ഗൾഫ് രാഷ്ട്രങ്ങളിലെ സ്മാർട്ട് സിറ്റികളിൽ മക്ക അഞ്ചാം സ്ഥാനത്ത്
റിയാദ്: ഗൾഫ് രാഷ്ട്രങ്ങളിലെ സ്മാർട്ട് സിറ്റികളിൽ മക്ക അഞ്ചാം സ്ഥാനത്തും, സൗദിയിലെ സ്‌മാർട്ട് സിറ്റികളിൽ മക്കക്ക് രണ്ടാം സ്‌ഥാനവും. സഊദി സിറ്റികളിൽ റിയാദാണ് ഒന്നാം സ്ഥാനത്ത്. ലോകത്തെ സ്മാർട്ട് സിറ്റികളിൽ മക്കയ്ക്ക് 52-ാം സ്ഥാനവുമുണ്ട്. ഇന്റർനാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻ്റ് ഡെവലപ്മെന്റ് (ഐ.എം.ഡി) പുറത്തിറക്കിയ സൂചികയിലാണ് ഇകാര്യങ്ങൾ വ്യക്തമാക്കിയത്.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയും മക്ക റോയൽ കമ്മീഷൻ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർലോഭ പിന്തുണയുടെയും മുഴുവൻ വകുപ്പുകളും നടത്തുന്ന പരിശ്രമങ്ങളുടെയും ഫലമായാണ് ലോക സ്മാർട്ട് സിറ്റി പട്ടികയിൽ മുൻനിര സ്ഥാനം കൈവരിക്കാൻ മക്കയ്ക്ക് സാധിച്ചതെന്ന് മക്ക റോയൽ കമ്മീഷൻ സി.ഇ.ഒ എൻജിനീയർ സ്വാലിഹ് അൽറശീദ് പറഞ്ഞു. മക്ക നിവാസികളുടെയും സന്ദർശകരുടെയും തീർഥാടകരുടെയും ജീവിത നിലവാരം ഉയർത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും പ്രതിഫലിക്കുന്ന നിലക്ക് ആഗോള തലത്തിൽ ആധുനികവും നൂതനവുമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള മക്കയുടെ സുസജ്‌ജതയാണ് ഇത്.
നിക്ഷേപത്തിനും അവസരങ്ങൾ സൃഷ്‌ടിക്കാനുമുള്ള ആകർഷകമായ അന്തരീക്ഷമാക്കി ഇത് പുണ്യനഗരിയെ മാറ്റുന്നു. മക്കയിൽ നൽകുന്ന സേവനങ്ങൾ സുസ്‌ഥിര നഗര അന്തരീക്ഷം സൃഷ്ടിക്കാനും സേവന നിലവാരം ഉയർത്താനും സാമൂഹിക പങ്കാളിത്തം വർധിപ്പിക്കാനും മക്കയിൽ ലഭ്യമായ വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാനും സഹായിച്ചിട്ടുണ്ട്. ഐ.എം.ഡി പുറത്തുവിട്ട ലോക സ്മാർട്ട് സിറ്റി പട്ടികയിൽ റിയാദ് ഗൾഫ് രാഷ്ട്രങ്ങളിലെ സ്മാർട്ട് സിറ്റികളിൽ മൂന്നാം സ്‌ഥാനത്തും ലോക തലത്തിൽ 25-ാം സ്‌ഥാനത്തും ജിദ്ദ ഗൾഫ് രാഷ്ട്രങ്ങളിലെ സ്മാർട്ട് സിറ്റികളിൽ ആറാം സ്‌ഥാനത്തും ആഗോള തലത്തിൽ 55-ാം സ്‌ഥാനത്തും മദീന ഗൾഫ് രാഷ്ട്രങ്ങളിലെ സ്മാർട്ട് സിറ്റികളിൽ ഏഴാം സ്‌ഥാനത്തും ആഗോള തലത്തിൽ 74-ാം സ്ഥാനത്തും അൽകോബാർ ആഗോള തലത്തിൽ 99-ാം സ്‌ഥാനത്തുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."