സിൽവർലൈനും സർക്കാർ നിലപാടും
മുസ്തഫ വാക്കാലൂർ
സിൽവർലൈൻ പദ്ധതി കേരളംപോലെ ഒരു കൊച്ചു സംസ്ഥാനത്തിന് നടപ്പാക്കാൻ കഴിയുന്നതാണോ എന്ന ആശങ്ക പലകോണുകളിൽ നിന്നും ഉയർന്നുകഴിഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനക്ക് സമാനമായ പ്രാദേശിക സർക്കാർ ഇത്രയും വലിയൊരു അതിവേഗ റെയിൽ പദ്ധതി ലോകത്തൊരിടത്തും നടപ്പാക്കിയതായി അറിയില്ല. ആകെ 22 രാജ്യങ്ങളിലാണ് അതിവേഗ റെയിലുള്ളത്. പലതിലും നാമമാത്രവും. അതിസമ്പന്ന രാജ്യങ്ങളിൽ മിക്കവയിലും അതിവേഗ ട്രെയിനുകളില്ലാതിരിക്കാൻ എന്താവും കാരണം? സാമ്പത്തികമായി വൻ ബാധ്യത വരുത്തിവയ്ക്കുമെന്ന വകതിരിവുതന്നെ.
എന്നാൽ, എന്തുകൊണ്ടാണ് കേരളത്തിലെ രണ്ടാം പിണറായി സർക്കാർ ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് നാം ആലോചിക്കേണ്ടതാണ്. ആകെപ്പാടെ 90 ട്രെയിനുകളാണ് കേരളത്തിൽ സർവിസ് നടത്തുന്നത്. ചെറുതും വലുതുമായ 200 സ്റ്റേഷനുകളാണുള്ളത്. ചെന്നൈ ആസ്ഥാനമായ സതേൺ റെയിൽവേയുടെ ഭാഗമാണ് കേരളം. അതേസമയം, ഇന്ത്യൻ റെയിൽവേക്ക് 21,000ത്തിന് മുകളിൽ ട്രെയിനുകളുണ്ട് (13,000 യാത്രാവണ്ടികളും 8000 ചരക്കുഗതാഗത വണ്ടികളും). 14 ലക്ഷം ഇന്ത്യക്കാർ ജോലിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് ഇന്ത്യൻ റെയിൽവേ; ലോകത്തെ പതിമൂന്നാമത്തെയും. എന്നിട്ടും ആകെപ്പാടെ ഒരു അതിവേഗ പദ്ധതി മാത്രമാണ് ഇന്ത്യൻ റെയിൽവേയുടേതായിട്ട് ഇപ്പോൾ നിലവിലുള്ളൂ. 2014ൽ പണിയാരംഭിച്ച അതിന്റെ പൂർത്തീകരണം 2026 ലാണെന്ന് കൂടി ഓർക്കുക.
രാഷ്ട്രീയക്കാരുടെ നവലിബറൽ സ്വപ്നങ്ങൾക്ക് ചിറകുമുളക്കുന്നതാണ് ഇത്തരം പദ്ധതികൾക്ക് നിദാനം. കൂടുതൽ അധികാരം കേന്ദ്രീകരിക്കപ്പെടുമ്പോൾ കോർപറേറ്റുകൾക്ക് വിധേയമാകുകയെന്നത് രാഷ്ട്രീയത്തിന്റെ നൈസർഗികാപജയമാണ്. ബംഗാളിലെ സിങ്കൂരും നന്ദിഗ്രാമും അത്തരം ദുരന്ത കഥകൾ നമ്മോട് പറയുന്നുണ്ട്. കൂടിയ അധികാരവും നവലിബറൽ വികസന സ്വപ്നങ്ങളും ഫാസിസവും ഒരേ തൂവൽ പക്ഷികളാണ്. ഇവ ഒന്നിച്ച് പറക്കുമ്പോൾ 'വികസനം ആർക്ക്' എന്ന ചോദ്യമേ ഉദിക്കുന്നില്ല. പ്രത്യാഘാതം ഗുരുതരമായിരിക്കുമെങ്കിലും തിരിച്ചറിയാൻ അൽപം വൈകുമെന്നതാണ് വസ്തുത.
