മൊഫിയ പർവീണിന്റെ ആത്മഹത്യ ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്
കൊച്ചി
നിയമ വിദ്യാർഥിനി മൊഫിയ പർവീണിൻ്റെ ആത്മഹത്യയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹരജി നൽകും. നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന സി.ഐ സി.എൽ സുധീറിനെ തിരിച്ചെടുത്തത് തെറ്റായ നടപടിയാണെന്നും പിതാവ് ദിൽഷാദ് പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകും. മുഖ്യമന്ത്രി അമേരിക്കയിൽനിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം നേരിൽ കാണാനാണ് തീരുമാനം.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ കത്ത് നൽകിയിരുന്നു. ആത്മഹത്യാ കുറിപ്പിൽ പരാമർശം ഉണ്ടായിട്ടുപോലും സി.ഐ സുധീറിനെ കുറ്റപത്രത്തിൽ ഉൾപ്പെടുത്താതിരുന്നത് പൊലിസിൻ്റെ വീഴ്ചയാണെന്നും പിതാവ് ദിൽഷാദ് പറഞ്ഞു.
കേസിലെ ഒന്നാംപ്രതി മുഹമ്മദ് സുഹൈലിന് തീവ്രവാദ ബന്ധമുണ്ട്. ഇയാളുടെ സഹോദരൻ മുഹമ്മദ് സയ്യിദ്, സഹോദരീ ഭർത്താവ് അനസ് എന്നിവർക്ക് സംഭവത്തിൽ നേരിട്ട് പങ്കുണ്ടായിട്ടുപോലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ മൊഫിയ പർവീണിനെ 2021 നവംബർ 22നാണ് സ്വവസതിയിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ ആലുവ സി.ഐ സി.എൽ സുധീർ മോശമായി പെരുമാറിയെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. തുടർന്നാണ് സി.ഐയെ സസ്പെൻഡ് ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം സുധീറിനെ ജോലിയിൽ തിരിച്ചെടുത്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."