'ഏഴാം ക്ലാസ് മുതലുള്ള കുട്ടികള്‍ ശ്വസിക്കാറില്ലേ?' ; കൊച്ചിയിലെ സ്കൂള്‍ അവധിയെ ചൊല്ലി കളക്ടറുടെ പേജില്‍ പൊങ്കാല
കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ തീപിടിത്തം ഉണ്ടായതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതില്‍ ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജില്‍ വിമര്‍ശനങ്ങള്‍. തീപിടിത്തത്തെ തുടര്‍ന്ന് വിഷപ്പുക വന്‍തോതില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ നടപടിയായി എറണാകുളം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് നിരവധി പേര് കളക്ടറുടെ പേജില്‍ വിമര്‍ശനമുന്നയിക്കുന്നത്.
പുകയില്‍ മുങ്ങി ശ്വാസം മുട്ടുന്ന കൊച്ചിയിലെ 7 പ്രദേശങ്ങളിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്ബലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് എന്നീ പ്രദേശങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവധിയെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഴാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പുക ബാധകമല്ലേ എന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്.
അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും 06-03-2023 (തിങ്കള്‍) അവധിയായിരിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."