മുംബൈ-അഹ്മദാബാദ് അതിവേഗ ട്രെയിൻ പദ്ധതിയുടെ കാര്യം എടുക്കുക. രണ്ട് പ്രധാന സംസ്ഥാനങ്ങളിലായിട്ടാണ് പദ്ധതി വരുന്നത്. എന്നാൽ ഈ സംസ്ഥാനങ്ങളുടെ നിയമസഭകളിൽപോലും ഇത് സംബന്ധിച്ച് ചർച്ച ചെയ്യുകയോ അനുമതി വാങ്ങുകയോ ഉണ്ടായിട്ടില്ല. മോദിയുടെ വ്യക്തിപ്രഭാവവും ലോക പ്രശസ്തിയുമായിരുന്നു ഒന്നാമതായി പരിഗണിക്കപ്പെട്ടത്. അതിവേഗ പാതകളുള്ള ചുരുക്കം രാജ്യങ്ങളേ ലോകത്തുള്ളൂ. അതിൽ ഇന്ത്യ ഉൾപ്പെടുകയെന്നത് നിസ്തർക്കം ഒരഭിമാന നേട്ടമാണല്ലോ, വിശേഷിച്ചും ചൈനയെന്ന ശത്രുരാജ്യം അതിവേഗ ഗതാഗതത്തിൽ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ. ചുരുക്കത്തിൽ, മോദി എങ്ങനെയാണോ തന്റെ ഇമേജിനെ ഉയർത്താൻ അതിവേഗ റെയിലിനെ ഉപയോഗിക്കുന്നത്, കേരളത്തിൽ പിണറായി വിജയനും ഇതേ തത്വം തന്നെയാണ് സിൽവർലൈനിന്റെ കാര്യത്തിലും പുലർത്തുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഈ പദ്ധതി ഉൾപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് നടപ്പാക്കാൻ ഇതൊരു ന്യായമായി ഉന്നയിക്കപ്പെടുന്നുമുണ്ട്. 'ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ' എന്ന വിഭാഗത്തിൽ 31ാം ഇനമായി 636ാം നമ്പറായി കടന്നുവരുന്ന സിൽവർലൈനിനെക്കുറിച്ച് പ്രകടനപത്രികയിൽ എന്താണ് പറയുന്നതെന്ന് നോക്കാം: '60,000 കോടി രൂപയുടെ സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി കേരള റെയിൽ ഡെവലപ്പുമെന്റ് കോർപറേഷൻ എന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭം വഴിയാണ് നടപ്പാക്കുന്നത്. പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിക്കും'. ഇത്രമാത്രമാണ് അതിലുള്ളത്. എന്നുവച്ചാൽ പ്രകടനപത്രികയിൽ 2021-26 കാലയളവിൽ സിൽവർലൈൻ പദ്ധതി പൂർത്തീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നില്ല. 2016ലെ പ്രകടനപത്രികയിലാവട്ടെ അതിവേഗ റെയിലിനെ പരാമർശിക്കുന്നുപോലുമില്ല. ഇതാണ് വസ്തുതയെന്നിരിക്കെ ഭീമൻ പദ്ധതി എന്തിന് തിടുക്കപ്പെട്ട് ചെയ്യുന്നു എന്നതിന് മതിയായ മറുപടിയില്ല. വികസനം അടിച്ചേൽപിക്കേണ്ടതല്ല. അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതും ഉചിത പഠനം നടത്തിയശേഷം മാത്രം നടപ്പാക്കേണ്ടതുമാണ്.
