്റ്ററും ഉപയോഗിച്ചുള്ള പരീക്ഷണമെന്ന് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കരയും ജലവും വായുവും ഒരുപോലെ വഴങ്ങുന്നതാണ് ബ്രഹ്മോസ്. ഇതുപ്രകാരം ബ്രഹ്മോസ് മിസൈലുകൾ ഭൂമിയിൽ നിന്നും വിമാനങ്ങളിൽ നിന്നും കപ്പലുകളിൽ നിന്നും തൊടുക്കാം. ശബ്ദത്തേക്കാൾ വേഗത്തിൽ ബ്രഹ്മോസ് ലക്ഷ്യം ഭേദിക്കും. ശബ്ദത്തേക്കാൾ 2.8 ഇരട്ടി വേഗതയിലാണ് മിസൈൽ സഞ്ചരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."