ഇനി, ഒന്നാം പിണറായി സർക്കാരിൻ്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെക്കുറിച്ച് ആലോചിക്കുക. അവയ്ക്ക് എന്തു സംഭവിച്ചുവെന്ന് പരിശോധിക്കുക. എന്നിട്ട് സിൽവർലൈനിന് എന്ത് സംഭവിക്കുമെന്ന് പര്യാലോചിക്കുക. ഇത് നല്ല സമീപനമാകും. അതിവേഗ റെയിൽ അത്യാവശ്യമുള്ളൊരു വിഭാഗമായി കണക്കാക്കുന്നത് ടൂറിസ്റ്റുകളെയാണ്. 2016ലെ എൽ.ഡി.എഫ് വാഗ്ദാനമായിരുന്നു വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നത്. 2015ൽ കേരളത്തിൽ വന്നത് 12 ലക്ഷം വിദേശികളാണ്. തുടർന്നുള്ള വർഷങ്ങളിലും ഇതേ എണ്ണം തന്നെ. 2021ലാവട്ടെ (കൊവിഡ് കാലം) 3.4 ലക്ഷം. ഇരട്ടി പോയിട്ട് തൽസ്ഥിതി നിലനിർത്താൻ പോലുമായില്ല. അതുപോലെ, കൂടുതൽ വിദേശികൾ സന്ദർശകരായി വരുന്ന രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവിസുകൾ ഏർപ്പെടുത്തുമെന്ന വാഗ്ദാനം ഒരു ശതമാനം പോലും പാലിക്കപ്പെട്ടില്ല. പശ്ചിമേഷ്യയിലേയും യൂറോപ്പിലെയും തുറമുഖങ്ങളുമായി കേരളം സ്‌പൈസസ് റൂട്ട് ആരംഭിക്കുമെന്നതും പൊയ്‌വാക്കുമാത്രമായി.
നടപ്പാക്കാൻ പറ്റുമായിരുന്ന റെയിൽവേ വാഗ്ദാനങ്ങളുടെ സ്ഥിതിയും മറിച്ചല്ല. ചെങ്ങന്നൂർ-പിറവം, ഹരിപ്പാട്-എറണാകുളം, തിരുവനന്തപുരം-നാഗർകോവിൽ എന്നീ ലൈനുകളുടെ പാതയിരട്ടിപ്പിക്കുമെന്നാണ് പ്രകടനപത്രികയിലുണ്ടായിരുന്നത്. ഒന്നുപോലും സംഭവിച്ചില്ല. ഷൊർണൂർ-മംഗളൂരു ലൈൻ വൈദ്യുതീകരിക്കും എന്നുമുണ്ട്, ആ ബുക്കിൽ! 228, 229 നമ്പറുകളിലാണ് മേൽപറയപ്പെട്ട വാഗ്ദാനങ്ങളെങ്കിൽ 230ൽ അതിവേഗ പാതയെക്കുറിച്ചാണ് വാഗ്ദാനം. അത് സിൽവർലൈനല്ലെന്ന് മാത്രം. കേരളത്തിന്റെ മുഖ്യ റെയിൽപാതയായ തിരുവനന്തപുരം-മംഗളൂരു നാലു വരിയാക്കുകയും അതിലൂടെ അതിവേഗ റെയിൽ നടപ്പിലാക്കുമെന്നുമാണത്.231ാം വാഗ്ദാനം നിലമ്പൂർ-നഞ്ചങ്കോട്, തലശ്ശേരി-മൈസൂരു, ഗുരുവായൂർ-തിരുന്നാവായ, ശബരി എന്നീ പുതിയ പാതകളാണ്.എരുമേലിയേയും പുനലൂർ-ചെങ്കോട്ട പാതയെയും തമ്മിൽ ബന്ധിപ്പിക്കുമെന്നും അതിൽ പറയുന്നു.
ഇതൊക്കെയും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ മാത്രമാണ്. അപ്പോൾ, സാധ്യമാക്കാമായിരുന്ന ഇത്തരം വാഗ്ദാനങ്ങൾ മറന്നിട്ട് സിൽവർലൈനെന്ന ഭീമൻ പദ്ധതിയിലേക്ക് പോകുന്നത് ജനവഞ്ചന കൂടിയാണല്ലോ? മുകളിൽ സൂചിപ്പിച്ച പദ്ധതികളാവട്ടെ പതിറ്റാണ്ടുകളായി കേരളം ആവശ്യപ്പെടുന്നതും ന്യായവും സാമ്പത്തികമായി സിൽവർലൈനിന്റെ പത്തിലൊന്നുപോലും ചെലവ് വരാത്തതും കേന്ദ്രത്തിന്റെ ബാധ്യതയിൽ പെട്ടതുമാണ്.
ഇതിൽ 8000 കോടിയുടെ തലശ്ശേരി-മൈസൂരു പദ്ധതിക്ക് ഡി.പി.ആർ തയാറാക്കാൻ 100 കോടി രൂപ വകയിരുത്തുകയും പഠനം നടത്താൻ സിസ്ട്രയോട് ആവശ്യപ്പെട്ടിരുന്നതുമാണ്.പത്തുവർഷംകൊണ്ട് പണിപൂർത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്ന ഈ പാത വന്നാൽ മലബാറിന്റെ മുഖച്ഛായ മാറും. ഇന്ന് ദുരിത യാത്രയാണ് മലബാറിൽനിന്ന് ബംഗളൂരുവിലേക്ക്. ആകെയുള്ളത്, യശ്വന്തപുരത്തേക്ക് മൂന്ന് ട്രെയിനുകൾ. 207 കിലോമീറ്റർ സഞ്ചരിച്ച് മൂന്നോ നാലോ മണിക്കൂർ കൊണ്ട് ബംഗളൂരുവിലെത്തേണ്ടിടത്ത് 15 മണിക്കൂറാണ് ഇന്ന് ഷൊർണൂർ വഴി പോകുന്നയാൾ ചെലവിടേണ്ടത്. പത്ത് ലക്ഷത്തിലധികം മലയാളികൾ ബംഗളൂരുവിൽ ജോലിയും കച്ചവടവും കുടുംബവുമായും ജീവിക്കുന്നുണ്ട്. അവർക്കും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും ഈ പാത ഏറെ പ്രയോജനം ചെയ്യും.
കേരളം രൂപീകരിച്ചിട്ട് 66 വർഷമായി. പുതിയ പാതകൾ, പാതയിരട്ടിപ്പിക്കൽ, പുതിയ ട്രെയിനുകൾ എന്നിങ്ങനെ തെക്കൻ കേരളത്തിൽ ഒരുപാട് വളർച്ച ഈ കാലയളവിലുണ്ടായി. മലബാർ പാടെ അവഗണിക്കപ്പെട്ടു.നിലമ്പൂർ-നഞ്ചങ്കോട് പാതയും അതീവ പ്രാധാന്യമുള്ളതാണ്. എന്നാൽ തലശ്ശേരി പാതക്കുവേണ്ടി ഇതിനെ തഴയുന്നുവെന്ന വാർത്തകൾ കഴിഞ്ഞവർഷങ്ങളിൽ കേട്ടിരുന്നു. രണ്ട് പാതകളും യാഥാർഥ്യമാക്കി കേരളത്തിന്റെ സാമൂഹിക-പ്രാദേശിക അസമത്വവും യാത്രാക്ലേശവും പരിഹരിക്കാൻ കെ റെയിലും സർക്കാരും മുന്നിട്ടിറങ്ങേണ്ടതണ്ട് അത്യന്താപേക്ഷിതമാണ്. പിണറായി വിജയൻ (മുഖ്യമന്ത്രി), കോടിയേരി ബാലകൃഷ്ണൻ (പാർട്ടി സെക്രട്ടറി), ഇ.പി ജയരാജൻ (എൽ.ഡി.എഫ് കൺവീനർ), പി. ശശി (മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി) എല്ലാവരും കണ്ണൂർകാരാണ്. അധികാരം പൂർണ്ണാർഥത്തിൽ ഉള്ളം കൈയിലുണ്ട്. മതിഭ്രമങ്ങളിൽകുടുങ്ങിപ്പോകാതെ തലശ്ശേരി-മൈസൂരു പാതയും നിലമ്പൂർ-നഞ്ചങ്കോട് പാതയും അഭിമാന പദ്ധതികളായി ഏറ്റെടുത്തത് പ്രാപ്യമാക്കിയിരുന്നെങ്കിൽ എന്നാശിക്കുകയാണ്. അതുവരെ സിൽവർലൈൻ ഫ്രീസറിൽ വിശ്രമിക്കട്ടെ. വൈകിവന്ന വണ്ടിയാണല്ലോ സിൽവർലൈൻ. അതിനെ പരിഗണിക്കാൻ സമയമേറെയുണ്ട്. ദുരഭിമാനം വെടിഞ്ഞുകൊണ്ട് ആഴത്തിലുള്ള പഠനങ്ങൾ നടക്കട്ടെ. ഓരോ മലയാളിക്കും ബോധ്യമാകുമാറ് ആ വെള്ളിരേഖ തെളിമയാർന്ന് വരും വരെയെങ്കിലും കാത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."